ഈന്തപ്പഴം; ആരോഗ്യഗുണങ്ങൾ അറിയാം

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് ഈന്തപ്പഴം. ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. സമൂത്തികളിലും ജ്യൂസുകളിലും മധുരത്തിന് വേണ്ടി ഈന്തപ്പഴം ചേർക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. എന്തൊക്കെയാണ് ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ എന്ന് നോക്കാം.

ഒന്നിലധികം ആന്റിഓക്‌സിഡന്റുകൾ

ഈന്തപ്പഴത്തിൽ ഒന്നിലധികം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പലതരത്തിൽ പ്രയോജനകരമാണ്.

  • കരോട്ടിനോയിഡുകൾ: ഹൃദയാരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും സഹായിക്കുന്ന ആന്റിഓക്സിഡന്റ്
  • ഫ്ലേവനോയിഡുകൾ: പ്രമേഹം, അൽഷിമേഴ്‌സ്, ചിലതരം കാൻസറുകൾ എന്നിവയെ പ്രതിരോധിക്കുന്നു.
  • ഫിനോലിക് ആസിഡ്: ചിലതരം കാൻസറുകൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുന്നു.

എല്ലുകൾക്ക് ബലം നൽകുന്നു

ഈന്തപ്പഴത്തിൽ കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവ എല്ലുകൾക്ക് ആരോഗ്യം നൽകുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്ന വിറ്റാമിൻ കെയും ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഈന്തപ്പഴത്തിലെ കോളിൻ, വിറ്റാമിൻ ബി എന്നിവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗം പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ചർമ്മ സംരക്ഷണത്തിന്

ഈന്തപ്പഴത്തിലെ വിറ്റാമിൻ സി, ഡി എന്നിവ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മം മിനുസമാകാനും സഹായിക്കുന്നു.

സ്ത്രീകളിൽ

ഈന്തപ്പഴം കഴിക്കുന്നതുകൊണ്ട് സ്ത്രീകൾക്ക് ഒന്നിലേറെ ഗുണങ്ങളുണ്ട്.

  • അയേണിന്റെ അപര്യാപ്തത ഇല്ലാതാക്കുന്നു. ഹീമോഗ്ലോബിൻ അളവ് കുറയുന്നത് സ്ത്രീകളിൽ സാധാരണമാണ്. പ്രകൃതിദത്തമായി ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഉള്ള മികച്ച മാർഗ്ഗമാണ് ഈന്തപ്പഴം.
  • സുഖ പ്രസവത്തിന് സഹായിക്കുന്നു. ഗർഭകാലത്തിന്റെ അവസാന ഘട്ടങ്ങളിൽ ഈന്തപ്പഴം കഴിക്കുന്നത് സ്വാഭാവിക പ്രസവം നടക്കാൻ സഹായിക്കും. പ്രസവ സമയത്ത് ഗർഭാശയ പേശികളുടെ സങ്കോചം സുഗമമാക്കാൻ ഇത് സഹായിക്കും.
  • ഗർഭകാലത്ത് പൈൽസ് ഉണ്ടാകുന്നത് തടയുന്നു. ഗർഭകാലത്ത് പൈൽസ് ഉണ്ടാകുന്നത് സാധാരണമാണ്. ധാരാളം നാരുകളടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഈ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കും.

പുരുഷന്മാരിൽ

ഈന്തപ്പഴം കഴിക്കുന്നത് പുരുഷന്മാരിലും നിരവധി ഗുണങ്ങൾ ഉണ്ടാക്കും.

  • ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈന്തപ്പഴത്തിന് ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.
  • ബീജത്തിന്റെ ഗുണം വർദ്ധിപ്പിക്കുന്നു. ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഫ്ലേവനോയ്ഡുകളും എസ്ട്രാഡിയോളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം അളവിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ആസ്ത്മയോ മറ്റ് അസുഖങ്ങളോ ഉള്ളവർ ഈന്തപ്പഴം കൂടുതൽ കഴിച്ചാൽ ഗുണത്തേക്കാൾ ദോഷം ചെയ്യും. ഒരു ദിവസം 3 മുതൽ 6 വരെ എണ്ണം ഈന്തപ്പഴങ്ങൾ കഴിക്കുന്നതാണ് ആരോഗ്യകരം.