Last Updated on February 20, 2023
വിറ്റാമിനും ധാതുക്കളും ഉൾപ്പടെ പോഷകസമ്പുഷ്ടമായ കയ്പ്പേറിയ ഒരു ഫലമാണ് നെല്ലിക്ക. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതാണ് നെല്ലിക്കയെ അത്ഭുത ഫലമാക്കി മാറ്റുന്നത്. വിറ്റിമാൻ സിയുടെ കാര്യം എടുത്താൽ ഓറഞ്ചിനെ അപേക്ഷിച്ച് 20 മടങ്ങ് അധികം വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ അണുബാധകളും രോഗങ്ങളും തടയാൻ വിറ്റാമിൻ സി സഹായിക്കും.
പാരിസ്ഥിതിക വിഷവസ്തുക്കളും മലിനീകരണവും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ് തുടങ്ങിയ മറ്റ് ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും.
ദഹനം എളുപ്പമാക്കുന്നതാണ് നെല്ലിക്കയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണം. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നെല്ലിക്ക. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും പോഷകങ്ങൾ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും നെല്ലിക്ക സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് നെല്ലിക്കയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണം. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും നെല്ലിക്ക ഏറെ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. കാരണം, ആൻറി ഡയബറ്റിക് ഗുണങ്ങളുള്ള സംയുക്തങ്ങളും ധാതുക്കളും നെല്ലിക്കയിൽ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക.
മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി ആവശ്യമാണ്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ആണ് കൊളാജൻ. നെല്ലിക്കയിലെ വിറ്റാമിൻ സി മുടിയുടെ അകാല നര തടയാൻ സഹായിക്കും, മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.