ഓഫീസിൽ വളരെ എനെർജറ്റിക് ആയ ഒരാൾക്ക് വിഷാദമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണല്ലേ? അത്തരം വിഷാദ അവസ്ഥയെ ഡോക്ടർമാർ സ്മൈലിങ് ഡിപ്രെഷൻ എന്നാണ് വിളിക്കുന്നത്. മനസികാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കൂട്ടത്തിൽ നിങ്ങൾ ഈ പേര് കാണാൻ സാധ്യതയില്ല. എന്നാൽ ഇത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.
സ്മൈലിങ് ഡിപ്രെഷൻ ഉള്ള ആളുകൾ വളരെ എനെർജറ്റിക് ആയിരിക്കും. അവർ ഡിപ്രെഷൻ അനുഭവിക്കുന്നതായി മറ്റുള്ളവർക്ക് തോന്നില്ല. അതുകൊണ്ടുതന്നെ സാധാരണ ഡിപ്രെഷനേക്കാൾ ഗുരുതരമാണ് സ്മൈലിങ് ഡിപ്രെഷൻ എന്ന് പറയാം. ഇവർക്ക് ചിലപ്പോൾ ചികിത്സ നൽകാൻ കഴിയാതെ വരുന്നു. തങ്ങളുടെ പ്രയാസങ്ങൾ മറ്റുള്ളവരിൽ നിന്ന് മറച്ച് പിടിക്കാനാണ് ഇവർ ശ്രമിക്കുക. ചില സാഹചര്യങ്ങളിൽ തങ്ങൾ വിഷാദം അനുഭവിക്കുന്നതായി അവർ പോലും അറിയാതെ പോകും.
ജോലിയിലും ജീവിതത്തിലും എപ്പോഴും പെർഫെക്ഷൻ വേണമെന്ന് നിർബന്ധം പിടിക്കുന്നവർ, അതിയായ ആഗ്രഹങ്ങൾ വെച്ചുപുലർത്തുന്നവർ ഒക്കെ സ്മൈലിങ് ഡിപ്രെഷൻ അനുഭവിക്കുന്നുണ്ടാകാം. മറ്റുള്ളവരോട് ഫേക്ക് ആയി പെരുമാറാൻ ഇവർക്ക് സാധിക്കും. അതുകൊണ്ടുതന്നെ സ്മൈലിങ് ഡിപ്രെഷൻ അനുഭവിക്കുന്നവരുടെ മനസ് ആരും തിരിച്ചറിയുന്നില്ല. ഒരുപാട് ചിരിക്കുകയും തമാശകൾ പറയുകയും ചെയ്യുമ്പോഴും ഉള്ളിൽ ഇവർ കരയുകയായിരിക്കും. ഡിപ്രഷൻ ബ്ലൂസ് അഥവാ വല്ലപ്പോഴുമുള്ള ദുഃഖം പോലെയല്ല. കടുത്ത വിഷാദാവസ്ഥ ഏറെ കാലം നിലനിൽക്കുന്ന രീതിയാണ് സ്മൈലിങ് ഡിപ്രഷൻ.
ഡിപ്രഷൻ അനുഭവിക്കുന്നവർ അവരുടെ വിഷാദത്തിനും നിരാശയ്ക്കും ആശ്വാസമില്ലെന്ന് സ്വയം കരുതുന്നു. വിഷാദം എന്നത് ഒരു വ്യക്തിയുടെ പ്രവർത്തന ശേഷിയെ കാര്യമായി സ്വാധീനിച്ചേക്കാവുന്ന, ഏറെ നിഷ്ക്രിയമാകുന്ന ഒരു അവസ്ഥയാണ്.
വിഷാദം ഒരു സാധാരണ മൂഡ് ഡിസോർഡർ ആണ്. ആഗോളതലത്തിൽ, എല്ലാ പ്രായത്തിലുമുള്ള 264 ദശലക്ഷത്തിലധികം ആളുകൾ വിഷാദരോഗമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. പല കാരണങ്ങളാൽ ഒരു പുഞ്ചിരിക്ക് പിന്നിൽ വിഷാദം മറയ്ക്കാൻ ആളുകൾ ശ്രമിച്ചേക്കാം.
