തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഏഴ് വിദ്യാർഥികൾക്ക് ദേശീയതലത്തിൽ ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ നേട്ടം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ വിവരം. ഒരു സംസ്ഥാനത്ത് ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വീണാ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
അഭിമാനം. സന്തോഷം. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ ഒന്നാം റാങ്കോടെ സ്വര്‍ണ മെഡലുകള്‍. ഒരു സംസ്ഥാനത്ത് ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. എന്‍ഡോക്രൈനോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വി. കാര്‍ത്തിക്, നെഫ്രോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണന്‍, ഫോറന്‍സിക് മെഡിസിനില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. രഹ്നാസ് അബ്ദുള്‍ അസീസ്, മൈക്രോബയോളജിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ടി.പി. സിതാര നാസര്‍, ന്യൂറോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. അജിത അഗസ്റ്റിന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി.ഡി. നിതിന്‍, ഇ.എന്‍.ടി. വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്.