കേരളത്തിൽ സുലഭമായി ലഭിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. അതുകൊണ്ടുതന്നെ ഭക്ഷണം പാകം ചെയ്യാനും ചർമ്മസംരക്ഷണത്തിനും മലയാളികൾ ആശ്രയിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്. വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും നിരവധി വാദങ്ങൾ നിലവിലുണ്ട്. ചർമ്മസംരക്ഷണത്തിൽ വെളിച്ചെണ്ണ എത്രമാത്രം ഫലപ്രദമാണ്?
പൂരിത കൊഴുപ്പിന്റെ ഒരു രൂപമായ മീഡിയം-ചെയിൻ ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. അവയാണ്:
ലോറിക് ആസിഡ്: 49%
മിറിസ്റ്റിക് ആസിഡ്: 18%
കാപ്രിലിക് ആസിഡ്: 8%
പാൽമിറ്റിക് ആസിഡ്: 8%
കാപ്രിക് ആസിഡ്: 7%
ഒലിക് ആസിഡ്: 6%
ലിനോലെയിക് ആസിഡ്: 2%
സ്റ്റിയറിക് ആസിഡ്: 2%
90% പൂരിത കൊഴുപ്പടങ്ങിയ വെളിച്ചെണ്ണയിൽ ചെറിയ അളവിൽ മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
ചർമ്മസംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാമോ?
ചർമ്മസംരക്ഷണത്തിന് മികച്ച ചേരുവയാണ് വെളിച്ചെണ്ണ. പണ്ടുമുതൽക്കേ മലയാളികളുടെ കേശ, ചർമ്മ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ മീഡിയം-ചെയിൻ ഫാറ്റി ആസിഡുകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ദോഷകരമായ സൂക്ഷ്മാണുക്കളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇവ സഹായിക്കും. മുഖക്കുരു, കോശജ്വലനം, ഫോളികുലൈറ്റിസ്, അത്‌ലറ്റ്‌സ് ഫൂട്ട് എന്നിവയുൾപ്പെടെ പല തരത്തിലുള്ള ചർമ്മ അണുബാധകളും ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് കാരണം ഉണ്ടാകുന്നതാണ്. ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. വെളിച്ചെണ്ണ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതാണ് കൂടുതൽ ഗുണം ചെയ്യുക.
വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളുടെ ഏകദേശം 50% വരുന്ന ലോറിക് ആസിഡുകൾക്ക് ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കാൻ കഴിയും. 20 വ്യത്യസ്തതരം ബാക്ടീരിയകൾക്കെതിരെ 30 തരം ഫാറ്റി ആസിഡുകളുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പരിശോധിച്ച ഒരു പഠനത്തിൽ ബാക്ടീരിയയുടെ വളർച്ച തടയുന്നതിൽ ലോറിക് ആസിഡ് ഏറ്റവും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു പഠനത്തിൽ കണ്ടെത്തിയത് ലോറിക് ആസിഡിന് മുഖക്കുരു ഉണ്ടാക്കുന്ന പ്രോപിയോണിബാക്ടീരിയം എന്ന ബാക്ടീരിയയെ നശിപ്പിക്കാൻ കഴിയുമെന്നാണ്.
ലോറിക് ആസിഡിന് പുറമേ വെളിച്ചെണ്ണയിൽ കാണപ്പെടുന്ന മറ്റൊരു മീഡിയം-ചെയിൻ ഫാറ്റി ആസിഡാണ് കാപ്രിക് ആസിഡ്. ലോറിക് ആസിഡ് പോലെ കാപ്രിക് ആസിഡിനും ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സോറിയാസിസ്, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, എക്‌സിമ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ചർമ്മരോഗങ്ങളുടെ ഭാഗമായി ചർമ്മത്തിൽ വീക്കം ഉണ്ടാകാറുണ്ട്. ഈ വീക്കം കുറയ്ക്കാനും വെളിച്ചെണ്ണക്ക് കഴിവുണ്ട്.
Also Read: ഉന്മേഷം നൽകുന്ന അമൃത്; കരിക്കിൻവെള്ളത്തിന്‍റെ 5 ഗുണങ്ങൾ
വരണ്ട ചർമ്മത്തിന് വെളിച്ചെണ്ണ അത്യുത്തമം
ചർമ്മരോഗങ്ങൾക്ക് പുറമേ വരണ്ട ചർമ്മത്തിനും പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
ഇവർ വെളിച്ചെണ്ണ ഉപയോഗിക്കരുത്!
വെളിച്ചെണ്ണ ചർമ്മത്തിന് ഗുണകരമാണെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണ എല്ലാവർക്കും ഗുണകരമാകാറില്ല.
- എണ്ണമയമുള്ള ചർമ്മമുള്ളവർ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇവരിൽ വെളിച്ചെണ്ണ ചർമ്മത്തിലെ സുഷിരങ്ങൾ അടയുകയും ബ്ലാക്ക്ഹെഡ്സിന് കാരണമാവുകയും ചെയ്യും.
- സെൻസിറ്റീവ് ചർമ്മമുള്ളവരും വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം ചർമ്മത്തിന് ദോഷകരമായേക്കാം.
എന്നാൽ, എണ്ണമയമുള്ളതോ വളരെ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവരും ഭക്ഷണത്തിൽ വെളിച്ചെണ്ണ ചേർക്കുന്നതിൽ കുഴപ്പമില്ല. വെളിച്ചെണ്ണയുടെ ഗുണങ്ങൾ ലഭിക്കാൻ ഈ രീതിയാണ് നല്ലത്.
Also Read: ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം
ഏത് തരം വെളിച്ചെണ്ണയാണ് നല്ലത്?
പച്ച തേങ്ങയിൽ നിന്നും ഉണക്കിയ തേങ്ങയിൽ നിന്നും വെളിച്ചെണ്ണ ഉണ്ടാക്കാം. പച്ചത്തേങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് വെർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്ക് വെളിച്ചെണ്ണ. ചർമ്മസംരക്ഷണത്തിന് മികച്ചത് വെർജിൻ കോക്കനട്ട് ഓയിലാണ്. സാധാരണ വെളിച്ചെണ്ണയെ അപേക്ഷിച്ച് ആന്റിഓക്‌സിഡന്റ് കൂടുതലുള്ളതും വെർജിൻ വെളിച്ചെണ്ണയിലാണ്.
Content Summary: Coconut oil benefits for skin.