മുമ്പത്തേക്കാൾ കൂടുതലായി ആളുകൾ കുടലിന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ്. കുടലിന്റെ ആരോഗ്യവും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. അനുയോജ്യമായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഇതിനുള്ള എളുപ്പവഴി. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതൽ കഴിക്കുകയും മധുരം, സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം എന്നിവ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും വേണം. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം എന്ന് നോക്കാം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പുളിപ്പിച്ച ഭക്ഷണങ്ങൾ
തൈര് പോലുള്ള പുളിപിച്ച ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പുളിപ്പിച്ച ഭക്ഷണങ്ങളിൽ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകളായ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു.
പുളിച്ചമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ദോശ, ഇഡ്ലി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.
Also Read: നല്ല ആരോഗ്യത്തിന് ബാക്ടീരിയകൾ; എന്താണ് പ്രോബയോട്ടിക്കുകൾ?
പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ
പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന തന്മാത്രകളാണ് പോളിഫെനോൾ. നിറം നൽകുന്ന തന്മാത്രകളാണിവ. ഇവ പ്രീബയോട്ടിക്സ് പോലെ പ്രവർത്തിക്കുന്നു. കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചക്ക് സഹായകമാകുന്ന ഘടകമാണ് പ്രീബയോട്ടിക്സ്. ഇത് കുടലിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു.
ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ
ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തെ സഹായിക്കാനും സഹായിക്കുന്നവയാണ്. കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ആന്റി ഓക്സിഡൻറുകൾക്ക് കഴിവുണ്ട്. ബെറികൾ, ഇലക്കറികൾ, കറുത്ത ചോക്ലേറ്റ് എന്നിവ ഇത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണമാണ്.
ഓർക്കുക, ഈ ഭക്ഷണരീതികൾ എല്ലാവരിലും ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. സീലിയാക് ഡിസീസ് അല്ലെങ്കിൽ SIBO (ചെറുകുടലിൽ ബാക്ടീരിയയുടെ വളർച്ച) പോലുള്ള പ്രത്യേക പ്രശ്നങ്ങളുള്ള ആളുകൾക്ക് വ്യത്യസ്തവും കൂടുതൽ നിർദ്ദിഷ്ടവുമായ ഭക്ഷണക്രമം ആവശ്യമായി വന്നേക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട അസ്വാസ്ഥതകളോ കുടലുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
Content Summary: Gut Health: Eat these foods for a better digestive system