മദ്യവും സിഗരറ്റും പോലെ തന്നെ ആസക്തിയുണ്ടാക്കുന്നതാണ് പുകയിലയും പാൻ മസാല ഉൽപന്നങ്ങളും. പാൻമസാലകൾ ആരോഗ്യത്തിന് ഹാനികരമാണ്. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ പലരും ഇത് ഉപയോഗിക്കുന്നു. പാൻ മസാല ഉൽപന്നങ്ങളിൽ ഹാനികരമായ അളവിൽ പുകയില അടങ്ങിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം മനസിലാക്കാതെ തന്നെയാണ് അവയുടെ ഉപയോഗം. തുടർച്ചയായി ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് വായിലെ ക്യാൻസറിന് കാരണമാകും.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ലഹരിപദാർത്ഥങ്ങളിൽ ഒന്നാണ് പാൻ മസാല. ഇത് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ ആസക്തിക്ക് അടിമപ്പെട്ടവർ വലിയ അളവിൽ ദിവസവും നിരവധി തവണ പാൻ മസാല ഉൽപന്നങ്ങൾ ഉപയോഗിച്ചുവരുന്നു. പതിവായി പാൻ മസാല ഉപയോഗിച്ചാൽ വായിൽ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.
പാൻ മസാലയെക്കുറിച്ച് ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ ചില ശ്രദ്ധേയമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പാൻമസാലയിൽ ശരീരത്തിന് അപകടകരമായ നിരവധി വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പാൻ മസാല സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഗുരുതരവും വ്യത്യസ്തവുമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. ചിലരിൽ തലകറക്കം, തരിപ്പ് എന്നിവ അനുഭവപ്പെടും. മറ്റ് ചിലരിൽ അമിതമായ വിയർപ്പ്, ഛർദി എന്നിവയും ഉണ്ടാകും.
പാൻമസാല സ്ഥിരമായി ഉപയോഗിക്കുന്നതോടെ മുഖത്തെ ഭാവഭേദങ്ങൾ ഇല്ലാതായി മാറുകയും ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണുകൾ, കറപിടിച്ച പല്ലുകൾ, ക്ഷീണിച്ച കവിൾ, എപ്പോഴും അസ്വസ്ഥത, ഇടയ്ക്കിടെ തുപ്പുന്ന ശീലം എന്നിവയും കണ്ടുവരുന്നു.
പാൻമസാലയിൽ അടങ്ങിയിട്ടുള്ള ചേരുവകളിൽ പലതും ക്യാൻസറിന് കാരണമാകുന്നവയാണ്. പാൻമസാല ഉപയോഗിക്കുന്നവരിൽ ക്യാൻസർ വരാനുള്ള സാധ്യത 400 ഇരട്ടിയിലേറെയാണ്.
ആദ്യം പറഞ്ഞതുപോലെ മദ്യവും മയക്കുമരുന്നും പോലെ ആസക്തിയുണ്ടാക്കുന്ന ഒന്നാണ് പാൻമസാലയുടെ ഉപയോഗം. ഇത് ശീലമാക്കിയവർക്ക് അത്ര പെട്ടെന്നൊന്നും നിർത്താനാകില്ല. പാൻമസാല ശീലം നിർത്തുന്നതിനായി ഫലപ്രദമായ ഒരു മരുന്നും വൈദ്യശാസ്ത്രത്തിൽ നിലവിലില്ല. ഈ ശീലം ഒരുകാരണവശാലും തുടങ്ങാതിരിക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പാൻമസാലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിലും മറ്റ് ജനവിഭാഗങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിക്കുകയും വേണം.
എന്തൊക്കെയാണ് പാൻ മസാല ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങൾ?
- ഓറൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിക്കുന്നു:
പാൻ മസാല ഉപഭോഗത്തിന്റെ ഏറ്റവും ഭയാനകമായ പാർശ്വഫലം വായിലെ ക്യാൻസറാണ്. പാൻ മസാലയുടെ പതിവ് ഉപയോഗം വായ, നാവ്, തൊണ്ട തുടങ്ങിയ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു.
- ആസക്തിയും വിഡ്രോവൽ ലക്ഷണങ്ങളും:
പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന പദാർത്ഥം പാൻ മസാലയിലും അടങ്ങിയിട്ടുണ്ട്. സ്ഥിരമായ ഉപഭോഗം നിക്കോട്ടിൻ ആസക്തിയിലേക്ക് നയിക്കും. പാൻ മസാല ഉപയോഗിക്കുന്നവർക്ക് പിന്നീട് ഇത് ഉപേക്ഷിക്കാൻ കഴിയാതെ വരുന്നു. ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ക്ഷോഭം, ഉത്കണ്ഠ തുടങ്ങിയ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.
- ദഹനസംബന്ധമായ പ്രശ്നങ്ങൾ:
പാൻ മസാലയിലെ ചേരുവകൾ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, ദഹനനാളത്തിന്റെ പ്രകോപനം തുടങ്ങിയ പ്രശ്നങ്ങൾ പാൻ ഉപയോഗിക്കുന്നവർക്ക് അനുഭവപ്പെടാം. നീണ്ടുനിൽക്കുന്ന ഉപയോഗം പെപ്റ്റിക് അൾസർ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
- ഹൃദയാരോഗ്യത്തിന് ഹാനികരം:
പാൻ മസാലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. കാലക്രമേണ, ഇത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഹൃദ്രോഗമുള്ളവരും രോഗസാധ്യതയുള്ളവരും പാൻ മസാല ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.