സ്ത്രീകൾ ഗർഭകാലത്ത് പപ്പായ കഴിക്കാമോ?

ഗർഭകാലത്ത് സ്ത്രീകൾ പോഷകസമൃദ്ധമായ ആഹാരം കഴിക്കണമെന്നാണ് ഡോക്ടർമാരും പോഷകാഹാരാവിദഗ്ദരും നിർദേശിക്കുന്നത്. ഇത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഗർഭാവസ്ഥയിലുടനീളം, ഒരു സ്ത്രീ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ സംബന്ധിച്ച് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഗർഭകാലത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പറയാറുള്ളത്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് ഗർഭിണികളായ സ്ത്രീകൾ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയുന്നത്.

ഇതുസംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ പറയുന്നത് പഴുക്കാത്തതും പകുതി പഴുത്തതുമായ പപ്പായ ഗർഭകാലത്ത് ഒഴിവാക്കണമെന്നാണ്. പപ്പായയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ ഗർഭാശയ സങ്കോചത്തിന് കാരണമാകുമെന്നതിനാലാണിത്. ഗർഭത്തിൻറെ ആദ്യ മൂന്ന് മാസത്തിൽ പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ, ഗർഭച്ഛിദ്രത്തിൻ്റെയും ഗർഭം അലസലിൻ്റെയും മുൻകാല ചരിത്രമുള്ള സ്ത്രീകൾ പപ്പായ പൂർണ്ണമായും ഒഴിവാക്കണമെന്ന് പഠനങ്ങൾ നിർദേശിക്കുന്നു. ഗർഭകാലത്ത് സ്ത്രീകൾ പപ്പായ ഒഴിവാക്കണമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങൾ താഴെ കൊടുക്കുന്നു.

  1. ഗർഭം അലസാനുള്ള സാധ്യത

പപ്പായയിൽ ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ഒരു തരം എൻസൈം അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ പപ്പായ കഴിക്കുന്നത് ഗർഭം അലസൽ അല്ലെങ്കിൽ മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂട്ടുമെന്ന് ഇതിനോടകം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  1. പഴുക്കാത്ത പപ്പായയിലെ കറ

പഴുക്കാത്ത പപ്പായയിൽ ധാരാളമായി കറ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ സങ്കോചത്തിന് കാരണമാവുകയും ഗർഭകാലത്ത് സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യും. ഈ സങ്കോചങ്ങൾ നേരത്തെയുള്ള പ്രസവത്തിനോ ഗർഭം അലസലിനോ കാരണമാകാം.

  1. അലർജി

ഗർഭിണികളായ ചില സ്ത്രീകൾക്ക് പപ്പായയോട് അലർജിയുണ്ടാകാം. ഗർഭാവസ്ഥയിൽ പപ്പായ കഴിക്കുന്നത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. നേരിയ അസ്വസ്ഥത മുതൽ ശ്വസിക്കാൻ ബുദ്ധിമുട്ട് പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ വരെ ഉണ്ടാകാം.

  1. ദഹന പ്രശ്നങ്ങൾ

പോഷകസമ്പുഷ്ടമാണ്പപ്പായയിലെ പപ്പെയ്‌ൻ എന്ന ഘടകം. എന്നാൽ ഇത് അമിതമായ അളവിൽ ശരീരത്തിൽ എത്തുന്നത് വയറിളക്കം അല്ലെങ്കിൽ വയറുവേദന പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഗർഭിണികളിൽ ഇത് കൂടുതൽ സങ്കീർണകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്

  1. അണുബാധ

പപ്പായ, നല്ലതുപോലെ കഴുകാതെ ഉപയോഗിക്കുകയോ അമിതമായി പഴുത്തതോ ആണെങ്കിൽ സാൽമൊണല്ല പോലുള്ള ദോഷകരമായ ബാക്ടീരിയകൾ മൂലമുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭിണികളായ സ്ത്രീകൾക്ക് അവരുടെ രോഗപ്രതിരോധ സംവിധാനത്തിലെ മാറ്റങ്ങൾ കാരണം അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ട്, കൂടാതെ മലിനമായ പപ്പായ കഴിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും.