ചിക്കനും ബിരിയാണിയും കഴിക്കാൻ വരട്ടെ; അവയിലെ കലോറി അറിയാം

വളരെ വ്യത്യസ്തമായ രുചിഭേദങ്ങളാൽ പ്രശസ്തമാണ് നമ്മുടെ നാട്ടിലെ ഭക്ഷ്യവിഭവങ്ങൾ. രുചിയേറിയ ചിക്കൻ വിഭവങ്ങളും ബിരിയാണിയും സമൂസ പോലെയുള്ള സ്നാക്ക്സുകളുമൊക്കെ ഇവിടുത്തെ ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ ആളുകൾക്ക് പ്രിയപ്പെട്ടവയാണെങ്കിലും ആരോഗ്യത്തിന് ഗുണകരമാകുന്നതല്ല നമ്മുടെ നാവിൽ വെള്ളം നിറയ്ക്കുന്ന പല വിഭവങ്ങളും. ബിരിയാണിയും പലതരം നോൺ വെജ് വിഭവങ്ങളും ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ല. ഈ ഭക്ഷണങ്ങളിലെ കലോറി അളവിനെക്കുറിച്ച് പലരും ശ്രദ്ധിക്കാറുണ്ടോ?ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ കാലത്ത് ഭക്ഷണങ്ങളിലെ കലോറിയെക്കുറിച്ച് കൂടുതൽ മനസിലാക്കുന്ന യുവതലമുറയാണ് ഇവിടെയുള്ളത്. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ, പ്രമേഹമുള്ളവർ, കൊളസ്ട്രോൾ ഉള്ളവർ, രക്തസമ്മർദ്ദമുള്ളവർ, ഹൃദ്രോഗികൾ എന്നിവരൊക്കെ ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണ്. ഇവിടെയിതാ, ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചില ഭക്ഷണങ്ങളിൽനിന്നുള്ള കലോറി എത്രത്തോളമുണ്ടെന്ന് നോക്കാം…

ബട്ടർ ചിക്കൻ – 896

ചിക്കൻ കോർമ – 865

ചിക്കൻ ടിക്ക മസാല – 768

മട്ടൻ ബിരിയാണി – 621

മട്ടൻ കറി – 611

സമൂസ -146

ഗാർലിക് നാൻ – 390

ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ

ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് കാലക്രമേണ ശരീരഭാരം കൂടാൻ ഇടയാകും. ശരീരഭാരം കൂടുന്നതിനൊപ്പം പൊണ്ണത്തടി, കുടവയർ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇതൊക്കെ പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതടും കൂട്ടും. ഇന്ത്യൻ ഭക്ഷണങ്ങളിൽ കലോറി കൂടാതെ കൊഴുപ്പും കൂടുതലാണ്. സാധാരണ ഒരു നേരത്തിലെ നോൺ വെജ് ഭക്ഷണങ്ങളിൽ 56 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാകാം. ഒരു നേരം ബട്ടർ ചിക്കൻ കഴിക്കുന്നത്, സ്ത്രീകൾക്ക് ഒരു ദിവസം ആവശ്യമായ കലോറിയിൽ പകുതിയിലേറെ ലഭിക്കാൻ ഇടയാക്കും. 

കലോറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെ?

വറുത്തതും വെണ്ണയും ക്രീമും നിറഞ്ഞ ഭക്ഷണങ്ങൾക്ക് പകരം തക്കാളി അടിസ്ഥാനമാക്കിയുള്ള സോസ് ഉപയോഗിക്കുന്നത് നല്ലതാണ്. കലോറിയും കൊഴുപ്പും കൂടുതലുള്ള നോൺ വെജ് ഭക്ഷണത്തിന് പകരം ചില ദിവസങ്ങളിൽ വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. പയറും ഇലക്കറികളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

ഒരു ദിവസം എത്ര കൊഴുപ്പ് കഴിക്കുന്നതാണ് സുരക്ഷിതം?

ഭക്ഷണശീലം ആരോഗ്യകരമാക്കാൻ അതിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ്, കലോറി എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. ഒരാളുടെ വലുപ്പം(ശരീരഭാരം), ലിംഗഭേദം, പ്രായം എന്നിവയെ അടിസ്ഥാനമാക്കി ശരീരത്തിന് ലഭിക്കേണ്ട കലോറി, കൊഴുപ്പ് എന്നിവ വ്യത്യാസപ്പെട്ടിരിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഒരു ദിവസം പുരുഷന്മാർക്ക് 30 ഗ്രാം പൂരിത കൊഴുപ്പും സ്ത്രീകൾക്ക് 20 ഗ്രാം പൂരിത കൊഴുപ്പുമാണ് വേണ്ടത്. അതിൽ കൂടുതൽ കൊഴുപ്പ് ദീർഘകാലം കഴിക്കുന്നത് കൊളസ്ട്രോൾ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പിന്നീട് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനും കാരണമാകും. നോൺ വെജ് ഭക്ഷണം അമിതമായി കഴിക്കാതെ ഭക്ഷണശീലത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയാണ് പ്രധാനം.

Content Summary: Calories in chicken biriyani