സ്മൈലിങ് ഡിപ്രെഷൻ – കാരണങ്ങൾ
- മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു
- മറ്റുള്ളവരെ വിഷമിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല
- ജോലി നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു
- സന്തുഷ്ടരാണെന്ന് നടിച്ചാൽ വിഷാദം മാറുമെന്ന് അവർ കരുതുന്നു
- വിഷാദത്തിലാണെന്ന് അവർ തിരിച്ചറിയുന്നില്ലായിരിക്കാം
- ഈ രോഗാവസ്ഥയിൽനിന്ന് കരകയറാൻ എങ്ങനെ സഹായം ലഭിക്കുമെന്ന് അറിയില്ല
ഒരു പുഞ്ചിരിക്ക് പിന്നിൽ വിഷാദം മറയ്ക്കുന്നത് ഇനിപ്പറയുന്ന ഏതെങ്കിലും മാനസിക വൈകല്യങ്ങളാൽ സംഭവിക്കാം:
- പ്രധാന വിഷാദരോഗം:
മേജർ ഡിപ്രസീവ് ഡിസോർഡർ എന്നത് ദുഃഖത്തിൻ്റെ സ്ഥിരമായ ഒരു വികാരമാണ്, സാധാരണയായി ആനന്ദം നൽകുന്ന കാര്യങ്ങളിൽ താൽപ്പര്യക്കുറവ്. കുറഞ്ഞത് 2 ആഴ്ചയെങ്കിലും രോഗലക്ഷണങ്ങൾ തുടരുന്നത്. - ബൈപോളാർ:
ഈ തരത്തിലുള്ള വിഷാദം മാനസികാവസ്ഥ ഉയർന്ന നിലയിലും(അമിത സന്തോഷം) താഴ്ന്ന നിലയിലുമാകുന്ന(ഡിപ്രസ്ഡ്) സാഹചര്യങ്ങൾ മാറിമാറി വരുന്നു. അതിനിടയിൽ സാധാരണ മാനസികാവസ്ഥയും രോഗികൾ പ്രകടിപ്പിക്കും. - പദാർത്ഥം അല്ലെങ്കിൽ മരുന്ന് കാരണമുള്ള വിഷാദരോഗം:
മദ്യം, മയക്കുമരുന്ന്, രാസലഹരിവസ്തുക്കൾ, മാനസികരോഗത്തിനുള്ള മരുന്ന് എന്നിവ കഴിക്കുകയോ നിർത്തുകയോ ചെയ്തതിന് ശേഷം വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ ഉടൻ ആരംഭിക്കുന്ന സ്ഥിതിവിശേഷം ചിലരിൽ കണ്ടുവരുന്നു. മദ്യം, ഒപിയോയിഡുകൾ, മരിജുവാന, കൊക്കെയ്ൻ, ആംഫെറ്റാമൈൻസ് എന്നിവ ഇത്തരത്തിലുള്ള വിഷാദത്തിന് കാരണമാകും. ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികകളും ബീറ്റാ-ബ്ലോക്കറുകളും ഉൾപ്പെടെയുള്ള പല കുറിപ്പടി മരുന്നുകളും വിഷാദത്തിന് കാരണമായി തീരാറുണ്ട്. - അന്തർലീനമായ ഒരു മെഡിക്കൽ അവസ്ഥ കാരണം വിഷാദരോഗം:
കാൻസർ, പ്രമേഹം, പാർക്കിൻസൺസ് രോഗം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വളരെ വേഗം വിഷാദം ഉണ്ടാകും. - സീസണൽ അഫക്റ്റീവ് ഡിസോർഡർ:
സീസണൽ അഫക്റ്റീവ് ഡിസോർഡർ, അല്ലെങ്കിൽ SAD, സീസണൽ പാറ്റേൺ ഉള്ള പ്രധാന ഡിപ്രസീവ് ഡിസോർഡർ എന്നും അറിയപ്പെടുന്നു. സ്വാഭാവിക സൂര്യപ്രകാശം കുറവുള്ള ശൈത്യകാലത്ത് മാത്രം സംഭവിക്കുന്ന വിഷാദമാണിത്. - സ്ഥിരമായ വിഷാദരോഗം:
ചിലപ്പോൾ ഡിസ്റ്റീമിയ അല്ലെങ്കിൽ നേരിയ വിഷാദം എന്ന് വിളിക്കപ്പെടുന്നു, സ്ഥിരമായ ഡിപ്രസീവ് ഡിസോർഡർ ഉള്ള ആളുകൾക്ക് വലിയ വിഷാദത്തിൻ്റെ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. അതുപോലെ തന്നെ കുറഞ്ഞത് 2 വർഷമെങ്കിലും നീണ്ടുനിൽക്കുന്ന നേരിയ ലക്ഷണങ്ങളും ഉണ്ട്.
