പഴത്തൊലി വലിച്ചെറിയേണ്ട; അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം

ലോകമെമ്പാടും പ്രചാരത്തിലുള്ള മധുരവും മൃദുവായതുമായ പഴമാണ് വാഴപ്പഴം. ഏറെ പോഷകഗുണമുള്ളതാണ് ഇവ. ഏറ്റവുമധികം ആളുകൾ കഴിക്കുന്ന പഴവും വാഴപ്പഴമാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് നേന്ത്രപ്പഴം. പൊട്ടാസ്യം ഉൾപ്പടെയുള്ള വിവിധ വിറ്റാമിനുകളുടെ കലവറ കൂടിയാണ് ഏത്തപ്പഴം. എന്നാൽ പഴം കഴിക്കുന്നവർ അതിൻറെ തൊലി ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. പഴത്തൊലിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

വാഴപ്പഴവും അതിൻറെ തൊലിയും പഴുക്കുന്നതിൻറെ തോത് അനുസരിച്ച് വ്യത്യസ്ത ആരോഗ്യ ഗുണങ്ങളാണ് ലഭ്യമാകുന്നത്. പഴുക്കാത്ത പച്ച ഏത്തപ്പഴത്തിൻറെ തൊലി ദഹനപ്രശ്‌നങ്ങൾക്ക് ഏറെ ഫലപ്രദമാണ്. അതേസമയം, പഴുത്തതും കറുത്തതുമായ വാഴപ്പഴം രോഗത്തെയും അണുബാധയെയും പ്രതിരോധിക്കാൻ വെളുത്ത രക്താണുക്കളെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പഴത്തോലിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ:

വിഷാദത്തിൽനിന്ന് മുക്തി

വാഴപ്പഴത്തിലെ ഉയർന്ന അളവിലുള്ള ട്രിപ്റ്റോഫാൻ പഴത്തൊലിയിലെ ബി 6 വിറ്റാമിനുമായി ചേർന്ന് പ്രവർത്തിക്കുന്നത് വിഷാദരോഗത്തിന്റെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും ചില ലക്ഷണങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ട്രിപ്റ്റോഫാൻ വിഘടിച്ച് സെറോടോണിൻ ആയി മാറുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. വിറ്റാമിൻ ബി 6 ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കാലക്രമേണ മാനസികാവസ്ഥയെ നല്ല രീതിയിലേക്ക് മാറ്റും.

ദഹനത്തിന് ഉത്തമം

നാരുകൾകൊണ്ട് സമ്പുഷ്ടമായ വാഴപ്പഴത്തിന്റെ തൊലി ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധവും വയറിളക്കവും ശമിപ്പിക്കാനും സഹായിക്കും. ക്രോൺസ് രോഗം അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള ആളുകൾക്ക് ഏറെ ഫലപ്രദമാണ് വാഴപ്പഴത്തിൻറെ തൊലി.

കണ്ണിൻറെ ആരോഗ്യത്തിന്

വിറ്റാമിൻ എ കണ്ണുകൾക്ക് ഏറെ ആരോഗ്യപ്രദമാണ്. ഏത്തപ്പഴത്തിലും അതിൻറെ തൊലിയിലും വിറ്റാമിൻ എ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഏത്തപ്പഴവും അതിൻറെ തൊലിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിൻറെ ആരോഗ്യത്തിന് നല്ലതാണ്.

ക്യാൻസർ സാധ്യത കുറയ്ക്കാം

ശരീരത്തിലെ ക്യാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന പോളിഫിനോൾ, കരോട്ടിനോയിഡുകൾ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ പഴത്തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണഗതിയിൽ പഴത്തൊലി ഉപയോഗിച്ച് വിവിധ വിഭവങ്ങളുണ്ടാക്കി കഴിക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് പച്ചയായതും പഴുക്കാത്തതുമായ തൊലികൾ. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുകയും ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.