ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം മൂലമാണ്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്നത്. കൊളസ്ട്രോളും രക്തസമ്മർദവും ഇവിടെ വില്ലനാകാറുണ്ട്. പഠനങ്ങൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 48.1 ശതമാനമെങ്കിലും രക്തസമ്മർദ്ദമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണ്. സിസ്റ്റോളിക് രക്തസമ്മർദ്ദം 130 mmHg-ൽ കൂടുതലോ ഡയസ്റ്റോളിക് രക്തസമ്മർദ്ദം 80 mmHg-ൽ കൂടുതലോ ആണെങ്കിൽ അപകടാവസ്ഥയിലാണെന്ന് പറയാം. അതുകൊണ്ടുതന്നെ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാനും താഴെ പറയുന്ന 5 കാര്യങ്ങൾ ചെയ്യാവുന്നതാണ്.
1. പതിവ് വ്യായാമം
ഇക്കാലത്ത് ചെറുപ്പക്കാർ മതിയായ വ്യായാമം ചെയ്യാതിരിക്കുന്നതും ശരീരം ആക്ടീവാകാതിരിക്കും സാധാരണമാണ്. ദിവസവും മിതമായതോ തീവ്രതയുള്ളതോ ആ വ്യായാമം ശരീരഭാരം കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും.ഇത് രക്തക്കുഴലുകളെ കൂടുതൽ വഴക്കമുള്ളതാക്കാൻ സഹായിക്കുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വിദഗ്ദർ പറയുന്നത് അനുസരിച്ച് ദിവസം കുറഞ്ഞത് 30 മിനിറ്റോ ആഴ്ചയിൽ അഞ്ച് ദിവസമോ വേഗത്തിൽ നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ്, ബാഡ്മിന്റൺ, ഫുട്ബോൾ പോലെയുള്ള കാര്യങ്ങൾ വ്യായാമമായി ചെയ്യണം.
2. മദ്യം ഉപേക്ഷിക്കുക
ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, മദ്യപാനം രക്തസമ്മർദം വർദ്ധിക്കാൻ ഇടയാക്കും. അതിനാൽ, രക്തസമ്മർദ്ദവും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും കുറയ്ക്കുന്നതിന് മദ്യപാനം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പഠനങ്ങൾ അനുസരിച്ച്, മദ്യപാനം രക്തക്കുഴലുകളെ നിയന്ത്രിക്കുകയും ഇതുവഴി രക്തസമ്മർദ്ദവും ശരീരഭാരവും വർദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ്റെ അഭിപ്രായത്തിൽ, ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുന്നതിനും ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുന്നതിനും പുറമെ, മദ്യം കാർഡിയോമയോപ്പതി, സ്ട്രോക്ക്, കാൻസർ, മറ്റ് രോഗങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നു.
3. പഞ്ചസാര ഒഴിവാക്കുക
പഠനങ്ങൾ അനുസരിച്ച്, ഹൃദയാരോഗ്യം മോശമാക്കുന്ന ഒന്നാണ് പഞ്ചസാര. ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, പഞ്ചസാര ഉപേക്ഷിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹമുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ 68 ശതമാനമെങ്കിലും ഹൃദയാഘാതം മൂലമാണ് മരിക്കുന്നതെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, പൊണ്ണത്തടി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ പോലുള്ള മറ്റ് അപകട ഘടകങ്ങൾ പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
4. ഉപ്പ് കുറയ്ക്കുക
ഉപ്പിട്ടതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഉപ്പ് കുറഞ്ഞ ഭക്ഷണം രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്നും ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. BMJ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, പ്രതിദിനം 1 ഗ്രാം ഉപ്പ് കുറയ്ക്കുന്നത് ഒരാളുടെ ഹൃദയ സംബന്ധമായ അപകടസാധ്യത ഗണ്യമായി കുറയ്ക്കും എന്നാണ്.
5. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുക
നേന്ത്രപ്പഴം ഏറെ പോഷകസമൃദ്ധമായ ഭക്ഷണം മാത്രമല്ല, ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന ഒന്നാണ്. പഠനങ്ങൾ അനുസരിച്ച്, ഹോളണ്ടിൽ നിന്നുള്ള ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ സോഡിയം അമിതമായി കഴിക്കുന്നതിൻ്റെ ആഘാതം ഇല്ലാതാക്കുമെന്നാണ്. പ്രത്യേകിച്ചും സ്ത്രീകളിലാണ് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുക.
പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ പമ്പിങ് ശേഷം വർദ്ധിപ്പിക്കും. കൂടാതെ, ഇത് ന്യൂറോണുകളുടെയും പേശികളുടെയും പ്രവർത്തനത്തെ സുഗമമാക്കുന്നു, വൃക്കകളെ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കോശങ്ങളിലേക്കും പുറത്തേക്കും പോഷകങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ശരീരത്തിലെ ദ്രാവകത്തിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ?
നിരാകരണം: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നെങ്കിൽ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സന്ദർശിച്ച് ഉപദേശങ്ങൾ തേടുക.
Content Summary: Thing to do to reduce heart attack risk