ഈ പുതുവർഷത്തിൽ യുവത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന 4 കാര്യങ്ങൾ

വാർദ്ധക്യം ഒരു യാഥാർഥ്യമാണ്. 50-60 വയസ് പിന്നിടുന്നതോടെ വാർദ്ധക്യസംബന്ധമായ പ്രശ്നങ്ങൾ പിടികൂടും. പ്രായമാകുന്നത് മിക്കവരെയും മാനസികമായി വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാൽ യുവത്വം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യം നിലനിർത്തുകയും ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് വൈകിപ്പിക്കുന്നതുമാണ് ഇക്കാര്യത്തിൽ പ്രധാനം. ഭക്ഷണ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രായമേറുന്നത് വൈകിപ്പിക്കാനും, ഏറെക്കാലം ചുറുചുറുക്കോടെ മുന്നോട്ടുപോകാനും സാധിക്കും. അത്തരത്തിൽ ഈ പുതുവർഷത്തിൽ യുവത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന 4 ഭക്ഷണ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

1. നന്നായി ഭക്ഷണം കഴിക്കാം, പക്ഷേ…

ആരോഗ്യകരമായ ഭക്ഷണശീലമാണ് പ്രധാനം. നന്നായി ഭക്ഷണം കഴിക്കാം. പക്ഷേ പഞ്ചസാര, ഉപ്പ്, എണ്ണ, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വിപരീതഫലമുണ്ടാക്കും. അനാരോഗ്യവും വാർദ്ധക്യവും വളരെ വേഗം പിടികൂടുകയും ചെയ്യും. വളരെയധികം പഞ്ചസാരയും പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകളും കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിലെ കൊളാജനിൽ കേടുപാടുകൾ വരുത്തും. എന്നാൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണെങ്കിൽ പ്രായമേറുന്നത് വൈകിപ്പിക്കാൻ കഴിയും. ഇലക്കറികളും പച്ചക്കറികളും പഴങ്ങളും നട്ട്സുമൊക്കെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളമായി വെള്ളം കുടിക്കുക. ഈ ഭക്ഷണങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയയെ പ്രതിരോധിക്കുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷണങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. 

2. ഈ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം

ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈ, എണ്ണയിൽ വറുത്ത എല്ലാത്തരം ഭക്ഷണങ്ങളും തീർത്തും ഒഴിവാക്കുക. ഇവ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ആന്തരികാവയവങ്ങളെ വളരെ വേഗം പ്രായമാകാനും, ചർമ്മത്തിൽ ചളിവുകൾ വീഴാനും കാരണമാകും. പ്രത്യേകിച്ച് ട്രാൻസ് ഫാറ്റ് അടങ്ങിയ ബേക്കറി ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ LDL അഥവാ “മോശം” കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും HDL അഥവാ “നല്ല” കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും, ഇങ്ങനെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. പുറത്തുവനിന്ന് പാക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ അവയിലെ ലേബൽ ശ്രദ്ധിച്ച് അതിൽ അടങ്ങിയിട്ടുള്ള ട്രാൻസ് ഫാറ്റ് അളവ്, ഉപയോഗിച്ചിരിക്കുന്ന എണ്ണകൾ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി വേണം ഉപയോഗിക്കേണ്ടത്. അതുപോലെ പൂരിത കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ള എല്ലാത്തരം സംസ്ക്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും പൂർണമായും ഒഴിവാക്കുക. ബീഫ്, മട്ടൻ പോലെയുള്ള റെഡ് മീറ്റാണ് ഒഴിവാക്കേണ്ട മറ്റ് ഭക്ഷ്യവസ്തുക്കൾ. കാരണം ഇവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്.

3 ഒഴിവാക്കാം ഈ ദുശീലങ്ങൾ

യുവത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മദ്യപാനം, പുകവലി, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ ദുശീലങ്ങളോട് ബൈ പറയുക. മിതമായ മദ്യപാനം നിങ്ങളുടെ ഹൃദയത്തിന് നല്ലതായിരിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അതിനെ ആധികാരികമായി കണക്കാക്കാനാകില്ല. കൂടാതെ മദ്യപാനം കരൾ ഉൾപ്പടെയുള്ള അവയവങ്ങൾക്ക് അനാരോഗ്യകരവുമാണ്. അതുപോലെ അമിതമായ മദ്യപാനം പ്രായമേറുന്നത് എളുപ്പത്തിലാക്കും. 

4. തീർച്ചയായും കഴിക്കേണ്ട ഭക്ഷണങ്ങൾ 

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ യുവത്വം നിലനിർത്താനും നിങ്ങളെ ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കും. കഴിയുന്നത്ര പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കഴിക്കുക. അതായത് ആപ്പിൾ സോസ് അല്ല, ഫ്രെഷ് ആപ്പിളാണ് ആരോഗ്യം നൽകുക. വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ചീര പോലെയുള്ള ഇലക്കറികൾ, ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങൾ, ബ്രോക്കോളി എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ലൈക്കോപീൻ എന്ന ആന്‍റീ ഓക്സിഡന്‍റ് അടങ്ങിയിട്ടുള്ള തക്കാളി, തണ്ണിമത്തൻ, മുന്തിരി, പേരക്ക, ശതാവരി, ചുവന്ന കാബേജ് എന്നിവയും മികച്ച ഭക്ഷണങ്ങളാണ്. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അയല, ചൂര, മത്തി(ചാള), സാൽമൺ പോലെയുള്ള മൽസ്യവിഭവങ്ങളും സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള പയർ, ബീൻസ്, ബ്ലാക്ക് ബീൻസ്, സ്പ്ലിറ്റ് പീസ്, ലിമാസ്, പിന്റോസ്, ചെറുപയർ എന്നിവയും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു കാര്യം ഓട്സ് ആണ്. അതിനൊപ്പം ഗോതമ്പ് ബ്രെഡും പാസ്തയും, ചുവന്ന അരിയുമൊക്കെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.