Vaginal yeast infection: യോനിയിൽ യീസ്റ്റ് അണുബാധയുണ്ടാകുന്നത് എന്തുകൊണ്ട്?

യോനീമുഖത്തെ ചർമ്മത്തിൽ തീവ്രമായ ചൊറിച്ചിൽ, ഡിസ്ചാർജ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു ഫംഗസ് അണുബാധയാണ് യോനിയിലെ യീസ്റ്റ് അണുബാധ.

75 ശതമാനം സ്ത്രീകളിലും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ യോനിയിലെ യീസ്റ്റ് അണുബാധ ഉണ്ടാകാറുണ്ട്. വജൈനൽ കാൻഡിഡിയസിസ് എന്നും വിളിക്കപ്പെടുന്ന ഈ അണുബാധ കുറഞ്ഞത് രണ്ട് തവണയെങ്കിലും വരാം.

യോനിയിലെ യീസ്റ്റ് അണുബാധ ലൈംഗികമായി പകരുന്ന അണുബാധയല്ല. പക്ഷേ, ലൈംഗിക ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ യോനിയിൽ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

യോനിയിലെ യീസ്റ്റ് അണുബാധയെ ഫലപ്രദമായി ചികിത്സിക്കാൻ മരുന്നുകൾക്ക് കഴിയും. ഒരു വർഷത്തിനുള്ളിൽ നാലോ അതിലധികമോ തവണ യീസ്റ്റ് അണുബാധ ഉണ്ടായാൽ തീർച്ചയായും ചികിത്സിക്കേണ്ടതുണ്ട്.

അണുബാധയുടെ ലക്ഷണങ്ങൾ

വളരെച്ചെറിയ ലക്ഷണങ്ങൾ മുതൽ കഠിനമായ അസ്വസ്ഥത ഉണ്ടാക്കാൻ വരെ യീസ്റ്റ് അണുബാധക്ക് കഴിയും.

  • യോനിയിലും യോനീമുഖത്തും ചൊറിച്ചിലും അസ്വസ്ഥതയും
  • മൂത്രമൊഴിക്കുമ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും വേദന
  • യോനീമുഖത്ത് തടിപ്പും ചുവപ്പും
  • കട്ടിയുള്ളതും വെളുത്തതും ദുർഗന്ധമില്ലാത്തതുമായ ഡിസ്ചാർജ്
  • യോനിയിൽ നിന്ന് വെള്ളമുള്ള ഡിസ്ചാർജ്

സങ്കീർണ്ണമായ യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങൾ

  • വ്രണമാകാൻ സാധ്യതയുള്ള വീക്കം, ചൊറിച്ചിൽ
  • വർഷത്തിൽ നിങ്ങൾക്ക് നാലോ അതിലധികമോ തവണ യീസ്റ്റ് അണുബാധ വരുന്നത്

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

ചില സാഹചര്യങ്ങളിൽ യീസ്റ്റ് അണുബാധ ഉണ്ടായാൽ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതമായ നടപടി.

  • ആദ്യമായാണ് നിങ്ങൾക്ക് യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങൾ കാണുന്നത്
  • യോനിയിലെ അണുബാധ യീസ്റ്റ് അണുബാധയാണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല
  • ആന്റിഫംഗൽ യോനി ക്രീമുകളോ സപ്പോസിറ്ററികളോ ഉപയോഗിച്ച് ചികിത്സിച്ചതിന് ശേഷവും നിങ്ങളുടെ ലക്ഷണങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ല
  • മറ്റ് ലക്ഷണങ്ങൾ രൂപപ്പെടുന്നു

അണുബാധയുടെ കാരണങ്ങൾ

കാൻഡിഡ ആൽബിക്കൻസ് എന്ന ഫംഗസാണ് മിക്ക യീസ്റ്റ് അണുബാധകൾക്കും കാരണം.

കാൻഡിഡയും ബാക്ടീരിയയും ഉൾപ്പെടെയുള്ള യീസ്റ്റിന്റെ സാന്നിധ്യം സ്വാഭാവികമായും യോനിയിൽ ഉണ്ടാകും. ചില ബാക്ടീരിയകൾ (ലാക്ടോബാസിലസ്) യീസ്റ്റ് അമിതമായി വളരുന്നത് തടയുന്നു.

എന്നാൽ ആ സന്തുലിതാവസ്ഥ തകരാറിലായേക്കാം. കാൻഡിഡയുടെ അമിതവളർച്ചയോ യോനിയിലെ പാളികളിലേക്ക് ഫംഗസ് ആഴത്തിൽ തുളച്ചുകയറുകയോ ചെയ്യുന്നത് യീസ്റ്റ് അണുബാധക്ക് കാരണമാകുന്നു.

യീസ്റ്റിന്റെ അമിതവളർച്ച ഇനിപ്പറയുന്ന കാരണങ്ങളാൽ സംഭവിക്കാം:

  • ആൻറിബയോട്ടിക് ഉപയോഗം
  • ഗർഭധാരണം
  • അനിയന്ത്രിതമായ പ്രമേഹം
  • ദുർബലമായ രോഗപ്രതിരോധ സംവിധാനം
  • ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുന്ന ഗർഭനിരോധന മരുന്നുകൾ കഴിക്കുന്നതും ഹോർമോൺ തെറാപ്പിയും

യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ ഫംഗസാണ് ക്യാൻഡിഡ ആൽബിക്കൻസ്.

യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ

  • ആൻറിബയോട്ടിക് ഉപയോഗം: ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന സ്ത്രീകളിൽ യീസ്റ്റ് അണുബാധ സാധാരണമാണ്. ബ്രോഡ്-സ്പെക്ട്രം ആൻറിബയോട്ടിക്കുകൾ യോനിയിലെ ആരോഗ്യകരമായ ബാക്ടീരിയകളെയും നശിപ്പിക്കുന്നു, ഇത് യീസ്റ്റ് അമിതമായി വളരുന്നതിന് കാരണമാകുന്നു.
  • ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുന്നത്: ഉയർന്ന ഈസ്ട്രജന്റെ അളവ് ഉള്ള സ്ത്രീകളിൽ യീസ്റ്റ് അണുബാധ കൂടുതലായി കാണപ്പെടുന്നു – ഗർഭിണികളിലും ഉയർന്ന ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിലും ഈസ്ട്രജൻ ഹോർമോൺ തെറാപ്പി ചെയ്യുന്ന സ്ത്രീകളിലും യീസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  • അനിയന്ത്രിതമായ പ്രമേഹം: പ്രമേഹമുള്ള സ്ത്രീകൾക്ക് മറ്റുള്ളവരെക്കാൾ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
  • രോഗപ്രതിരോധ ശേഷി ഇല്ലാത്തത്: എച്ച്ഐവി അണുബാധയുള്ള സ്ത്രീകളിലും രോഗപ്രതിരോധശേഷി കുറവുള്ള സ്ത്രീകളിലും യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ പ്രതിരോധിക്കാം?

യോനിയിലെ യീസ്റ്റിന്റെ വളർച്ച തടയുന്ന ബാക്റ്റീരിയകൾ നശിക്കുന്നതാണ് പ്രധാനമായും യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള കാരണം എന്ന് പറഞ്ഞല്ലോ. ഈ ബാക്റ്റീരിയകൾ നശിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കിയാൽ യീസ്റ്റ് അണുബാധയെ നിയന്ത്രിക്കാൻ സാധിക്കും.

  • യോനിയിൽ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ അടിവസ്ത്രത്തിനും പ്രധാന പങ്കുണ്ട്. അധികം ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കരുത്. അതുപോലെ, കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കാനും ശ്രമിക്കുക.
  • ജലദോഷം പോലുള്ള ചെറിയ അസുഖങ്ങൾക്ക് ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കുക.
  • സുഗന്ധമുള്ള പാഡുകളും ടാംപണുകളും ഉപയോഗിക്കരുത്.
  • നല്ല ചൂടുള്ള വെള്ളത്തിൽ കുളിക്കരുത്.
  • നീന്തൽ വസ്ത്രങ്ങൾ, വർക്ക്ഔട്ട് വസ്ത്രങ്ങൾ എന്നിവ നനഞ്ഞ ശേഷം കൂടുതൽ നേരം ധരിക്കരുത്.

Also Read: മൂത്രത്തിലെ അണുബാധയെ വീട്ടിൽവെച്ച് തന്നെ ചെറുക്കാൻ 5 വഴികൾ