സ്മൈലിങ് ഡിപ്രഷൻറെ ലക്ഷണങ്ങൾ
ചിരിക്കാനും സന്തോഷത്തോടെ മുന്നോട്ടുപോകാനും ആഗ്രഹിച്ചാലും സ്മൈലിങ് ഡിപ്രെഷൻ അനുഭവിക്കുന്ന ആളുകൾ വിഷാദരോഗത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ അനുഭവിക്കുന്നു. രോഗലക്ഷണങ്ങൾ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുകയോ രൂക്ഷമാകുകയും ചെയ്യും. രോഗലക്ഷങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാകുകയും ചെയ്യും.
- വിഷാദ മാനസികാവസ്ഥ
- ക്ഷീണം, ഊർജമില്ലായ്മ
- പെട്ടെന്നുള്ള ദേഷ്യവും ക്ഷോഭവും അല്ലെങ്കിൽ മാനസിക വ്യതിയാനങ്ങൾ
- ഉത്കണ്ഠ
- മരണം, ആത്മഹത്യ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ
- മൂല്യമില്ലായ്മ, കുറ്റബോധം, കടുത്ത നിരാശ
- അനാവശ്യമായ ചിന്തകൾ
- സന്തോഷകരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുന്നു
- വിശപ്പ്, ശരീരഭാരം മാറുകയോ കുറയുകയോ
- സമൂഹവുമായി ഇടപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക
- ഏകാഗ്രതയിലോ തീരുമാനങ്ങൾ എടുക്കുന്നതിലോ ഉള്ള ബുദ്ധിമുട്ട്
- ഉറക്കക്കുറവ്
വിഷാദം രൂക്ഷമാകുന്നവരിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാം, പക്ഷേ അതിനുള്ള ധൈര്യം പലരിലും ഉണ്ടാകില്ല. എന്നിരുന്നാലും സ്മൈലിങ് ഡിപ്രെഷൻ ഉള്ള ആളുകൾക്ക് ജോലിക്ക് പോകാനും അത് ഉള്ളിലൊതുക്കാനും കഴിയും.
Also Read: മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏതൊക്കെ ചെയ്യാം
സ്മൈലിങ് ഡിപ്രെഷൻ – ചികിത്സ
മറ്റേതൊരു വിഷാദരോഗത്തിനും സമാനമായി സ്മൈലിങ് ഡിപ്രെഷൻ അവസ്ഥയും മനസിലാക്കി ഡോക്ടർമാർ ചികിത്സിക്കുന്നു. രോഗലക്ഷണങ്ങളുടെ തീവ്രതയെ ആശ്രയിച്ച് ചികിത്സ വ്യത്യാസപ്പെടുന്നു, കൂടാതെ ഇനിപ്പറയുന്ന ചികിത്സാ ഓപ്ഷനുകളുടെ സംയോജനവും ഉൾപ്പെടുന്നു:
- മരുന്ന്
വിഷാദരോഗം ചികിത്സിക്കുന്നതിനായി നിരവധി തരം കുറിപ്പടി മരുന്നുകൾ ലഭ്യമാണ്. മരുന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾ എടുത്തേക്കാം. വിഷാദരോഗമുള്ള ഒരു വ്യക്തിയെ ഈ കാലയളവിൽ ഒരു ഡോക്ടർ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഡോക്ടറെ കൺസൾട്ട് ചെയ്യണം.
