മലയാളി ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന ആരോഗ്യപ്രശ്നമായി മുടികൊഴിച്ചിലും കഷണ്ടിയും മാറുന്നതായി റിപ്പോർട്ട്. ഇതിന്‍റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിടാനും മലയാളികൾ തയ്യാറാകുന്നതായാണ് ഹെയർ ട്രാൻസ്പ്ലാന്‍റ് ക്ലിനിക്കുകളിലെ ഡോക്ടർമാർ പറയുന്നത്. നിലവിൽ കേരളത്തിൽ കഷണ്ടി മാറ്റുന്നതിനുള്ള ചികിത്സയ്ക്കായി 20000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ആളുകൾ ചെലവിടുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഷണ്ടിക്ക് ചികിത്സ തേടുന്നവരിൽ 18 മുതൽ 25 വയസ് വരെ പ്രായമുള്ളവരുടെ എണ്ണം കൂടി വരുന്നതായി ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തലമുറയിൽ പൊതുവെ 28 വയസിന് ശേഷമാണ് കഷണ്ടി വ്യാപകമായി കണ്ടിരുന്നത്. എന്നാൽ പുതുതലമുറയ്ക്കിടയിൽ 18 വയസ് കഴിയുമ്പോൾ തന്നെ കഷണ്ടി കണ്ടുവരുന്നു.
പ്രധാനമായും ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചികിത്സാരീതികളാണ് കഷണ്ടി മാറ്റുന്നതിനായി ഉപയോഗിക്കുന്നത്. ചെലവേറിയ ഹോർമോൺ ചികിത്സയും വ്യാപകമാണ്. 2020ൽ ദിവസം രണ്ട് ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ശസ്ത്രക്രിയ നടത്തിയിരുന്ന എറണാകുളത്തെ പ്രശസ്ത ക്ലിനിക്കിൽ ഇപ്പോൾ ദിവസം 17 ശസ്ത്രക്രിയ വരെ നടത്താറുണ്ട്. ചികിത്സയ്ക്കായി എത്തുന്നവരിൽ കൂടുതലും 25 വയസിൽ താഴെയുള്ളവരാണെന്നും ഡോക്ടർമാർ പറയുന്നു.
കാരണം
മുടികൊഴിച്ചിലും കഷണ്ടിയും വ്യാപകമാകുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനം മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ്. വിശ്രമമില്ലാത്തെ ഏറെ സമയം ജോലി ചെയ്യുന്നതും ഉയർന്ന കലോറിയുള്ള ഭക്ഷണക്രമവും മുടികൊഴിച്ചിലിന് കാരണമാകും. അതുപോലെ മാനസികസമ്മർദ്ദം വർദ്ധിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകും. കൂടുതൽ പേരിലും പാരമ്പര്യമായും കഷണ്ടിയുണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു.
ചികിത്സ
കഷണ്ടിക്കും അസൂയയ്ക്കും മരുന്ന് ഇല്ലെന്ന ഒരു ചൊല്ല് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് മാറിയിരിക്കുന്നു. അസൂയയ്ക്ക് മരുന്ന് ഇല്ലെങ്കിലും കഷണ്ടിക്ക് ചികിത്സ ലഭ്യമാണ്. പ്രധാനമായും രണ്ടുതരം ചികിത്സാരീതികളാണുള്ളത്. പിആർപി ട്രീറ്റ്മെന്‍റ്, ഹോർമോൺ തെറാപ്പി പോലെയുള്ള ദീർഘകാല ചികിത്സാരീതിയാണ് ഒന്ന്. ഹോർമോൺ തെറാപ്പി നല്ല ചെലവേറിയ ചികിത്സാരീതിയാണ്. അതിവേഗം ഫലം ലഭിക്കുന്ന ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചികിത്സയാണ് ആളുകൾ കൂടുതലും തെരഞ്ഞെടുക്കുന്നത്.
ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ
എല്ലാവരിലും ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചികിത്സാരീതി ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ പറയുന്നത്. ആരോഗ്യമുള്ള മുടി ഉള്ളവരിൽ മാത്രമാണ് ഇത് ചെയ്യാനാകുക. ആരോഗ്യകരമായ മുടി ഉള്ള ഭാഗത്തുനിന്ന് അത് ശേഖരിച്ച് കഷണ്ടിയുള്ള ഭാഗത്ത് ചേർക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കഷണ്ടിയും മുടികൊഴിച്ചിലും മലയാളി ചെറുപ്പക്കാരെ മാനസികമായി തളർത്തുന്നുണ്ടെന്ന് മാനസികാരോഗ്യവിദഗ്ദർ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് വിഷാദത്തിനും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. ഇത് യുവാക്കളുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണൽ ജീവിതത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ടാണ് കൂടുതൽ പേരും ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ പോലെയുള്ള ചികിത്സാരീതികൾ തെരഞ്ഞെടുക്കുന്നത്.
Also Read: മുടികൊഴിച്ചിലിന് പുതിയ പരിഹാരമായി PRP തെറാപ്പി
Content Summary: Young people in Kerala are facing baldness and spending lakhs on hair treatment.