ഒരു മാസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനുണ്ടാകുന്ന 5 മാറ്റങ്ങൾ

ന്യൂ ഈയർ റെസൊല്യൂഷനിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് മദ്യപാനവുമായി ബന്ധപ്പെട്ടത്. മദ്യപാനം അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നാണ് മിക്കവരും എടുക്കുന്ന പുതുവർഷ പ്രതിജ്ഞ. എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. പുതുവർഷത്തോട് അനുബന്ധിച്ച് ഒരു മാസം മദ്യപാനം നിർത്തിവെക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരു മാസം മദ്യപിക്കാതിരുന്നാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് നോക്കാം…

1. വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ

സ്ഥിരമായി മദ്യപിക്കുന്ന ഒരാൾ ഒരു മാസത്തോളം മദ്യപാനം നിർത്തിവെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും വിത്ത്ഡ്രോവൽ ലക്ഷങ്ങൾ അവരെ ബാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉറക്കക്കുറവ്, ഉത്കണ്ഠ, ദേഷ്യം, സങ്കടം, വിഷാദം, നിർജലീകരണം എന്നിവയൊക്കെയാണ് പ്രധാന വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ. എന്നാൽ രണ്ടാഴ്ചകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം മാറും. തീരുമാനത്തിൽ ഉറച്ച് നിൽക്കാനുള്ള സഹനശേഷിയാണ് വേണ്ടത്. 

2. കരളിന് മിടുക്ക് കൂടും

മദ്യപാനം ഒരു മാസത്തോളം നിർത്തിവെക്കുമ്പോൾ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും പ്രവർത്തനശേഷി വർദ്ധിക്കുകയും ചെയ്യും. കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റ് വിഷപദാർഥങ്ങളും നീങ്ങാനും ഇത് സഹായിക്കും. 

3. വയറിന് സുഖം കൂടും

മദ്യപാനം വയറിൽ പ്രത്യേകിച്ച് ആമാശയത്തിലും കുടലിലും പ്രതികൂലമായി പ്രവർത്തിക്കും. സ്ഥിരമായി മദ്യപിക്കുന്നത് ആമാശയത്തിൽ ദഹനരസങ്ങൾ അമിതമായി ഉൽപാദിപ്പിക്കാൻ കാരണമാകും. ഇത് വയറിന്‍റെ ആവരണത്തെ ക്ഷയിപ്പിക്കും. വയറിൽ നീർക്കെട്ടുണ്ടാകാനും മദ്യപാനം കാരണമാകും. എന്നാൽ ഒരു മാസത്തോളം മദ്യം ഉപേക്ഷിക്കുന്നതോടെ വയറിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടും. പ്രധാനമായും ദഹനപപ്രക്രിയ സുഗമമാകും. ഇതോടെ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നീ പ്രശ്നങ്ങൾ ഇല്ലാതാകും. 

4. ശ്വാസകോശ ആരോഗ്യം മെച്ചപ്പെടും

അമിതമായ മദ്യപാനം ശ്വാസകോശത്തിൽ വായു നിറയാനും അതിന്‍റെ പ്രവർത്തനശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് ശ്വാസകോശരോഗികളിൽ ശ്വാസതടസത്തിന് ഇടയാക്കും. എന്നാൽ ഒരു മാസം മദ്യപാനം നിർത്തുന്നതോടെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടും. 

5. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കപ്പെടും

ഒരു മാസത്തോളം മദ്യപാനം നിർത്തിവെക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കപ്പെടാൻ സഹായിക്കും. മദ്യപാനം ഒഴിവാക്കുന്നതോടെ ശരീരത്തിലെ നിർജലീകരണം ഇല്ലാതാകുകയും അത് രക്തസമ്മർദം കുറയാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ഒരു മാസത്തോളം മദ്യപാനം ഒഴിവാക്കുന്നത് കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Also Read: അമിതമായ മദ്യപാനം ഉണ്ടാക്കുന്ന 5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