കൽക്കി 2898 എ.ഡി റിവ്യൂ- ബിഗ് ബിയുടെ തകർപ്പൻ പഞ്ചുകളും ദൃശ്യവിസ്മയവും

ബോക്സോഫീസിൽ തകർപ്പൻ കളക്ഷനുമായി തിയറ്ററുകളിൽ ആവേശമാകുകയാണ് കൽക്കി 2898 എ.ഡി എന്ന ബിഗ് ബജറ്റ് സിനിമ. മഹാഭാരതവുമായി ബന്ധപ്പെടുത്തി വിഷ്ണുവിന്‍റെ പത്താമത്തെ അവതാരത്തെ അടിസ്ഥാനമാക്കിയാണ് നാഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിത്രത്തിന്‍റെ സവിശേഷത. ആദ്യപകുതി അത്ര നന്നായില്ലെങ്കിലും രണ്ടാംപകുതിയിൽ അടിമുടി മാറുന്ന കാഴ്ചാനുഭവമാണ്. പ്രത്യേകിച്ച് അമിതാഭ് ബച്ചന്‍റെ വരവ് ത്രസിപ്പിക്കുന്നതാണ്. ആദ്യപകുതിയിലെ ഇഴച്ചിലും അനാവശ്യ ഹാസ്യവും ചെറുതായെങ്കിലും രസംകൊല്ലിയാക്കി എന്നതാണ് ഒരു നെഗറ്റീവ്.

നൂറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു ലോകത്ത് നടക്കുന്ന കഥ എന്ന രീതിയിലാണ് “കൽക്കി 2898 എഡി” എന്നത് 2898 അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥ മഹാഭാരതവുമായി വളരെ അടുത്തുനിൽക്കുന്നതും മഹാവിഷ്ണുവിൻ്റെ പത്താമത്തെ അവതാരമായ കൽക്കിയെ ചുറ്റിപ്പറ്റിയുള്ളതുമാണ്. ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാനാണ് കൽക്കി അവതരിക്കുന്നത്. ശ്രീകൃഷ്ണൻ അശ്വത്ഥാമാവിനെ (അമിതാഭ് ബച്ചനെ) ശപിച്ച മഹാഭാരത യുദ്ധത്തിൻ്റെ അനന്തരഫലങ്ങളും സിനിമ പറയുന്നുണ്ട്.

പ്രേക്ഷകരെ ത്രസിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന വിഷ്വലുകളാണ് കൽക്കി എന്ന സിനിമയുടെ മുഖ്യ പ്രത്യേകത. നിതിൻ സിഹാനി ചൗധരിയുടെ പ്രൊഡക്ഷൻ ഡിസൈൻ, അസാധാരണ കാഴ്ചഅനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

അശ്വത്ഥാമാവായുള്ള അമിതാഭ് ബച്ചൻ്റെ പ്രകടനമാണ് “കൽക്കി 2898 എഡി”യിലെ ഏറ്റവും എടുത്തു പറയേണ്ട കാര്യം കാര്യം. 80 വയസ് പിന്നിട്ടിട്ടും പ്രായത്തെ വെല്ലുന്ന അതുല്യമായ അഭിനയമാണ് ബിഗ് ബി പുറത്തെടുത്തത്. ദീപിക പദുകോണും തന്‍റെ വേഷം ഉജ്ജ്വലമാക്കി. ഒരു കൊമേഡിയനെ പോലെ വരുന്ന പ്രഭാസിന്‍റെ കഥാപാത്രം രണ്ടാം പകുതിയിൽ ചടുലമായ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. എന്നാൽ പ്രഭാസ് ചെയ്ത കോമഡി രംഗങ്ങൾ അത്ര രസകരമായി പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നില്ല എന്ന വിമർശനമുണ്ട്. നെഗറ്റീവ് റോളിലെത്തിയ കമൽഹാസൻ കുറച്ച് നേരം മാത്രമാണ് സിനിമയിലുള്ളതെങ്കിലും മികച്ച പ്രകടനമാണ് നടത്തിയത്. മറിയം എന്ന കഥാപാത്രമായി എത്തിയ മലയാളികളുടെ പ്രിയതാരം ശോഭനയും തിളങ്ങി. തമിഴ് താരം പാർഥിപൻ, മലയാളി യുവതാരം അന്ന ബെൻ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. എന്നാൽ സംഗീതസംവിധാനം നിരാശപ്പെടുത്തിയെങ്കിലും പശ്ചാത്തല സ്‌കോർ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായി.

അമാനുഷികവും ഉത്തരാധുനികവുമായ ദൃശ്യാനുഭവമാണ് “കൽക്കി 2898 എ.ഡി” പ്രേക്ഷകർക്ക് നൽകുന്നത്. മഹാഭാരതത്തിലെ സംഭവവികാസങ്ങുടെയും ഭാവി ലോകം എങ്ങനെയാകുമെന്നതിന്‍റെയും സമന്വയമാണ് ഈ ചിത്രം. ദൈവങ്ങളും നന്മയും തിന്മയും തമ്മിലുള്ള ഇതിഹാസ പോരാട്ടങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെ ആനയിക്കുന്ന, “കൽക്കി 2898 AD” തികച്ചും തൃപ്തികരമായ ഒരു ദൃശ്യ-ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.