ദൈനംദിന യാത്രാ ആവശ്യങ്ങൾക്കായി ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ പേരും. കാർ വാങ്ങുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടി വരികയാണ്. വാഹനത്തിനുള്ളിലെ വായു ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന കാര്യം എത്രപേർക്ക് അറിയാം. ഒരു പുതിയ പഠനം അനുസരിച്ച്, ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നതോ സംശയിക്കുന്നതോ ആയ ഫ്ലേം റിട്ടാർഡൻ്റുകൾ നമ്മുടെ കാറിനുള്ളിലെ വായുവിൽ ഉണ്ടായിരിക്കാമെന്നാണ് സൂചന നൽകുന്നത്. മെയ് ഏഴിനാണ് ഡ്യൂക്ക് യൂണിവേഴ്സിറ്റി എൻവയോൺമെൻ്റൽ സയൻസ് ആൻഡ് ടെക്നോളജി ജേർണലിൽ ഡ്രൈവിംഗിൻ്റെ ഹാനികരമായ വശത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കാർ ക്യാബിനിലെ ഹാനികരമായ രാസവസ്തുക്കൾ
ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2015 മുതൽ 2022 വരെ മോഡലികളിലുള്ള 101 ഇലക്ട്രിക്, പെട്രോൾ, ഹൈബ്രിഡ് കാറുകളുടെ ക്യാബിൻ വായുവിനെക്കുറിച്ചാണ് പഠിച്ചത്. യുഎസ് നാഷണൽ ടോക്‌സിക്കോളജി പ്രോഗ്രാം നിലവിൽ അർബുദ കാരണമായി കണക്കാക്കുന്ന ടിസിഐപിപി എന്നറിയപ്പെടുന്ന ഫ്ലേം റിട്ടാർഡൻ്റ് 99 ശതമാനം വാഹനങ്ങളിലും ഉണ്ടെന്ന് അവർ കണ്ടെത്തി. അപകടകരമെന്ന് കരുതുന്ന ടിസിഇപി, ടിഡിസിഐപിപി എന്നീ രണ്ട് അധിക ഫ്ലേം റിട്ടാർഡൻ്റുകൾ മിക്ക കാറുകളിലും കണ്ടെത്തി.
കാറിലെ സീറ്റിലും മറ്റും കാണപ്പെടുന്ന ഈ ജ്വാല റിട്ടാർഡൻ്റുകൾ ന്യൂറോളജിക്കൽ പ്രശ്നവും വന്ധ്യതയും ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പീപ്പിൾ മാഗസിനോട് സംസാരിച്ച ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രധാന ഗവേഷകയും ടോക്സിക്കോളജി ശാസ്ത്രജ്ഞയുമായ റെബേക്ക ഹോൻ ഇങ്ങനെ പറഞ്ഞു, “ശരാശരി ഡ്രൈവർ ദിവസവും ഒരു മണിക്കൂറോളം കാറിൽ ചെലവഴിക്കുന്നത് പരിഗണിക്കുമ്പോൾ, ഇത് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്”. “ഇത് പ്രത്യേകിച്ച് ദീർഘദൂര യാത്രകൾ ചെയ്യുന്നവരെയും പ്രത്യേകിച്ച് കുട്ടികളെയും കൂടുതൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു,” അവർ കൂട്ടിച്ചേർത്തു.
ഓട്ടോമൊബൈൽ വസ്തുക്കളിൽ നിന്നുള്ള രാസവസ്തുക്കൾ കൂടുതൽ വേഗത്തിൽ ചോരുന്നതിന് ചൂട് കാരണമാകുന്നതിനാൽ, വേനൽക്കാലത്ത് ഹാനികരമായ ജ്വാല റിട്ടാർഡൻ്റുകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത കാണപ്പെടുന്നതായും പഠനം കണ്ടെത്തി.
ഫ്ലേം റിട്ടാർഡൻ്റുകൾ
തീപിടിത്തം തടയുന്നതിനോ അവയുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിനോ വേണ്ടിയാണ് കാറിനുള്ളിലെ സീറ്റുകൾക്കൊപ്പവും മറ്റ് പാർട്സിനൊപ്പവും ഈ ജ്വാല റിട്ടാർഡൻ്റുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കൾ ചേർക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെൻ്റൽ ഹെൽത്ത് സയൻസസ് (NIEHS) പ്രകാരം 1970-കൾ മുതൽ, ഫർണിച്ചർ, ഇലക്ട്രോണിക്സ്, കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർ ഇൻ്റീരിയറുകൾ തുടങ്ങിയ വിവിധ ഉപഭോക്തൃ വസ്തുക്കളിൽ ഫ്ലേം റിട്ടാർഡൻ്റുകൾ ചേർത്തിട്ടുണ്ട്.
