ഗീ കോഫി സെലിബ്രിറ്റികളുടെ ഇഷ്ടപാനീയം; കാരണമിതാണ്

പല സെലിബ്രിറ്റികളും ദിവസം ആരംഭിക്കുന്നത് ഗീ കോഫിയിലാണ്. എന്താണ് ഗീ കോഫിക്ക് ഇത്ര പ്രത്യേകത എന്നല്ലേ. കാപ്പിയും നെയ്യും ചേർന്ന ഈ പാനീയത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

നെയ്യ് ദഹനത്തിന് നല്ലതാണെന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാപ്പിയുമായി ചേരുമ്പോൾ ഈ ഗുണങ്ങൾ വർദ്ധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നെയ്യോ വെണ്ണയോ ചേർക്കുന്ന ഈ കാപ്പി ‘ബുള്ളറ്റ് പ്രൂഫ് കോഫി’ എന്നാണ് അറിയപ്പെടുന്നത്.

എന്തൊക്കെയാണ് ഗീ കോഫിയുടെ ഗുണങ്ങൾ എന്ന് നോക്കാം..

സ്ഥിരതയുള്ള ഊർജ്ജം നൽകുന്നു

സാധാരണ കോഫി കുടിക്കുമ്പോൾ പെട്ടെന്നുള്ള ഊർജ്ജമാണ് ലഭിക്കുക. എന്നാൽ ഗീ കോഫി ദീർഘനേരത്തേക്ക് സ്ഥിരതയുള്ള ഊർജ്ജം നൽകുന്നു. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കഫീൻ ആഗിരണത്തെ മന്ദഗതിയിലാക്കുന്നതാണ് ഇതിന് കാരണം. ഇത് ആളുകളുടെ ഉൽപ്പാദനക്ഷമത കൂട്ടാൻ സഹായകരമാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

നെയ്യിൽ ബ്യൂട്ടറേറ്റ് എന്ന ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ആരോഗ്യകരമായ ദഹനപ്രക്രിയ നൽകുന്നതിനൊപ്പം കൂടുതൽ സമയം വിശപ്പ് തോന്നാതിരിക്കാനും ഇത് സഹായിക്കും. ഇങ്ങനെ അമിതമായ ശരീരഭാരം കുറയ്ക്കാനും ഗീ കോഫി ഉപകാരപ്രദമാണ്.

Also Read | നെയ്യ് ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ട കാര്യങ്ങൾ

വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു

നെയ്യിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, കഫീനുമായി ചേർന്ന്, തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, ശ്രദ്ധയും മാനസിക വ്യക്തതയും മെച്ചപ്പെടുത്തുന്നു. ഈ സിനർജി വൈജ്ഞാനിക പ്രകടനത്തെ വർധിപ്പിക്കുന്നു. അതുകൊണ്ടാണ് സെലിബ്രിറ്റികൾക്കും തിരക്കേറിയ പ്രൊഫഷണലുകൾക്കും ഗീ കോഫി പ്രിയപ്പെട്ടതാകുന്നത്.

പോഷകസമൃദ്ധം

കാപ്പിയിലും നെയ്യിലും ധാരാളം പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ടും സംയോജിക്കുമ്പോൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ വിറ്റാമിനുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ടാണ് സെലിബ്രിറ്റികൾ ഗീ കോഫി ഇഷ്ടപ്പെടുന്നത്?

ഇക്കാലത്തെ ഫിറ്റ്നസ് ദിനചര്യകളോട് പൊരുത്തപ്പെട്ട് പോകാൻ കഴിയുന്ന ഒരു ആരോഗ്യകരമായ പാനീയമാണ് ഗീ കോഫി. തിരക്കുപിടിച്ച ജീവിതക്രമത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമാണെന്നതും ഒക്കെയാണ് ഗീ കോഫി സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ടതാകാൻ കാരണം.

Also Read | കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? നെയ്യിൽ ഈ ചേരുവകൾ ചേർത്ത് കഴിച്ചോളൂ