നമുക്കിടയിൽ നന്നായി ചിരിക്കുന്നവരും തമാശ പറയുന്നവരും ചിരിപ്പിക്കുന്നവരുമൊക്കെയുണ്ട്. കുടുംബത്തിനുള്ളിലും സുഹൃത്തുക്കൾക്കിടയിലുമൊക്കെ അത്തരക്കാരുണ്ട്. എപ്പോഴും നന്നായി ചിരിച്ചുകൊണ്ട് വർത്തമാനം പറയുന്നവരെയും കാണാറുണ്ട്. ചിരി ആരോഗ്യത്തിന് ഏറ്റവും നല്ല മരുന്നാണെന്ന് ഡോക്ടർമാർ പറയാറുണ്ട്. എന്നാൽ ഇത് അമിതമായാലോ? അത് ഗുരുതരമായ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാമെന്നാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ഡോ. സുധീർകുമാർ പറയുന്നത്.
മിനിട്ടുകളോളം നിർത്താതെ ചിരിച്ച ഒരു 53 കാരനെ ചികിത്സിക്കേണ്ടി വന്ന സംഭവം വിവരിക്കുകയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ. എക്സിൽ (ട്വിറ്റർ) ആണ് ഡോക്ടർ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
പോസ്റ്റിൽ മിസ്റ്റർ ശ്യാം(യഥാർഥ പേരല്ല) എന്ന് പരാമർശിക്കുന്ന 53 കാരനായ ആൾ വൈകുന്നേരം ചായ കുടിക്കുകയും കുടുംബത്തോടൊപ്പം ഒരു കോമഡി ഷോ കാണുകയും ചെയ്യുന്നതിനിടെയാണ് സംഭവം. കോമഡി ഷോ കണ്ട് ശ്യാം അനിയന്ത്രിതമായി ചിരിച്ചു. മറ്റുള്ളവർ ചിരി നിർത്തിയിട്ടും ശ്യാം ചിരി തുടർന്നു. എന്നാൽ ചിരിക്കുന്നതിനിടെ ശ്യാമിന്റെ കൈയിലെ ചായ കപ്പ് തെറിച്ചുപോകുകയും ഒരുവശം തളർന്ന് തറയിലേക്ക് വീഴുകയും ചെയ്തു. ശ്യാം ബോധരഹിതനായതോടെ വീട്ടുകാർ ഭയപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മകൾ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി, സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് അദ്ദേഹത്തെ ഡോ.സുധീർ കുമാറിന് റഫർ ചെയ്തു. രോഗിക്ക് ഹൃദയ പരിശോധന നടത്താൻ അദ്ദേഹം ശുപാർശ ചെയ്തു. പരിശോധനകളിലൊന്നും ഒരു കുഴപ്പവും കണ്ടെത്തിയില്ല. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മരുന്നൊന്നും നൽകിയില്ല. എന്നാൽ ലക്ഷണങ്ങളിൽനിന്ന് സിൻകോപ്പ് എന്ന തരം ഓർമനഷ്ടമുണ്ടാക്കുന്ന പ്രശ്നമാണ് ശ്യാമിനുണ്ടായതെന്ന് ഡോക്ടർ സുധീർ കുമാറിന് മനസിലായി. ഡോക്ടർ സംഭവം മുഴുവൻ എക്സിൽ ഷെയർ ചെയ്യുകയും ചെയ്തു. പോസ്റ്റ് വളരെ വേഗം വൈറലായി മാറി.
Laughter is the best medicine, however, in case of a 53-year-old, laughter resulted in a visit to emergency department
— Dr Sudhir Kumar MD DM (@hyderabaddoctor) May 29, 2024
53-year-old Mr Shyam (name changed) was enjoying a nice evening with his family over a cup of tea. They were watching a popular comedy show on TV. Mr Shyam… pic.twitter.com/TZJAM45QpC
നിർത്താതെ ചിരിച്ച് ഒരാൾ ബോധംകെട്ട് വീഴുമ്പോൾ ലാഫ്റ്റർ-ഇൻഡ്യൂസ്ഡ് സിൻകോപ്പ് എന്നറിയപ്പെടുന്ന അസാധാരണമായ ഒരു ആരോഗ്യപ്രശ്നം ഉണ്ടാകുന്നു. പലപ്പോഴും ബോധക്ഷയം എന്ന് വിളിക്കപ്പെടുന്ന, ഒരു പ്രശ്നമാണിത്. ഇത് സാധാരണയായി രക്തസമ്മർദ്ദം കുറയുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ പെട്ടെന്നുണ്ടാകുന്ന ബോധക്കേടായും കണക്കാക്കാറുണ്ട്. തലകറക്കം, വിളറിയ ചർമ്മം, വിയർപ്പ്, ഓക്കാനം എന്നിവയായിരിക്കാം അനുബന്ധ ലക്ഷണങ്ങൾ.
നിർത്താതെ ചിരിക്കുന്നത് മൂലം ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. ഹൃദയമിടിപ്പ് കൂടുക, നെഞ്ചുവേദന, അല്ലെങ്കിൽ പെട്ടെന്നുള്ള ഹൃദ്രോഗസംബന്ധിയായ അസുഖങ്ങൾക്കും നിർത്താതെയുള്ള ചിരി കാരണമായേക്കാം. വളരെ അപൂർവമായി ചിലരിൽ ഈ പ്രശ്നങ്ങൾ മരണത്തിലേക്ക് എത്തിക്കാം.
ചിരി മൂലം ഉണ്ടാകുന്ന ബോധക്ഷയത്തിന് പ്രത്യേക ചികിത്സയില്ല. എന്നാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒരിക്കൽ ഉണ്ടായവർ ആ സാഹചര്യങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്.