ഈ കാലത്ത് പ്രധാന ആരോഗ്യപ്രശ്നമായി വന്ധ്യത മാറിക്കഴിഞ്ഞു. പുരുഷൻമാരിലും സ്ത്രീകളിലും ഒരുപോലെ വന്ധ്യത വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണക്രമവുമൊക്കെയാണ് ഇത്തരത്തിൽ വന്ധ്യത കൂടാൻ കാരണം. പുരുഷൻമാരിൽ ബീജത്തിന്റെ അളവ് കുറയുന്നതും ഗുണനിലവാരമില്ലാത്തതുമാണ് വന്ധ്യതയുടെ പ്രധാന കാരണം. ജോലിസംബന്ധമായും മറ്റും ലാപ്ടോപ്പ് മടിയിൽവെച്ച് ഉപയോഗിക്കുന്നത് ബീജ ഉൽപാദനത്തെ ബാധിക്കുമെന്ന വാദം നിലവിലുണ്ട്. ഇക്കാര്യം എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം.
കുറച്ചുനാൾ മുമ്പ് പുറത്തുവന്ന ‘ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കരുത് എന്നതിൻ്റെ അടിസ്ഥാന കാരണങ്ങൾ’ എന്ന പേരിൽ ബയോമെഡിക്കൽ ഫിസിക്സ് ആൻ്റ് എൻജിനീയറിംഗ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ‘ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നത് പുരുഷൻ്റെ പ്രത്യുൽപ്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന്’ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലാപ്ടോപ്പ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപം വൃഷണ സഞ്ചികളെ ചൂടാക്കുകയും ബീജ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ലാപ്ടോപ്പിൻ്റെ ആന്തരിക ഇലക്ട്രോണിക് സർക്യൂട്ടുകൾ സൃഷ്ടിക്കുന്ന വൈദ്യുതകാന്തിക മണ്ഡലങ്ങളും വൈഫൈ റേഡിയോ ഫ്രീക്വൻസി വികിരണങ്ങളും (വൈഫൈ കണക്ട് ചെയ്ത ലാപ്ടോപ്പിൽ) ബീജത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നതായി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വൃഷ്ണത്തിന് ഏൽക്കുന്ന ഉയർന്ന താപനില ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുമെന്ന് വിവിധ പഠനങ്ങൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
പുരുഷ ബീജത്തേയും പ്രത്യുൽപാദന ക്ഷമതയേയും ബാധിക്കുന്നത് ഒഴിവാക്കാൻ ലാപ്ടോപ്പ് മടിയിൽ വെക്കരുതെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ശരീര താപനിലയേക്കാൾ കുറഞ്ഞ താപനിലയാണ് വൃഷ്ണങ്ങൾക്ക് വേണ്ടത്. ഈ കാരണത്താൽ അവ ശരീരത്തിലെ പുറത്തെ സഞ്ചികളിൽ സൂക്ഷിക്കുന്ന വിധത്തിൽ പുരുഷ ശരീര ഘടനയുടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ അവസ്ഥയിൽ 93.2ºF താപനിലയിലാണ് ബീജ ഉൽപാദനം നടക്കുക. അതായത് വൃഷ്ണങ്ങളുടെ താപനില സാധാരണ ശരീര താപനിലയായ 98.6ºF (37ºC) യേക്കാൾ 5.4ºF (3ºC) കുറവാണെങ്കിൽ മാത്രമാണ് കാര്യക്ഷമമായി ബീജ ഉൽപാദനം നടക്കുക.
ഫെർട്ടിലിറ്റി ആൻ്റ് സ്റ്റെറിലിറ്റി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വയർലെസ് ലോക്കൽ ഏരിയ നെറ്റ്വർക്കുകളുമായി (വൈ-ഫൈ) ബന്ധിപ്പിച്ച ലാപ്ടോപ്പുകൾ പുരുഷ ബീജങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ആരോഗ്യമുള്ള 29 പുരുഷൻമാരുടെ ബീജ സാംപിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ച ലാപ്ടോപ്പുമായി സമ്പർക്കം പുലർത്തുന്ന ഒരു വിഭാഗവും ലാപ്ടോപ്പുമായി സമ്പർക്കം പുലർത്താത്ത നിയന്ത്രിത ഇൻകുബേറ്റഡ് സാഹചര്യങ്ങളിലുള്ള രണ്ടാമത്തെ വിഭാഗവും എന്ന രീതിയിൽ ഈ സാമ്പിളുകൾ രണ്ടായി തരംതിരിച്ചു. വയർലെസ് ഇൻ്റർനെറ്റ് കണക്ട് ചെയ്ത ലാപ്ടോപ്പുമായി നാലു മണിക്കൂറോളം സമ്പർക്കത്തിൽ ഉണ്ടായിരുന്ന വ്യക്തിയുടെ സാമ്പിളിൽ ബീജത്തിൻ്റെ ചലനശേഷി കുറയുകയും ഡിഎൻഎ വിഭജനം വർദ്ധിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. എന്നാൽ ഇരു വിഭാഗങ്ങളിലേയും നിർജീവ ബീജങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. വയർലെസ് ഇൻറർനെറ്റുമായി ബന്ധിപ്പിച്ച ലാപ്ടോപ്പ് വൃഷണങ്ങൾക്ക് സമീപം മടിയിൽ സൂക്ഷിക്കുന്നത് പുരുഷൻ്റെ പ്രത്യുൽപാദനശേഷി കുറയുന്നതിന് കാരണമാകുമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇതുകൊണ്ടുതന്നെ ലാപ്ടോപ്പ് മടിയിൽവെച്ച് ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.