ഒരു പുതിയ ഗവേഷണമനുസരിച്ച്, മാംസാഹാരം ഉപേക്ഷിച്ച് സസ്യഭുക്കായാൽ കൂർക്കംവലി മാറുമത്രേ! പക്ഷേ ആരോഗ്യകരമായ ആഹാരമായിരിക്കണമെന്ന് മാത്രം.
ERJ ഓപ്പൺ റിസർച്ചിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പരിപ്പ് എന്നിവ അടങ്ങിയ ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.
സ്ലീപ് അപ്നിയ ഉള്ള ആളുകൾ പലപ്പോഴും ഉച്ചത്തിൽ കൂർക്കം വലിച്ച് ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്നതിനാൽ രാത്രി മുഴുവൻ ഇടയ്ക്കിടെ ഉണർന്നിരിക്കും.
ക്ഷീണം കൂടാതെ, സ്ലീപ് അപ്നിയ ഇനിപ്പറയുന്ന ആരോഗ്യ അപകടങ്ങൾ വർദ്ധിപ്പിക്കും:
- ഉയർന്ന രക്തസമ്മർദ്ദം
- സ്ട്രോക്ക്
- ഹൃദ്രോഗം
- ടൈപ്പ് 2 പ്രമേഹം
ഗുണനിലവാരമുള്ള സസ്യാഹാരങ്ങൾ കഴിച്ചാൽ മാത്രമേ കൂർക്കംവലി കുറക്കാൻ പറ്റൂ. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന പഞ്ചസാര, ഉയർന്ന ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒക്കെ കഴിച്ചാൽ കൂർക്കംവലി കൂടുകയേ ഉള്ളൂ.
കൂർക്കംവലിയും സസ്യാഹാരവും
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയാൻ സഹായിക്കും. അങ്ങനെ കൂർക്കംവലി കുറയുന്നു. ഈ ഭക്ഷണങ്ങളിൽ പോഷകങ്ങൾ, ആൻ്റിഓക്സിഡൻ്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറക്കുന്നതോടൊപ്പം കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും അതുവഴി ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.
അതേസമയം ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, മധുരമുള്ള പാനീയങ്ങൾ, ഉയർന്ന പഞ്ചസാര, ഉയർന്ന ഉപ്പ് എന്നിവ അടങ്ങിയ അനാരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം തൊണ്ടയിൽ വീക്കം ഉണ്ടാക്കും. ഉയർന്ന പഞ്ചസാരയും ഉയർന്ന ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും.
ഇത് തലയും കഴുത്തും ഉൾപ്പെടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും നീർവീക്കത്തിന് കാരണമാകും. ഉറക്കത്തിൽ ശ്വാസനാളം തടസ്സപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും കൂർക്കം വലി, ശ്വാസതടസ്സം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.
ആരോഗ്യകരമായ ഭക്ഷണങ്ങൾ വായുമാർഗ തടസ്സത്തിന് കാരണമാകുന്ന ചില ഘടകങ്ങളെ കുറയ്ക്കും, അതുവഴി ഉറക്കത്തിൽ ശ്വസനം എളുപ്പമാക്കുകയും ചെയ്യുന്നു.
കൂർക്കംവലിയുടെ മറ്റൊരു കാരണം ആസിഡ് റിഫ്ലക്സ് ആണ്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ അസിഡിറ്റി ഉണ്ടാകും. സസ്യാഹാരം കഴിക്കുന്നത് കൊണ്ട് അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
കൂർക്കംവലി മാറാൻ സഹായിക്കുന്ന ഭക്ഷണക്രമം
കൂർക്കംവലി കൂടെ കിടക്കുന്നവരെ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നത്, അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പകൽ ക്ഷീണം, ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാൻ കൂർക്കംവലി കാരണമാകും. അതുകൊണ്ട് കൂർക്കംവലി എങ്ങനെയും തടഞ്ഞേ പറ്റൂ. അതിന് ഭക്ഷണക്രമത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്ന് നോക്കാം.
- ഒമേഗ -3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുക.
- ആവശ്യത്തിന് വ്യായാമം ചെയ്യുക.
- ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുക. കൊഴുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കിടക്കാൻ നേരം കഴിക്കാതിരിക്കുക.
ഓർക്കുക, ഭക്ഷണക്രമത്തിലൂടെ മാത്രം കൂർക്കംവലി മാറില്ല. പുകവലിയും അലർജിയും കൂർക്കംവലി ഉണ്ടാകാൻ കാരണമാകാറുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന തരത്തിൽ കൂർക്കംവലി ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
Also Read: നന്നായി ഉറങ്ങണോ? എങ്കിൽ കിടക്കാൻ പോകുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ ഒഴിവാക്കൂ
Content Summary: New study suggests plant based diet may reduce snoring.