ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ഇന്ന് ലോകവ്യാപകമായി കണ്ടുവരുന്ന ഏറ്റവും അപകടകരവും ഭയാനകവുമായ അസുഖമാണ് ക്യാൻസർ. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ ക്യാൻസർ മരണത്തിന് ഇടയാക്കും. ജീവിതശൈലിയിലെ മാറ്റം, പ്രായാധിക്യം, ഭക്ഷണക്രമം, വ്യായാമക്കുറവ്, മലിനീകരണ തോത് എന്നിവയൊക്കെ ക്യാൻസറിന് ഇടയാക്കുന്ന ഘടകങ്ങളാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2020-ൽ ഏകദേശം ഒരു കോടിയിലേറെ ആളുകൾ വിവിധ തരത്തിലുള്ള അർബുദങ്ങളാൽ മരിച്ചു. ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും. അത്തരത്തിൽ ജീവിതത്തിൽ ശീലമാക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

  1. വ്യായാമം ചെയ്യുക

ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നതാണ് ക്യാൻസർ പോലെയുള്ള പല അനാരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നത്. ഏറെ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ അപകടസാധ്യത കൂടുതലായിരിക്കും. കുടൽ, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയെ ചെറുക്കാൻ ശാരീരികപ്രവർത്തനങ്ങൾ സഹായിക്കും. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, പൂന്തോട്ടപരിപാലനം, നൃത്തം, വീട്ടുജോലികൾ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഇത് അമിതവണ്ണം കുറയ്ക്കാനും ക്യാൻസർ, ഹൃദ്രോഗം പോലെയുള്ള മാരകരോഗങ്ങളെ ചെറുക്കാനും സഹായിക്കും.

  1. പുകവലി ഒഴിവാക്കാം

പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും പുകവലിയും ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമേരിക്കൻ ലംഗ് അസോസിയേഷന്റെ അഭിപ്രായത്തിൽ, സിഗരറ്റിൽ ആരോഗ്യത്തിന് ഹാനികരമായ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റ് കത്തിക്കുമ്പോൾ 7,000-ത്തിലധികം രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. അവയിൽ മിക്കതും വിഷലിപ്തവും അർബുദത്തിന് കാരണമാകുന്നതുമാണ്. പുകവലി ശരീരത്തിലുടനീളം വീക്കം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

  1. മദ്യപാനം പരിമിതപ്പെടുത്തുക(ഉപേക്ഷിക്കുന്നതാണ് നല്ലത്)

മദ്യം കഴിക്കുന്നത് ആറ് വ്യത്യസ്ത തരം ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വളരെ ചെറിയ അളവിൽ മദ്യപിച്ചാൽ പോലും സ്തന, വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. മദ്യപാനം നിയന്ത്രിക്കുകയല്ല, ഉപേക്ഷിക്കുകയാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം.

  1. ശീതളപാനീയങ്ങൾ അപകടകരം

മധുരമേറിയതും കാർബണേറ്റഡുമായ ശീതള പാനീയങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. കുടൽ, ആമാശയം എന്നിവിടങ്ങളിലെ ക്യാൻസറാണ് ഇതുമൂലം ഉണ്ടാകാനിടയുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ശീതളപാനീയങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന കാർസിനോജനുകളോ സംയുക്തങ്ങളോ അടങ്ങിയിട്ടുണ്ട്. ഇത്തരം മധുരമേറിയതും കാർബണേറ്റഡുമായ പാനീയങ്ങൾ ഉപേക്ഷിക്കുന്നത് ആയുർദൈർഘ്യം ഏകദേശം പത്ത് വർഷം വർദ്ധിപ്പിക്കും.

  1. സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിൽ അർബുദമുണ്ടാക്കാൻ ഇടയാകുന്നു. അതുകൊണ്ടുതന്നെ അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ. ചർമ്മത്തിലെ അസാധാരണമായ മറുകുകളോ മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിദഗ്ദർ ഡോക്ടറെ കാണിച്ച് ചികിത്സ തേടുക. സൺസ്ക്രീമുകളുടെ ഉപയോഗം ചർമ്മ സംരക്ഷണത്തിൽ ഏറെ പ്രധാനമാണ്. പതിവ് പരിശോധനകൾ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ എന്നിവ ക്യാൻസർ സാധ്യത നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.

Also Read: ഉറക്കത്തിനിടെ അമിതമായി വിയർക്കുന്നത് ചില ക്യാൻസറുകളുടെ ലക്ഷണമാകാം

നിരാകരണം: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുകയോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെയോ ഡയറ്റീഷ്യനെയോ സന്ദർശിച്ച് ഉപദേശങ്ങളും നിർദേശങ്ങളും തേടുക.