ഹാർവാർഡ് ഡയറ്റ്: ആരോഗ്യത്തിലേക്ക് ഒരു ചുവടുവെപ്പ്

കീറ്റോ, മെഡിറ്ററേനിയൻ, മൈൻഡ് ഡയറ്റ് അങ്ങനെ നിരവധി ഡയറ്റുകളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഹെൽത്തി ഈറ്റിംഗ് പ്ലേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

2011-ൽ, ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പോഷകാഹാര വിദഗ്ധർ ഹാർവാർഡ് ഹെൽത്ത് പബ്ലിക്കേഷൻസിലെ ഗവേഷകരോടൊപ്പം ചേർന്ന് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണരീതി തയ്യാറാക്കി. അതാണ് ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്.

ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പോഷകാഹാര അധ്യാപകനായ ലിലിയൻ ച്യൂങ് പറയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിവിധ തരം ക്യാൻസറുകൾ, ടൈപ്പ് 2 പ്രമേഹം പോലുള്ള പ്രധാനപ്പെട്ട ചില വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ തടയാൻ ഈ ഭക്ഷണരീതി സഹായകരമാകുമെന്നാണ്.

ഇന്ന് ആളുകൾ ഏറ്റവുമധികം അന്വേഷിക്കുന്നത് എങ്ങനെ കൂടുതൽ കാലം ജീവിക്കാം എന്നതാണ്. അത്തരക്കാർക്ക് ആശ്വാസമാണ് ഹാർവാർഡ് ഡയറ്റ്.

എന്താണ് ഹാർവാർഡിന്റെ ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്?

ആരോഗ്യകരമായ ഒരു ആഹാരരീതി പിന്തുടരാൻ വേണ്ടി ഒരു ഗൈഡായി ഉപയോഗപ്പെടുത്താവുന്ന ഡയറ്റാണ് ഹാർവാർഡിന്റെ ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്. ഭക്ഷണത്തിൽ എന്തൊക്കെ ഏതൊക്കെ അളവിൽ ഉൾപ്പെടുത്തണമെന്ന് ഇതിൽ വിശദീകരിക്കുന്നു.

1. ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക

നിങ്ങളുടെ പ്ലേറ്റിന്റെ പകുതി പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. അതായത്, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ പകുതിയും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ഹെൽത്തി ഈറ്റിംഗ് പ്ലേറ്റിൽ ഉരുളക്കിഴങ്ങ് പച്ചക്കറിയായി കണക്കാക്കുന്നില്ല. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടും എന്നതുകൊണ്ടാണിത്.

2. ധാന്യങ്ങൾ

പ്ലേറ്റിന്റെ കാൽ ഭാഗം ധാന്യങ്ങളായിരിക്കണം. ഗോതമ്പ്, ബാർലി, കീൻവ, ഓട്‌സ്, ബ്രൗൺ റൈസ് അല്ലെങ്കിൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന പാസ്ത, ബ്രഡ് തുടങ്ങിയവ ഉൾപ്പെടുത്താം.

3. പ്രോട്ടീൻ

നിങ്ങളുടെ പ്ലേറ്റിൽ ബാക്കി വരുന്ന കാൽ ഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൊണ്ട് നിറയ്ക്കണം. മത്സ്യം, കോഴി, ബീൻസ്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം ആരോഗ്യകരവും വൈവിധ്യമാർന്നതുമായ പ്രോട്ടീൻ സ്രോതസ്സുകളാണ്. ചുവന്ന മാംസം വളരെക്കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. ബേക്കൺ, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ ഒഴിവാക്കുക.

Also Read: ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ള 6 മൽസ്യങ്ങൾ

4. സസ്യ എണ്ണകൾ

ഒലിവ്, കനോല, സോയ, ധാന്യം, സൂര്യകാന്തി, നിലക്കടല തുടങ്ങിയവ പോലുള്ള ആരോഗ്യകരമായ സസ്യ എണ്ണകൾ മിതമായ അളവിൽ ഉപയോഗിക്കുക. സാലഡുകളിൽ ചേർക്കാനും ഭക്ഷണം പാകം ചെയ്യാനും ഇവ ഉപയോഗിക്കാം.

5. വെള്ളം, കാപ്പി അല്ലെങ്കിൽ ചായ

ധാരാളം വെള്ളം കുടിക്കുക. കാപ്പി, ചായ എന്നിവ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക. പാലും പാലുൽപ്പന്നങ്ങളും പ്രതിദിനം ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുക. ജ്യൂസ് ദിവസവും ഒരു ചെറിയ ഗ്ലാസ് മാത്രമേ കുടിക്കാൻ പാടുള്ളൂ.

6. എപ്പോഴും ആക്റ്റീവ് ആകുക

ഭക്ഷണത്തോടൊപ്പം പ്രധാനമാണ് ശാരീരിക പ്രവർത്തനങ്ങളും. ശരീരഭാരം നിയന്ത്രിച്ച് നിർത്തുക. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമങ്ങൾ ചെയ്യുക.

Also Read: വെറും 11 മിനിട്ട് വ്യായാമം മതി നിങ്ങളുടെ ജീവിതം മാറിമറിയാൻ!

Content Summary: Harvard healthy eating plate- A guide for long and healthy life.