എച്ച് എം പി വി വൈറസ്; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധർ

ചൈനയിൽ പടർന്നുപിടിക്കുന്ന പുതിയ വൈറസ് ബാധയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ. ലോകാരോഗ്യസംഘടനയോ ചൈനയിലെ ആരോഗ്യവകുപ്പോ ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇല്ല.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭീതി ജനിപ്പിക്കുന്ന വിവരങ്ങളിൽ ഭയപ്പെടേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണ ജലദോഷം പോലെ വന്നുപോകുന്ന ഒരു വൈറസ് മാത്രമാണിത്. സാധാരണ ശ്വാസകോശ അണുബാധകൾ വരാതിരിക്കാൻ കൈക്കൊള്ളുന്ന മുൻകരുതലുകൾ എടുത്താൽ മതിയാകും. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്താൽ മതിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ ദേശീയ മാധ്യങ്ങളോട് പറഞ്ഞു.

ആന്റിവൈറൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ എച്ച് എം പി വി പിടിപെടാതിരിക്കാൻ മുൻകരുതലുകൾ എടുക്കുകയാണ് പ്രധാനം. സാധാരണ ജലദോഷം പോലെ വന്നു പോകുന്ന വൈറസ് ബാധ അപൂർവ്വം സന്ദർഭങ്ങളിൽ പനിയുടെ ലക്ഷണങ്ങളും കാണിച്ചേക്കാം.

Content Summary: HMPV virus; Experts say no need to worry