- സൈക്കോതെറാപ്പി
ടോക്ക് തെറാപ്പി എന്നും അറിയപ്പെടുന്ന സൈക്കോതെറാപ്പി, ആരോഗ്യകരമായ കോപ്പിംഗ് കഴിവുകൾ പഠിക്കുന്നതിനായി ഒരു വ്യക്തിയെ അവരുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഡോക്ടർമാർ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ്. കോഗ്നിറ്റീവ്, സൈക്കോഡൈനാമിക്, ഗ്രൂപ്പ്, ഇൻ്റർപേഴ്സണൽ, ഫാമിലി തെറാപ്പി എന്നിങ്ങനെ വിവിധ തരം സൈക്കോതെറാപ്പികളുണ്ട്.
- സ്ട്രെസ് മാനേജ്മെൻ്റ്
വിട്ടുമാറാത്ത മാനസികസമ്മർദം അല്ലെങ്കിൽ സമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ വിഷാദരോഗം രൂക്ഷമാകാൻ കാരണമാകും. സ്ട്രെസ് മാനേജ്മെൻ്റ് ടെക്നിക്കുകളും ജീവിതശൈലി നടപടികളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത് വിഷാദരോഗ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഒരു വ്യക്തിയെ സഹായിക്കും.
- പോഷകാഹാരം
പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പോഷകാഹാരങ്ങൾ കഴിക്കുന്നത് ചില വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം.
- വ്യായാമം
വിഷാദരോഗം തടയുന്നതിനും രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനും വ്യായാമം സഹായിക്കും. വിഷാദരോഗമുള്ള ഒരു വ്യക്തിക്ക് ചെറിയ നടത്തം തന്നെ ഏറെ ഫലപ്രദമാകും. ഒന്നും ചെയ്യാതിയിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ, ചെറിയ നടത്തം.
- ലൈറ്റ് തെറാപ്പി
ലൈറ്റ് ബോക്സ് ഉപയോഗിച്ചുള്ള ബ്രൈറ്റ് ലൈറ്റ് തെറാപ്പി സീസണൽ അഫക്റ്റീവ് ഡിസോർഡർ, അതുപോലെ തന്നെ സീസണൽ ഡിപ്രഷൻ എന്നിവയെ ചികിത്സിക്കാൻ സഹായിച്ചേക്കാം.
- ഇലക്ട്രോകൺവൾസീവ് തെറാപ്പി
മറ്റ് ചികിത്സകളോട് പ്രതികരിക്കാത്ത ചില തരം വിഷാദരോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള സുരക്ഷിതവും നിയന്ത്രിതവുമായ നടപടിക്രമമാണ് ഇലക്ട്രോകൺവൾസീവ് തെറാപ്പി.
എപ്പോൾ ഡോക്ടറെ കാണണം
വിഷാദം ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്, അത് ഉള്ള വ്യക്തിക്കും അവരുടെ പ്രിയപ്പെട്ടവർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. വിഷാദം എല്ലായ്പ്പോഴും പ്രകടമായിരിക്കണമെന്നില്ല. വിഷാദരോഗത്തിൻ്റെ ഏതെങ്കിലും ലക്ഷണങ്ങളുള്ള ആളുകൾ ഒരു മാനസികാരോഗ്യവിദഗ്ദനെ കണ്ട് ചികിത്സ തേടുകയും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. വിഷാദം ചില സന്ദർഭങ്ങളിൽ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ആത്മഹത്യാ ചിന്തകളോ പദ്ധതികളോ പ്രകടിപ്പിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും അത്തരം ചിന്തകളിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമാണ് പ്രിയമുള്ളവർ ചെയ്യേണ്ടത്.
Also Read: പോസ്റ്റ്പാർട്ടം: മാതൃത്വം മനോഹരമാക്കാൻ പ്രസവാനന്തര പ്രശ്നങ്ങൾ ഫലപ്രദമായി എങ്ങനെ നേരിടാം?
Content Summary: Smiling depression: Symptoms, reasons and treatment.