നിർബന്ധമായും ചെയ്യേണ്ട ആറ് തരം രക്തപരിശോധനകൾ

പലതരം ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ, അതിനെ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുകയെന്നതാണ്. അസുഖം ഗുരുതരമാകുന്നതുവരെ കാത്തിരിക്കാതെ നേരത്തെ തന്നെ ചികിത്സ ആരംഭിക്കേണ്ടത്. നമ്മളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഉൾപ്പടെ ചില രക്തപരിശോധനകളിലൂടെ നേരത്തെ കണ്ടെത്താനാകും. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തിയാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നമുക്ക് കഴിയും. ഈ സാഹചര്യത്തിലാണ് പ്രായപൂർത്തിയായ ഒരാൾ വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട രക്തപരിശോധനകളെ കുറിച്ച് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നത്. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം എന്നീ പ്രശ്നങ്ങളുള്ളവർ ആറ് മാസത്തിൽ ഒരിക്കലെങ്കിലും രക്തപരിശോധനകൾ നടത്തിയിരിക്കണം. ഈ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാണെങ്കിൽ മൂന്ന് മാസത്തിൽ ഒരിക്കലോ മാസംതോറുമോ രക്തപരിശോധന നടത്തണണെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്.

ഇത്തരത്തിൽ നിർബന്ധമായും ചെയ്യേണ്ട രക്തപരിശോധനകൾ ആറെണ്ണമാണ്. കംപ്ലീറ്റ് ബ്ലഡ് കൌണ്ട്, മെറ്റബോളിക് പാനൽ, കാർഡിയാക് ബയോമാർക്കർ, ലിപിഡ് പാനൽ, തൈറോയ്ഡ് പാനൽ, വിറ്റാമിൻ ഡി അളവ് എന്നിവയാണ്.

  1. കംപ്ലീറ്റ് ബ്ലഡ് കൌണ്ട്(സിബിസി)

കംപ്ലീറ്റ് ബ്ലഡ് കൌണ്ട് (CBC) രക്തപരിശോധനയിൽ ശരീരത്തിലെ ചുവന്ന, വെളുത്ത രക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും അളവ് കണ്ടെത്തുന്നു. അനീമിയ പോലുള്ള അണുബാധകളും രക്താർബുദ സാധ്യതയും കണ്ടെത്താൻ ഈ രക്തപരിശോധനയിലൂടെ കഴിയും.

  1. മെറ്റബോളിക് പാനൽ

ശരീരത്തിലെ ഗ്ലൂക്കോസ് അളവ് പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് എന്നിവ പരിശോധിക്കാനാണ് മെറ്റബോളിക് പാനൽ രക്തപരിശോധന. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം, കാൽസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകൾ ഉൾപ്പെടെ വൃക്കകളുടെയും കരളിൻ്റെയും ആരോഗ്യനില പരിശോധിക്കാൻ ഇതിലൂടെ കഴിയും. ഉയർന്ന ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) ഉള്ള ആളുകൾ ഈ പരിശോധന നിർബന്ധമായും ചെയ്തിരിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഭക്ഷണം കഴിച്ച് ഒന്നര മണിക്കൂറിന് ശേഷവുമാണ് ഈ പരിശോധന ചെയ്യുന്നത്.

  1. ലിപിഡ് പ്രൊഫൈൽ

ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുന്നതിനുള്ള ഈ രക്തപരിശോധന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വേണം ചെയ്യേണ്ടത്. ഒരു ലിപിഡ് പ്രൊഫൈൽ പരിശോധന ശരീരത്തിലെ കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കണക്കാക്കുന്നു. ഇതിൽ കൊളസ്ട്രോളിന്‍റെ മൊത്തം അളവ്, നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ, മോശം കൊളസ്ട്രോൾ അഥവാ എൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ പരിശോധിക്കുന്നു. ഈ പരിശോധന ഫലം ബോർഡർലൈനിലോ അതിന് മുകളിലോ ആണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ച് കൂടുതൽ പരിശോധന അനിവാര്യമായി വരും.

  1. കാർഡിയാക് ബയോ മാർക്കറുകൾ

ശരീരത്തിലെ എൻസൈമുകളുടെ അളവ് പരിശോധിക്കുന്ന രക്തപരിശോധനയാണിത്. ഭക്ഷണം വിഘടിപ്പിക്കുക, രക്തം കട്ടപിടിക്കുക തുടങ്ങിയ വിവിധ രാസപ്രക്രിയകൾ കൈവരിക്കാൻ ശരീരത്തെ സഹായിക്കുന്ന പ്രോട്ടീനുകളാണ് എൻസൈമുകൾ. ഇത്തരം എൻസൈമുകളുടെ അളവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗസാധ്യത കണ്ടെത്താനും ഈ രക്തപരിശോധന സഹായിക്കും.

  1. വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ അളവ് ഓസ്റ്റിയോപൊറോസിസ് (അസ്ഥി ധാതുക്കളുടെ സാന്ദ്രത) ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് സൂചന നൽകാൻ സഹായിക്കും. വിറ്റാമിൻ ഡിയുടെ അളവ് ക്രമാതീതമായി കുറയുമ്പോൾ, ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുമ്പോൾ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം മോശമാകും.

  1. തൈറോയ്ഡ്

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുതലാണോ കുറവാണോയെന്ന് കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയാണിത്. തൈറോയ്ഡ് ഗ്രന്ഥി ഹൈപ്പർ ആക്ടീവാണെങ്കിൽ, ഹൈപ്പർ തൈറോയ്ഡിസവും, കുറവാണെങ്കിൽ ഹൈപ്പോ തൈറോയ്ഡിസവുമാണെന്ന് വ്യക്തമാകും. ഇത് കണ്ടെത്തുന്നതിന് തൈറോയ്ഡ് ഹോർമോൺ അഥവാ ടിഎസ്എച്ച് നിലയാണ് പരിശോധിക്കുന്നത്.