സൂപ്പർ ഫ്രൂട്ട് അവോക്കാഡോ; ഗുണങ്ങൾ ഏറെയുണ്ട്! 

മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്ന പഴമാണ് അവോക്കാഡോ. വിഷാദരോഗത്തെയും കാൻസറിനെയും ചെറുക്കാനും അവോക്കാഡോയ്ക്ക് കഴിയും. 

എന്താണ് അവോക്കാഡോ?

ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന പഴമാണ് അവോക്കാഡോ. ഇതിന്റെ മാംസം വെണ്ണ പോലെ ആണ്. മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതിനെ വെണ്ണപ്പഴം എന്ന് വിളിക്കുന്നു. ഇന്ത്യയിൽ ബാംഗ്ലൂർ, കുടക്, നീലഗിരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ വെണ്ണപ്പഴം കൃഷി ചെയ്യുന്നുണ്ട്. 

എന്തൊക്കെ ഗുണങ്ങൾ? 

പോഷകഗുണങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ. പൊട്ടാസ്യം, വൈറ്റമിൻ ബി, ഇ, കെ, സി, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധി പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

ശരീരഭാരം കുറയ്ക്കുന്നു 

അവോക്കാഡോയുടെ ഏറ്റവും ജനപ്രിയമായ ഗുണമാണിത്. ഫൈബറിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. അവോക്കാഡോയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. 

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു 

അവോക്കാഡോയിൽ ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന പ്രകൃതിദത്ത സസ്യ സ്റ്റിറോൾ അടങ്ങിയിട്ടുണ്ട്. ബീറ്റാ-സിറ്റോസ്റ്റെറോളും മറ്റ് സസ്യ സ്റ്റിറോളുകളും പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. അവ ഹൃദയ ധമനികളുടെയും സിരകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. 

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

പൊട്ടാസ്യം, സോഡിയം എന്നിവയുടെ നല്ല ഉറവിടമാണ് അവോക്കാഡോ. ഇവ രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്തുന്നു. ഇങ്ങനെ ഹൃദയാഘാതം തടയാൻ സഹായിക്കുന്നു.

കാഴ്ച മെച്ചപ്പെടുത്തുന്നു 

അവോക്കാഡോയിലെ ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും കണ്ണിന് ഗുണം ചെയ്യും. അവക്കാഡോയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ രണ്ട് ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. കൂടാതെ വൈറ്റമിൻ എയുടെ സാന്നിധ്യവും കണ്ണുകൾക്ക് പ്രയോജനകരമാണ്. 

ക്യാൻസറിനെ ചെറുക്കുന്നു

വൻകുടൽ, ആമാശയം, പാൻക്രിയാറ്റിക്, സെർവിക്കൽ ക്യാൻസറുകളെ ചെറുക്കാൻ അവോക്കാഡോ സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. 

ദഹനം മെച്ചപ്പെടുത്തുന്നു

അവോക്കാഡോയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം എന്നിവ തടയാനും വൻകുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും നാരുകൾ സഹായിക്കുന്നു.

ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് 

അവോക്കാഡോയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഗർഭിണികൾ അവോക്കാഡോ കഴിക്കുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

വിഷാദം കുറയ്ക്കുന്നു 

ഫോളേറ്റിന്റെ സാന്നിധ്യം വിഷാദത്തെ ചെറുക്കുന്നു.  തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെയും പോഷകങ്ങളുടെ വിതരണത്തെയും തടസ്സപ്പെടുത്തുന്ന ഹോമോസിസ്റ്റീൻ എന്ന പദാർത്ഥത്തിന്റെ ഉത്പാദനം തടയാൻ ഇതിന് കഴിവുണ്ട്.നല്ല ഉറക്കവും മാനസികാവസ്ഥയും ലഭിക്കാൻ ഇത് സഹായിക്കുന്നു.

ചർമ്മത്തിന് തിളക്കം നൽകുന്നു

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫാറ്റി ആസിഡുകൾ എന്നിങ്ങനെ വിവിധ പോഷകങ്ങളുടെ കലവറയാണ് അവോക്കാഡോ. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. 

ഇങ്ങനെ ഒട്ടനവധി ഗുണങ്ങളുള്ള അവോക്കാഡോ ഒരു സൂപ്പർ ഫ്രൂട്ട് ആണെന്ന് പറയാം. 

Content Summary: Health benefits of avocado