കാറിലെ സീറ്റുകൾ
ഏറ്റവും പുതിയ പഠനമനുസരിച്ച് കാർ ക്യാബിനിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ ഉറവിടം സീറ്റാണെന്നാണ് സൂചിപ്പിക്കുന്നത്.
കാർ നിർമ്മാതാക്കൾ ഈ രാസവസ്തുക്കൾ സീറ്റിലും മറ്റ് സാമഗ്രികളിലും തീപിടിത്തത്തിൽനിന്ന് സംരക്ഷണം നൽകാനാണ് ചേർക്കുന്നത്.
ഈ രാസവസ്തുക്കളിൽ നിന്ന് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. എപ്പിഡെമിയോളജിക്കൽ ഗവേഷണമനുസരിച്ച്, ചില ഫ്ലേം റിട്ടാർഡൻ്റുകളോട് സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ ബുദ്ധിശക്തി കുറയാം, കൂടാതെ അവയുമായി സമ്പർക്കം പുലർത്തുന്ന മുതിർന്നവർക്ക് ക്യാൻസർ സാധ്യത വർദ്ധിക്കുകയും ചെയ്യും. NIEHS പ്രകാരം എൻഡോക്രൈൻ, തൈറോയ്ഡ്, ഇമ്മ്യൂണോടോക്സിസിറ്റി, വന്ധ്യത എന്നീ ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും.
അതേസമയം ഇത്തരം ഫ്ലേം റിട്ടാർഡന്‍റുകൾ ശരിയായ രീതിയിൽ തീപിടിത്തം തടയാൻ സഹായകരമല്ലെന്നാണ് ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്‌സിൻ്റെ ഹെൽത്ത് സേഫ്റ്റി വിഭാഗം പറയുന്നത്. ഈ വിഷ രാസവസ്തുക്കൾക്ക് വാഹനങ്ങൾക്കുള്ളിൽ യാതൊരു പ്രയോജനവുമില്ലെന്നും പഠനത്തിൽ ഗവേഷകർ തറപ്പിച്ചു പറഞ്ഞു.
കാറിൻ്റെ വിൻഡോകൾ തുറന്ന് തണലിലോ ഗാരേജുകളിലോ പാർക്ക് ചെയ്യുന്നതിലൂടെ വിഷ ജ്വാല റിട്ടാർഡൻ്റുകളുമായുള്ള സമ്പർക്കം കുറയ്ക്കാൻ ആളുകൾക്ക് കഴിയുമെന്ന് ഗവേഷകയും ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞയുമായ ലിഡിയ ജാൽ പറഞ്ഞു. “കാറുകളിൽ ആദ്യം ചേർക്കുന്ന ഫ്ലേം റിട്ടാർഡൻ്റുകളുടെ അളവ് കുറയ്ക്കണം. ജോലിസ്ഥലത്തേക്കുള്ള യാത്ര കാൻസർ സാധ്യതയുള്ളതാകരുത്, കുട്ടികൾ സ്കൂളിലേക്കുള്ള വഴിയിൽ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുന്ന അവസ്ഥ ഇല്ലാതാക്കണം, ”- ലിഡിയ ജാൽ പറഞ്ഞു.
ഇന്ത്യയിൽ വർദ്ധിക്കുന്ന ക്യാൻസർ കേസുകൾ
അപ്പോളോ ഹോസ്പിറ്റൽസിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഇപ്പോൾ “ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനമായി” മാറിയിരിക്കുന്നു. അപ്പോളോ ഹോസ്പിറ്റലിൻ്റെ ഹെൽത്ത് ഓഫ് നേഷൻ റിപ്പോർട്ട് എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ, മരണങ്ങളിൽ 63 ശതമാനവും സാംക്രമികേതര രോഗങ്ങൾ (എൻസിഡി) ആണെന്ന് കണ്ടെത്തി. 2030 ആകുമ്പോഴേക്കും ഈ രോഗങ്ങൾ മൂലം രാജ്യത്തിന് 3.55 ട്രില്യൺ ഡോളർ സാമ്പത്തിക ഉൽപ്പാദനം നഷ്ടപ്പെടും. 2020-ൽ ഇന്ത്യയിൽ 13.9 ലക്ഷം കാൻസർ കേസുകൾ രേഖപ്പെടുത്തി, 2025-ഓടെ എണ്ണം 15.7 ലക്ഷമായി ഉയരും.