ആരോഗ്യത്തോടെ ജീവിക്കുക എന്നത് ഏറെ പ്രധാനമാണ്. ആരോഗ്യം നല്ല നിലയിലാകുമ്പോൾ ആയുസും വർദ്ധിക്കും. ആരോഗ്യത്തെയും ദീർഘായുസിനെയും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ നല്ല ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവുമാണ്. ഇതിൽ തന്നെ പോഷകമൂല്യങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുകയാണ് വേണ്ടത്. നമ്മുടെ ഈ ഭൂമിയിൽ ചില സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദീർഘായുസും ആരോഗ്യവും വളരെ കൂടുതലായിരിക്കും. ഈ പ്രദേശങ്ങളെയാണ് ബ്ലൂസോണുകൾ എന്ന് വിളിക്കുന്നത്. ആ സ്ഥലങ്ങളിലെ തനതനായ പോഷകാഹാരക്രമത്തെയാണ് ബ്ലൂസോൺ ഡയറ്റ് എന്ന് വിളിക്കുന്നത്.
അമേരിക്കൻ എഴുത്തുകാരനും നാഷണൽ ജിയോഗ്രാഫിക്ക് ജീവനക്കാരനുമായ ഡാൻ ബ്യൂട്ടനറാണ് 2004-ൽ ബ്ലൂ സോണുകളെ തിരിച്ചറിയുന്നത്. ജനങ്ങളുടെ ആയുസ്സ് കൂടുതലുള്ള അഞ്ച് ഒറ്റപ്പെട്ട ഭൂമിശാസ്ത്ര പ്രദേശങ്ങൾ ഡാൻ ബ്യൂട്ടനർ അടങ്ങിയ സംഘം കണ്ടെത്തി. ജപ്പാനിലെ ഒകിനാവ ദ്വീപ്, സാർഡിനിയയിലെ ബാർബാഗിയ മേഖല, കോസ്റ്റാറിക്കയിലെ നിക്കോയ ഉപദ്വീപ്, ഗ്രീസിലെ ഇക്കാരിയ ദ്വീപ്, യുഎസിലെ കാലിഫോർണിയയിലെ ലോമ ലിൻഡ നഗരം എന്നിവയായിരുന്നു അവ. ക്സ്പിരിമെൻ്റൽ ജെറൻ്റോളജി ജേണലിൽ ഇവരുടെ ഗവേഷണറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡാൻ ബ്യൂട്ടനറും സംഘവും കൂടുതൽ ഗവേഷണം നടത്തുകയും ഈ പ്രദേശങ്ങളിൽ വ്യാപകമായ പവർ 9 എന്നറിയപ്പെടുന്ന പ്രത്യേക ശീലങ്ങൾ കണ്ടെത്തി. അവ ഇതൊക്കെയാണ്- സ്വാഭാവികമായി ആക്ടീവായി ഇരിക്കുക, ലക്ഷ്യബോധത്തോടെ ജീവിക്കുക, സസ്യാഹാരം ഉൾപ്പെടുന്ന ഭക്ഷണക്രമം, വൈകുന്നേരങ്ങളിൽ മിതമായ അളവിലുള്ള വൈൻ ഉപഭോഗം, പ്രിയപ്പെട്ടവർക്ക് മുൻഗണന നൽകുക, പരമ്പരാഗതമായുള്ള ശീലങ്ങളും, ജീവിതരീതികളും പിന്തുടരുക എന്നിവയാണ് അവ. ഇവയെല്ലെ പിന്തുടരുന്നവരുടെ ആയുസ് 10-12 വർഷം കൂടുതലായിരിക്കും.
ബ്ലൂ സോൺ ഡയറ്റിൻ്റെ അടിസ്ഥാന ഘടകങ്ങൾ ഇവയാണ് – സസ്യാഹാരക്രമം, മാംസം ഉപേക്ഷിക്കുക, മത്സ്യം കൂടുതലായി കഴിക്കുക, പാൽ ഉൽപന്നങ്ങൾ കുറയ്ക്കുക, ഇടയ്ക്കിടെ മുട്ട കഴിക്കുക, ദിവസേന ബീൻസ് കഴിക്കുക, പഞ്ചസാര കുറയ്ക്കുക, ലഘുഭക്ഷണമായി അണ്ടിപരിപ്പ് കഴിക്കുക, കൃത്യമായി ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.
സസ്യങ്ങൾ അടങ്ങിയ ഭക്ഷണക്രമം, പ്രത്യേകിച്ച് ചീര, ബീറ്റ്റൂട്ട് മറ്റ് ഇലക്കറികൾ എന്നിവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘായുസ്സ് നൽകുന്നു. സീസണൽ പഴങ്ങൾ, ബീൻസ്, ധാന്യങ്ങൾ എന്നിവയും ബ്ലൂ സോൺ ഡയറ്റിൽ ഉൾപ്പെടുന്നു.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിലെ നല്ല കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുമെന്ന് കണ്ടെത്തിയ ഒലീവ് ഓയിൽ ആണ് സാധാരണയായി ബ്ലൂസോൺ ഡയറ്റിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. ഒലിവ് ഓയിലിൻ്റെ സുപ്രധാന ഘടകമായ ഒലിയോകാന്തൽ, വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ഇക്കാരിയയിലെ (ഗ്രീസിൽ) ഒരു റിപ്പോർട്ട് അനുസരിച്ച്, ദിവസേന ആറ് ടേബിൾസ്പൂൺ ഒലിവ് ഓയിൽ കഴിക്കുന്നത് മധ്യവയസ്കരിൽ മരണസാധ്യത 50% കുറയ്ക്കും.
സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പൊതുവായ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെട്ടു. ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിക്കുമ്പോൾ വിഷാദരോഗ ലക്ഷണങ്ങൾ ബ്ലൂസോണിൽ ഉള്ളവരിൽ കുറവാണെന്ന് വ്യക്തമായി.
ബ്ലൂ സോൺ ഡയറ്റ് സൂചിപ്പിക്കുന്നത് മാംസത്തിൻ്റെ ഉപഭോഗം കുറയുന്നത് ആരോഗ്യത്തെയും ദീർഘായുസ്സിനെയും നല്ലതുപോലെ സ്വാധീനിക്കുമെന്നാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന അമേരിക്കക്കാർ സസ്യാഹാരികളാണെന്ന് കണ്ടെത്തി. അവർ പരിമിതമായ മത്സ്യങ്ങൾ കൂടി ഉൾപ്പെടുത്തിയ സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടർന്നു. ഈ ഭക്ഷണക്രമത്തിലൂടെ നല്ല രീതിയിൽ ക്യാൻസറിനെ ചെറുക്കാനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ബ്ലൂ സോൺ ഭക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് മുട്ടകൾ. പലരീതിയിൽ പാകം ചെയ്ത മുട്ടകൾ ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നവരാണ് ബ്ലൂസോൺ ഡയറ്റ് പിന്തുടരുന്നവർ. ഹോർമോണുകളോ ആൻറിബയോട്ടിക്കുകളോ ചേർക്കാതെ സ്വാഭാവികമായി വളരുന്നതും പ്രായപൂർത്തിയായതുമായ ആരോഗ്യമുള്ള കോഴികളിൽ നിന്ന് വിരിഞ്ഞ മുട്ടകളാണ് ബ്ലൂസോണിൽ ഉള്ളവർ ഉപയോഗിക്കുന്നത്. അതിനാൽ അവ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്.
ഉയർന്ന പോഷകമൂല്യമുള്ളതിനാൽ എല്ലാ ബ്ലൂ സോണുകളിലും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണമാണ് ബീൻസ്. മെഡിറ്ററേനിയനിലെ ആളുകൾ പയർ, ഗാർബൻസോ, വൈറ്റ് ബീൻസ് എന്നിവയുൾപ്പെടെ പലതരം ബീൻസ് കഴിക്കുന്നു. സോയാബീൻസ് ഒകിനാവുകൾക്കിടയിൽ പ്രചാരത്തിലുണ്ട്, അതേസമയം നിക്കോയക്കാർ കറുത്ത പയർ കഴിക്കുന്നു.
പതിവായി അണ്ടിപ്പരിപ്പ് കഴിക്കുന്ന ശീലം ബ്ലൂ സോൺ ഡയറ്റ് പിന്തുടരുന്നവർക്കുണ്ട്.
വിവിധ അണ്ടിപ്പരിപ്പുകളുടെ മിശ്രിതം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും – വിറ്റാമിൻ ബി (നിലക്കടല), വിറ്റാമിൻ ഇ (ബദാം), മഗ്നീഷ്യം (ബദാം, കശുവണ്ടി) എന്നിവ നൽകും.
ബ്ലൂ സോൺ പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾ പിന്തുടരുന്ന ഒരു പ്രധാന ശീലമാണ് വൈകുന്നേരങ്ങളിൽ റെഡ് വൈൻ കുടിക്കുകയെന്നത്. സാർഡിനിയക്കാർ മിതമായ അളവിൽ കനോനോ വൈൻ കഴിക്കുന്നു, അതിൽ മറ്റ് വൈനുകളേക്കാൾ ഇരട്ടി ധമനി സ്ക്രബ്ബിംഗ് ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നു.
ഒരു പഠനമനുസരിച്ച്, സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്ന വ്യക്തികൾക്ക് വിറ്റാമിൻ എ, ഇ, സി, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം എന്നിവയുടെ ഉയർന്നതോ സമാനമായതോ ആയ ഉപഭോഗവും വിറ്റാമിനുകൾ ബി 6, ബി 12, ഡി എന്നിവയുടെ താഴ്ന്നതോ സമാനമായതോ ആയ ഉപഭോഗവും ഉണ്ടായിരിക്കും. കൂടാതെ ഈ ഭക്ഷണക്രമത്തിൽനിന്ന് ശരീരത്തിന് ലഭിക്കുന്ന സിങ്ക്, അയഡിൻ, ഫോസ്ഫറസ്, സോഡിയം എന്നിവയുടെ അളവ് നിയന്ത്രിതമായിരിക്കും.
ബ്ലൂസോൺ ഡയറ്റ് പിന്തുടരുന്നവരിൽ ഗ്ലൈസെമിക്, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ഇത് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും, അതുവഴി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാനുള്ള സാഹചര്യം ഒഴിവാക്കാനും കഴിയും. സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങളും മരണവും കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മത്സ്യത്തിൻ്റെ ഉപഭോഗം വിഷാദരോഗം തടയുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.