Last Updated on December 24, 2022
നട്സ് കഴിക്കുന്നത് നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. ദിവസേനയുള്ള ഭക്ഷണത്തിൽ ഒരു പിടി നട്സ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. എളുപ്പം ലഭ്യമായതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ നട്സ് ആണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണെന്ന് നോക്കാം.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ബദാം കഴിക്കുന്നത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) എന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബദാമിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നു
ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും ബദാം ശരീരഭാരം കുറയാൻ സഹായിക്കും. ബദാമിലെ പ്രോട്ടീനും ഫൈബറും വയർ നിറക്കുന്നു. ഇത് വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും. അങ്ങനെ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു
ബദാം രക്തസമ്മർദ്ദം കുറയാൻ സഹായിക്കുന്നു. ബദാമിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഇത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.
അസ്ഥികളെ ബലപ്പെടുത്തുന്നു
ബദാമിൽ കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ ബദാമിന് കഴിവുണ്ട്. ഇത് പ്രമേഹമുള്ളവരിൽ ഗുണകരമാണ്.