പണ്ടുമുതലേ നമ്മുടെ ഭക്ഷണങ്ങളിൽ ചേർക്കുന്ന ചേരുവയാണ് വെളുത്തുള്ളി. പുരാതന സംസ്‌കാരണങ്ങളിൽ പലതരം രോഗങ്ങൾക്ക് മരുന്നായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം ആന്റിബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളത് വെളുത്തുള്ളിയെ ഒഴിച്ചുനിർത്താൻ പറ്റാത്ത ചേരുവയാക്കി മാറ്റുന്നു. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. രുചിയോടൊപ്പം ശരീരത്തിന് പലതരത്തിൽ പ്രയോജനകരമാണ് വെളുത്തുള്ളി.
ഹൃദയാരോഗ്യത്തിന്
വെളുത്തുള്ളിയിലെ രാസസംയുകതങ്ങൾക്ക് ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കുറയ്ക്കാനുള്ള കഴിവുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാനും വെളുത്തുള്ളിക്ക് സാധിക്കും. ഹൃദയാഘാതം ഉണ്ടാക്കുന്ന ഈ രണ്ട് അവസ്ഥകൾക്കും പ്രതിവിധിയാണ് വെളുത്തുള്ളി.
നല്ല ദഹനത്തിന്
വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹനം എളുപ്പമാക്കാൻ നല്ലതാണ്. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരശല്യം മാറാൻ ഉത്തമമാണ്. ആമാശയത്തിലെ ഗുണകരമായ ബാക്ടീരിയകളെ നിലനിർത്തി ഹാനികരമായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കുന്ന പ്രീബയോട്ടിക്സ് ഭക്ഷണത്തിന് മികച്ച ഉദാഹരണമാണ് വെളുത്തുള്ളി.
തലച്ചോറിന്റെ ആരോഗ്യത്തിന്
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും പോലുള്ള 20-ലധികം പോളിഫെനോളിക് ഘടകങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളും വെളുത്തുള്ളി നൽകുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറക്കുകയും ധാരാളം ആന്റിഓക്സിഡന്റുകൾ ഉൾക്കൊള്ളുകയും ചെയ്യുന്നതിനാൽ അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നീ രോഗങ്ങനെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും.
ആൻറിബയോട്ടിക് ഗുണങ്ങൾ
പുരാതനകാലം മുതൽക്കേ വെളുത്തുള്ളിയുടെ ആൻറിബയോട്ടിക് ഗുണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് തെളിയിക്കപ്പെട്ടതാണ്. പ്രധാനമായും അല്ലിസിൻ എന്ന പദാർത്ഥമാണ് വെളുത്തുള്ളിക്ക് ഈ ഗുണം നൽകുന്നത്. അജോയിൻ എന്ന മറ്റൊരു പദാർത്ഥം ഫംഗസ് ബാധകൾക്കെതിരെ പ്രവർത്തിക്കുന്നു.
രക്തശുദ്ധീകരണത്തിന്
വെളുത്തുള്ളിക്ക് രക്തം ശുദ്ധീകരിക്കാൻ കഴിവുണ്ട്. ഇത് നമ്മുടെ ശരീരത്തിനെ ശുദ്ധീകരിക്കുന്നു. ഇത് പ്രതിരോധശേഷി മെച്ചപ്പെടാനും കൂടുതൽ ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു.
ആരോഗ്യഗുണങ്ങൾ ലഭിക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം?
സമയാസമയത്ത് ആവശ്യത്തിനുള്ള വെളുത്തുള്ളി മാത്രം ചതച്ചെടുത്ത് ഉപയോഗിക്കുന്നതാണ് ഗുണകരമായ രീതി. വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രദം. ചൂടാക്കുമ്പോൾ പല ഗുണങ്ങളും നഷ്ടപ്പെടുന്നു. ചതച്ചെടുത്ത വെളുത്തുള്ളി ഉടൻ തന്നെ ചൂടാക്കാതെ ശ്രദ്ധിക്കണം. ചതച്ചതിനുശേഷമാണ് വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന പദാർത്ഥം രൂപപ്പെടുന്നത്. ഉടനെ ചൂടാക്കിയാൽ ഈ പദാർത്ഥം ഉണ്ടാകില്ല. വെളുത്തുള്ളി ചതച്ച് പത്ത് മിനിറ്റ് കഴിഞ്ഞശേഷം പാചകം ചെയ്യുന്നതാണ് ഫലപ്രദമായ രീതി. വെളുത്തുള്ളി കഴിക്കുന്നത് വായ്‌നാറ്റം ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ വെളുത്തുള്ളി കഴിച്ചതിനുശേഷം നന്നായി പല്ലുതേക്കുക.