ടീൻ ഡേറ്റിംഗ് വയലൻസ്; ടോക്സിക് ബന്ധങ്ങളോട് ഗുഡ്ബൈ പറയാം

പ്രണയദിനം ഫെബ്രുവരിയിൽ ആയതുകൊണ്ട് ഫെബ്രുവരി പൊതുവെ പ്രണയത്തിന്റെ മാസമായാണ് കണക്കാക്കപ്പെടുന്നത്. പ്രണയം പോലെ പ്രധാനമാണ് പ്രണയസംബന്ധമായ അതിക്രമങ്ങളും. അതുകൊണ്ടാകാം ഫെബ്രുവരി ശരിക്കും ‘ടീൻ ഡേറ്റിംഗ് വയലൻസ് അവെയർനെസ്സ്’ മാസമാണ്. എന്താണീ ടീൻ ഡേറ്റിംഗ് വയലൻസ് എന്നല്ലേ? പ്രേമം കാരണം ഉണ്ടാകുന്ന അതിക്രമണങ്ങൾ നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതലാണെന്നേ. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ ഈ പ്രശ്നങ്ങൾ രൂക്ഷമാണ്. കൗമാരക്കാർക്കിടയിൽ പ്രണയസംബന്ധമായി ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ ഉള്ള മാസമാണ് ഫെബ്രുവരി. നല്ലതും മോശവുമായ ബന്ധങ്ങളെക്കുറിച്ച് കുട്ടികളെ മനസിലാക്കുകയാണ് ഇതിന്റെ ഉദ്ദേശം.

12 മുതൽ 18 വരെ പ്രായമുള്ള കൗമാരക്കാരായ കുട്ടികളുടെ പ്രണയ ബന്ധങ്ങളിൽ ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഏതെങ്കിലും ദുരുപയോഗമുണ്ടാകുന്നുണ്ടോ എന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. കൗമാരക്കാർ മാത്രമല്ല, എല്ലാവരും ടോക്സിക് റിലേഷൻഷിപ്പുകളിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്.

എന്തൊക്കെയാണ് ഡേറ്റിംഗ് വയലൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

പങ്കാളിയെ ആക്രമിക്കുന്ന നിലയിലേക്ക് പ്രണയബന്ധം പോകുന്നത് ആ ബന്ധം ദുരുപയോഗം ചെയ്യലാണ്. ഇത്തരം ബന്ധങ്ങളിൽ ശാരീരികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങളാണ് നടക്കുന്നത്.

  • ശാരീരികമായ അക്രമം:
    നുള്ളുക, അടിക്കുക, ചവിട്ടുക, തള്ളുക തുടങ്ങി ശരീരത്തിന് ദോഷം വരുത്തുന്ന ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളാണിത്.
  • വൈകാരികമായ അക്രമം:
    പങ്കാളിയെ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അവൻ്റെ അല്ലെങ്കിൽ അവളുടെ ആത്മാഭിമാനം കുറയ്ക്കാനുള്ള ശ്രമമാണ്. വൈകാരികമോ മാനസികമോ ആയ അക്രമത്തിൻ്റെ ഉദാഹരണങ്ങളിൽ ഭീഷണിപ്പെടുത്തലും അപമാനിക്കലും ഉൾപ്പെടുന്നു.
  • ലൈംഗിക അതിക്രമം:
    താല്പര്യമില്ലാത്ത പങ്കാളിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുക, ലൈംഗികത നിരസിച്ചാൽ അപവാദങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവ ലൈംഗിക അതിക്രമത്തിന് ഉദാഹരണങ്ങളാണ്.
  • പിന്തുടരൽ:
    പങ്കാളിയെ അനാവശ്യമായി നിരീക്ഷിക്കുന്നത്, ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ക്ഷണിക്കപ്പെടാതെ സന്ദർശിക്കുന്നത്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പിന്തുടരുന്നത് എല്ലാം അതിക്രമമായി കണക്കാക്കാം.

പ്രണയബന്ധങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ പങ്കാളിയിൽ നിന്ന് ഇത്തരം മോശം അനുഭവങ്ങൾ നേരിടുന്നുണ്ടോ? താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം.

  • ആരോടെങ്കിലും പറയുക:
    സുഹൃത്ത്, മുതിർന്നവർ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കാൻ ഭയപ്പെടരുത്. പ്രണയബന്ധത്തിൽ മോശമായ അനുഭവമുണ്ടെങ്കിൽ അതിൽ നിന്ന് കരകയറാൻ ഇവർക്ക് സഹായിക്കാനാകും.
  • രേഖപ്പെടുത്തുക:
    എന്താണ് സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുക. ഓരോ സംഭവത്തിൻ്റെയും തീയതിയും സമയവും ഉൾപ്പെടെ, നിങ്ങൾ അനുഭവിക്കുന്ന അക്രമത്തിൻ്റെ ഒരു ജേണൽ സൂക്ഷിക്കുക. എന്തെങ്കിലും പരിക്കുകൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക. ഇമെയിലുകൾ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അല്ലെങ്കിൽ ഡേറ്റിംസൂക്ഷിക്കുക.
  • ബന്ധം ഉപേക്ഷിക്കുക:
    ഇത്തരം മോശം ബന്ധങ്ങൾ പെട്ടെന്ന് അക്രമാസക്തമാകും. ഇങ്ങനെ ബുദ്ധിമുട്ടി പ്രണയ ബന്ധങ്ങളിൽ തുടരാതെ അതിൽ നിന്ന് എത്രയും വേഗം പുറത്ത് കടക്കാൻ നോക്കുക. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സുഹൃത്തുക്കളെയോ വിശ്വസ്തരായ മുതിർന്നവരുടെയോ സഹായം തേടുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ പ്രണയബന്ധം ടോക്സിക് ആണെന്ന് തിരിച്ചറിയുക.

പ്രണയം മനോഹരമാണ്. അത് അനുഭവിച്ചറിയേണ്ടതാണ്. അതേസമയം അപകടകരമായ ബന്ധങ്ങൾ തിരിച്ചറിയുകയും അതിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ചും അതിന്റെ അതിർവരമ്പുകളെക്കുറിച്ചും നിങ്ങൾക്കും പങ്കാളിക്കും ഒരേ കാഴ്ചപ്പാടാണെന്ന് ഉറപ്പാക്കുക. പലരും പല രീതിയിലാണ് സ്നേഹം പ്രകടിപ്പിക്കുക. കൗമാരക്കാർ ചിലപ്പോൾ വ്യത്യസ്തമായ പല രീതികളും സ്വീകരിക്കും. ഇത്തരം സ്നേഹപ്രകടനങ്ങൾ പങ്കാളിക്ക് ബുദ്ധിമുട്ടാകരുത്. ‘ലവ് ലൈക് ദാറ്റ്’ എന്നതാണ് ഇത്തവണത്തെ ടീൻ ഡേറ്റിംഗ് വയലൻസ് അവെയർനെസ്സ് മാസത്തിന്റെ തീം. നല്ലതും മോശവുമായ ബന്ധങ്ങളെ തിരിച്ചറിയാനും നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും പ്രേരിപ്പിക്കുകയാണ് ഈ തീമിന്റെ ഉദ്ദേശം.

Also Read: പ്രണയം തോന്നാൻ കാരണമുണ്ട്!

Content Summary: Relevance of teen dating violence awareness month.