രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന 7 സൂപ്പർഫുഡുകൾ

പ്രമേഹ രോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നത് രോഗത്തെ നിയന്ത്രിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു. ഈ ജീവിതശൈലി രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ശരീരഭാരം, ശാരീരികക്ഷമത, വ്യായാമം എന്നിവയും ജനിതക ഘടകങ്ങളും നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

  • ബ്രോക്കോളി

പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ ബ്രോക്കോളി ഒരു സൂപ്പർഫുഡാണെന്ന് ഒന്നിലധികം പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യൻമാരും പറയുന്നതനുസരിച്ച്, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇൻസുലിൻ സംവേദനക്ഷമത വികസിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബ്രോക്കോളി സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് പ്രയോജനകരമാണെന്ന വസ്തുതയ്ക്ക് ഇത് വിശ്വാസ്യത നൽകുന്നു. പച്ചക്കോ ചെറുതായി ആവിയിൽ വേവിക്കുകയോ ചെയ്യുന്നതാണ് കൂടുതൽ ഗുണകരം.

  • മത്തങ്ങ

നാരുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതും പോളിസാക്രറൈഡുകൾ പോലുള്ള കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതുമായ മത്തങ്ങ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമാണ്. മത്തങ്ങയുടെ വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പഠനങ്ങൾ അനുസരിച്ച് ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഹൈപ്പർ ഗ്ലൈസീമിയ, ഹൈപ്പർലിപിഡെമിയ, ലോ-ഗ്രേഡ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ഫലപ്രദമായി മെച്ചപ്പെടുത്താൻ ഡയറ്ററി പോളിസാക്രറൈഡുകൾക്ക് കഴിയും.

  • നട്സ്

പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കേണ്ട പ്രോട്ടീന്റെ ഏറ്റവും സാധാരണമായ ഉറവിടമാണ് നട്സ്. വിദഗ്ധരുടെ അഭിപ്രായത്തിൽ. ഭക്ഷണത്തിന് ഇടയിലുള്ള ലഘുഭക്ഷണമായി ബദാം, നിലക്കടല, വാൽനട്ട്, കശുവണ്ടി, പിസ്ത, ഹസൽനട്ട്, മക്കാഡാമിയ, പെക്കൻസ്, പൈൻ നട്ട്സ് എന്നിവ കഴിക്കാവുന്നതാണ്. ദിവസേന നട്സ് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് വരെയുള്ള ആരോഗ്യഗുണങ്ങൾ നൽകും. മാത്രമല്ല, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമായി നട്‌സ് അറിയപ്പെടുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും സ്ട്രോക്ക് അപകടസാധ്യത കുറയ്ക്കുന്നതിലൂടെയും പിത്തസഞ്ചിയിലെ കല്ലുകൾ തടയുന്നതിലൂടെയും ഹൃദ്രോഗങ്ങളെ ചെറുക്കാൻ അവ സഹായിക്കുന്നു. അണ്ടിപ്പരിപ്പും ബദാമും ദിവസവും കഴിക്കുന്നത് വെറും വയറ്റിലും ഭക്ഷണ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  • വെണ്ടയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് നിർണായകമായ പോളിസാക്രറൈഡുകൾ, ഫ്ലേവനോയിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിലെ പ്രധാന പോളിസാക്രറൈഡായ റംനോഗാലക്‌റ്റുറോണൻ ഒരു ശക്തമായ ആൻറി ഡയബറ്റിക് സംയുക്തമാണെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വെണ്ടയ്ക്കയിലെ ഫ്ലേവനോയ്ഡുകൾ ചില എൻസൈമുകളെ തടഞ്ഞുകൊണ്ട് രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്നു.

  • ഫ്ളാക്സ് സീഡുകൾ

നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയതിനാൽ നിങ്ങളുടെ HbA1c കൗണ്ട് ഗണ്യമായി കുറയ്ക്കാൻ തൈരിൽ ഫ്ളാക്സ് സീഡുകൾ ചേർത്ത് കഴിക്കാം. പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇത് ശരീരഭാരം നിലനിർത്താനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും നല്ലതാണ്. മെറ്റബോളിസത്തിലും കോശങ്ങളുടെ പ്രവർത്തനത്തിലും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിനായ തയാമിൻ ഫ്ളാക്സ് സീഡിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

  • ബീൻസും പയറും

മഗ്നീഷ്യം, ഫൈബർ, പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമായ ബീൻസ്, പയർ എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ബീൻസ്, പയർ എന്നിവയിലെ ലയിക്കുന്ന നാരുകളും അന്നജവും ദഹനത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിക്കുന്നത് തടയുകയും ചെയ്യുന്നു.

  • തൈര്

തൈര് പോലുള്ള പുളിപ്പിച്ച പാലുൽപ്പന്നങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും ഏകദേശം 600 മില്ലി പ്രോബയോട്ടിക് അടങ്ങിയ തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയും HbA1c യും ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

Content Summary: 7 Superfoods To Control Blood Sugar