ചൂടാണെന്ന് കരുതി എന്നും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണോ?

വേനൽ കനത്തതോടെ ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള മാർഗങ്ങൾ തേടുകയാണ് മിക്കവരും. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തണ്ണിമത്തൻ പോലെയുള്ള പഴങ്ങളും കഴിക്കുന്നവരുണ്ട്. നമ്മുടെ നാട്ടിൽ വേനൽക്കാലത്ത് ധാരാളം ചെലവുള്ള ഒരു പഴമാണ് തണ്ണിത്തൻ. തണ്ണിമത്തൻ എന്നും കഴിക്കുന്നത് ശരീരത്തിന് നല്ലതാണോയെന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. എന്നാൽ തണ്ണിമത്തൻ ദിവസേന കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ധാരാളം ഗുണമുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. തണ്ണിമത്തൻ കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം…

ആരോഗ്യമുള്ള ചർമ്മം

തണ്ണിമത്തൻ ശരീരത്തിന് മാത്രമല്ല, ചർമ്മത്തിനും ഏറെ ഗുണകരമാണ്. ഇതിലെ ജലാംശം ചർമ്മത്തെ മൃദുവും ശക്തവുമാക്കുന്നു. തണ്ണിമത്തനിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തിൽ ചുളിവ് വീഴുന്നത് തടയുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

തണ്ണിമത്തനിൽ സോഡിയം ഒട്ടും അടങ്ങിയിട്ടില്ല, തന്നെയുമല്ല ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുമുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ തണ്ണിമത്തന് കഴിയും.

കണ്ണുകൾക്ക് ഗുണം ചെയ്യും

തണ്ണിമത്തനിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തവും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Also Read: വേനലിൽ ഉരുകില്ല; ഈ ഭക്ഷണങ്ങൾ കഴിക്കൂ

പേശിവേദന തടയുന്നു

വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണത്തിന് തണ്ണിമത്തൻ മികച്ചതാണ്. വ്യായാമത്തിന് ശേഷമുള്ള പേശിവേദന തടയാനും ശരീരത്തിലെ ജലാംശം നിലനിർത്താനും തണ്ണിമത്തൻ ഫലപ്രദമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

തണ്ണിമത്തനിൽ വെറും 30 കലോറി മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇതിനെ നെഗറ്റീവ് കലോറി ഭക്ഷണം എന്ന് വിളിക്കുന്നു. അതായത് ഇത് കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ദഹനത്തിലൂടെ കത്തിക്കുന്നു. തണ്ണിമത്തൻ ദഹനം എളുപ്പമാക്കുന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാനാകും.

Content Summary: Benefits of eating watermelon in summer season