ശരീരത്തിന്‍റെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ

നല്ലതുപോലെ വ്യക്തിശുചിത്വം പാലിക്കുന്ന ആളുകളിലും ചിലപ്പോൾ ശരീരദുർഗന്ധം അനുഭവപ്പെടാറുണ്ട്. ദിവസവും കുളിക്കുന്നവരിൽപ്പോലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. അമിതമായി വിയർക്കുന്നതും, മോശം ഭക്ഷണശീലവുമാണ് ഇത്തരത്തിൽ ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നത്. ഭക്ഷണ കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ഈ പ്രശ്നം ഒഴിവാക്കാനാകും. ശരീര ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പ്രശസ്ത ഡയറ്റീഷ്യനായ ഡോ. ജോർജ് മാത്യൂ പറയുന്നത് എന്താണെന്ന് നോക്കൂ…

ഉള്ളി, കുരുമുളക് പോലുള്ള ഭക്ഷ്യവസ്തുക്കൾ ചേർത്ത് പാചകം ചെയ്ത വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ വിയർപ്പും ദുർഗന്ധവും അനുഭവപ്പെടാൻ ഇടയാക്കുന്നു. അതേസമയം ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. ഈ ഭക്ഷണങ്ങളിൽ ചില രാസ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീര ദുർഗന്ധത്തെ ചെറുക്കാൻ സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഓറഞ്ചു നാരങ്ങയും

സിട്രസ് അടങ്ങിയിട്ടുള്ള ഓറഞ്ചും നാരങ്ങയും ഉപയോഗിക്കുന്നത് ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിൽ വിഷവസ്തുക്കൾ അടിയുന്നത് ഇല്ലാതാക്കുകയും അതുവഴി ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നതാണ് ഓറഞ്ചും നാരങ്ങയും. ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം അല്ലെങ്കിൽ ഫ്രഷ് ഓറഞ്ച് ജ്യൂസ് ദിവസവും ശീലമാക്കുക. ചെറു ചൂടുള്ള നാരങ്ങാവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഓറഞ്ച് ജ്യൂസ് രാവിലെയോ ഉച്ചയ്ക്കോ ഭക്ഷണത്തിനുശേഷം കുടിക്കാം. അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കുക. 

2. ഉലുവ

സാധാരണയായി നമ്മുടെ നാട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഉലുവ. കറികൾക്ക് മണവും ഗുണവും ലഭിക്കാൻ ഉലുവാപ്പൊടി ചേർക്കാറുണ്ട്. ഉലുവയുടെ വിത്തുകൾക്കും ഇലകൾക്കും ദുർഗന്ധത്തെ ചെറുക്കാനുള്ള കഴിവുണ്ട്, അത് ശരീരത്തിലെ വിഷവസ്തുക്കളെ തടയുന്നു. രാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുകയും വെള്ളത്തിൽ കുതിർത്ത ഉലുവ വിത്തുകൾ കഴിക്കുകയും ചെയ്യുക.

3. ഏലം

ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ഏലം. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് നല്ല മണവും ഗുണവും ലഭിക്കുന്നതിന് വേണ്ടിയാണ്. ദഹനം എളുപ്പമാക്കുന്നതിനും ഇത് സഹായിക്കും. ഒരു തരി ഏലക്ക ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വർദ്ധിപ്പിക്കുകയും ചെയ്യും.

4. ഇലക്കറികൾ

ധാരാളം പച്ച ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ചീരയിലും മറ്റ് പച്ച ഇലക്കറികളിലും ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, ഇത് ദുർഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കുന്നു. ശരീര ദുർഗന്ധം ഇല്ലാതാക്കാൻ ഏറെ ഫലപ്രദമാണ് ഈ ഇലക്കറികൾ.