കൊച്ചിയിൽ ബിരിയാണിക്ക് പ്രശസ്തമായ മികച്ച 7 ഹോട്ടലുകൾ ഏതൊക്കെ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണവിഭവമായി ബിരിയാണി മാറിയിട്ടുണ്ട്. കേരളത്തിലെ നഗരങ്ങളിൽ ഏറ്റവുമധികം ഡിമാൻഡുള്ളത് ബിരിയാണിയ്ക്കാണ്. സ്വിഗി, സൊമാറ്റോ പോലെയുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിലും പ്രിയം ബിരിയാണി തന്നെ. ഇവിടെയിതാ, കൊച്ചി നഗരത്തിൽ ഏറ്റവും രുചികരമായ ബിരിയാണി ലഭിക്കുന്ന 7 സ്പോട്ടുകൾ പരിചയപ്പെടാം…

1. കായീസ് ബിരിയാണി

കൊച്ചിയിലെത്തിയാൽ കായീസ് ബിരിയാണി കഴിക്കാൻ മറക്കരുതെന്നാണ് ഭക്ഷണപ്രേമികൾ പറയാറുള്ളത്. ഇവിടുത്തെ മട്ടൻ ബിരിയാണിയാണ് ഏറെ പ്രശസ്തം. അധികം വെളിപ്പെടാത്ത രുചിക്കൂട്ടാണ് കായീസിലെ ബിരിയാണിക്ക് പെരുമയേകുന്നത്. കൊച്ചിയിൽ കായീസിന് രണ്ട് ഔട്ട്ലെറ്റുകളാണുള്ളത്. ഒന്ന് മട്ടാഞ്ചേരിയിലും എറണാകുളം ഡർബാർ ഹാൾ റോഡിലും. 

2. പണ്ടാരീസ് ഹോട്ടൽ

കൊച്ചിയിൽ ഏറ്റവും സ്വാദിഷ്ഠമായ ബീഫ് ബിരിയാണി കിട്ടുന്നത് എവിടെയെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ നൽകാവുന്ന ഉത്തരമാണ് പണ്ടാരീസ് ബിരിയാണി ഹോട്ടൽ. ബസുമതി അരിയിൽ തയ്യാറാക്കുന്ന ഇവിടുത്തെ ബിരിയാണിയുടെ പ്രത്യേകത, വളരെ ചെറിയരീതിയിൽ മാരിനേറ്റ് ചെയ്ത് നന്നായി വേവിച്ചെടുക്കുന്ന ബീഫാണ്. താരതമ്യേന മിതമായ നിരക്കിൽ ബിരിയാണി ലഭിക്കുന്ന പണ്ടാരിസിന് രണ്ട് ശാഖകളുണ്ട്. കാക്കനാടും കൊച്ചി എംജി റോഡിലുമാണ് പണ്ടാരിസ് ബിരിയാണി ഔട്ട്ലെറ്റുകൾ. 

3. പാരഡൈസ് ഹോട്ടൽ

പത്തോളം ബിരിയാണി വെറൈറ്റികളാണ് ഇവിടുത്തെ പ്രത്യേകത. ചിക്കൻ, ബീഫ്, മട്ടൻ എന്നിവയ്ക്ക് പുറമെ, ചെമ്മീൻ, ഫിഷ് ബിരിയാണികളും ഇവിടെ ലഭിക്കും. കാക്കനാട്, വൈറ്റില എന്നിവിടങ്ങളിൽ പാരഡൈസ് ഹോട്ടലിന് ഔട്ട്ലെറ്റുകളുണ്ട്. 

4. പാരഗൺ

ബിരിയാണിയുടെ പര്യായമായി മാറിയ പേരാണ് പാരഗൺ. കോഴിക്കോട്ടെ പാരഗണിന്‍റെ അത്ര പോരെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ പാരഗൺ രുചിപ്പെരുമ വിളമ്പുന്നുണ്ട്. ഇടപ്പള്ളിയിലെ ലുലുമാളിലാണ് കൊച്ചിയിലെ പാരഗൺ ഹോട്ടൽ. ഏറെ സ്വാദിഷ്ഠമായ ബിരിയാണി ഇവിടെനിന്ന് ആസ്വദിക്കാനാകും. 

5. ഗ്രാൻഡ് ഹോട്ടൽ

കൊച്ചിയിൽ രുചികരമായ ബിരിയാണി ലഭിക്കുന്ന മറ്റൊരു സ്പോട്ടാണ് ഗ്രാൻഡ് ഹോട്ടൽ. പരമ്പരാഗതമായ മലബാർ ദം ബിരിയാണി തന്നെയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കൊച്ചി നഗരഹൃദയത്തിൽ എം.ജി റോഡിൽ തന്നെയാണ് ഗ്രാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 

6. ബാർബിക്യൂ നേഷൻ

പൊതുവെ ബാർബിക്യൂ, കബാബ് ചിക്കൻ വിഭവങ്ങൾക്ക് പ്രശസ്തമാണ് ഈ ഹോട്ടൽ. എന്നാൽ ഇവിടെ രുചികരമായ ബിരിയാണിയും ലഭിക്കും. അൽപ്പം ചെലവേറുമെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ബാർബിക്യൂ നേഷൻ തയ്യാറല്ല. എംജി റോഡിൽ കച്ചേരിപ്പടിയിലാണ് ബാർബിക്യൂ നേഷൻ സ്ഥിതി ചെയ്യുന്നത്. 

7. ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി

കൊച്ചിയിലെ മറ്റൊരു പ്രശസ്തമായ ബിരിയാണി സ്പോട്ടാണിത്. തെക്കേയിന്ത്യയിലെ തന്നെ പേരെടുത്ത ബിരിയാണി ബ്രാൻഡാണിത്. അൽപ്പം എരിവ് കൂടുതലുള്ള ബിരിയാണി ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പോകാവുന്ന സ്പോട്ടാണിത്. കളമശേരിയിലാണ് ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്.

Also Read: തിരുവനന്തപുരത്തെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലുകൾ ഏതൊക്കെ?

Content Summary: Best 7 biriyani spots in Cochin