കൊളസ്ട്രോൾ കൂടുമ്പോൾ ചെവിയിലുണ്ടാകുന്ന മാറ്റം അറിയാം

ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊളസ്ട്രോൾ ഉയരുന്നത് ഒരു അപകടകരമായ ആരോഗ്യ അവസ്ഥയാണ്. രക്തത്തിലുള്ള കൊളസ്ട്രോളിന് ഗുണവും ദോഷവുമുണ്ട്. കോശങ്ഹളുടെ നിർമാണത്തിന് കൊളസ്ട്രോൾ ഗുണം ചെയ്യുമ്പോൾ, ഇത് അമിതമാകുന്നത് ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും.

കൊളസ്ട്രോൾ നില ഉയരുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാകും. ഇത് രക്തയോട്ടത്തെ തടസപ്പെടുത്തുകയും ഹൃദയാഘാതം, മസ്തിഷ്ക്കാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പലപ്പോഴും കൊളസ്ട്രോൾ ഉയരുന്നതിന് കാര്യമായ ലക്ഷണങ്ങൾ കാണിക്കാറില്ല. അല്ലെങ്കിൽ നിസാരമായ ലക്ഷണങ്ങൾ പലരും അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇവിടെയിതാ, രക്തത്തിലെ കൊളസ്ട്രോൾ ഉയരുമ്പോൾ ചെവിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കൊളസ്ട്രോൾ വർദ്ധിക്കുന്നത് ചിലരിൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാം. ഇതിൽ ഏറ്റവും പ്രധാനം കേൾവിക്കുറവാണ്. കൊളസ്ട്രോളിന്‍റെ തിരിച്ചറിയപ്പെടാതെ പോകുന്ന ലക്ഷണങ്ങളിൽ ഒന്നാണിതെന്ന് ഡോക്ടർമാർ പറയുന്നു. എല്ലാവരിലും ഇത് ആദ്യ ലക്ഷണമായിരിക്കില്ലെങ്കിലും, ശരിയായി കേൾക്കാൻ കഴിയാത്ത പ്രശ്നമുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഉയർന്ന കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കേൾവിക്കുറവ് ക്രമേണ സംഭവിക്കുകയും പലപ്പോഴും രണ്ട് ചെവികളെയും തുല്യമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

കേൾവിക്കുറവ് നിസാരമല്ല

ഉയർന്ന കൊളസ്ട്രോൾ രക്തപ്രവാഹത്തെ ബാധിക്കുമ്പോൾ, ചെവിയുടെ ആന്തരികഭാഗങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതാണ് കേൾവിക്കുറവിന് കാരണമാകുന്നതെന്ന് ഗവേഷണങ്ങൾ പറയുന്നു. അകത്തെ ചെവിക്ക് ആവശ്യമായ രക്തപ്രവാഹവും ശരിയായ ഓക്‌സിജൻ്റെ അളവും ലഭിക്കാതെ വരുമ്പോൾ, അവിടുത്തെ കോശങ്ങൾക്ക് ശാശ്വതവും മാറ്റാനാവാത്തതുമായ കേടുപാടുകൾ സംഭവിക്കാൻ തുടങ്ങുന്നു. ഇതാണ് കേൾവിക്കുറവിലേക്ക് നയിക്കുന്നത്.

നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ പറയുന്നതനുസരിച്ച്, കൊളസ്ട്രോളും കേൾവിക്കുറവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ നടത്തിയ ഒരു പഠനത്തിൽ, ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ കൊളസ്‌ട്രോൾ ഉള്ളവർക്ക് ഗുരുതരമായ കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂടുന്നതിനനുസരിച്ച് അവർക്ക് കേൾവിക്കുറവുണ്ടാകാനുള്ള സാധ്യതയും അവർ കണ്ടെത്തി.

കേൾവിക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. ഇതിന്‍റെ കാരണം കണ്ടെത്താൻ കൊളസ്ട്രോൾ ഉൾപ്പടെയുള്ള രക്തപരിശോധനകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. പരിശോധനയിൽ കൊളസ്ട്രോൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

കൊളസ്ട്രോൾ നിയന്ത്രണം എങ്ങനെ?

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം

പൂരിതകൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ചുവന്ന മാംസം, പാൽ ഉൽപന്നങ്ങൾ, സംസ്ക്കരിച്ച ഭക്ഷണം, എണ്ണയിൽ വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കണം. വിപണിയിൽ നിന്ന് വാങ്ങുന്ന കുക്കികളിലും ബേക്കറി ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്ന ട്രാൻസ് ഫാറ്റുകൾ കൊളസ്ട്രോൾ കൂടാൻ കാരണമാകും. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലയിക്കുന്ന നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം.

വ്യായാമം

ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാതിരിക്കാൻ എല്ലാ ദിവസവും കുറഞ്ഞത് 30-45 മിനിറ്റെങ്കിലും ഉയർന്നതും മിതമായതുമായ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, അഥവാ “നല്ല” കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

പുകവലി ഉപേക്ഷിക്കാം

പുകവലി നിർത്തുന്നത് രക്തത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദത്തിൻ്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു

ശരീരഭാരം കുറയ്ക്കാം

അമിതവണ്ണമോ പൊണ്ണത്തടിയോ രക്തത്തിലെ കൊളസ്ട്രോൾ കൂടാൻ ഇടയാകുന്നു. ശരീരഭാരം കുറയ്ക്കാൻ ജങ്ക് ഫുഡ് ഉപേക്ഷിക്കുക, പൊരിച്ചതും വറുത്തതുമായ ഭക്ഷണം, അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കുകയും ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുകയും വേണം.