കശുവണ്ടി പരിപ്പിൻറെ പാൽ കുടിച്ചിട്ടുണ്ടോ? പോഷകഗുണങ്ങൾ അറിയാം

Last Updated on March 24, 2023

സാധാരണഗതിയിൽ ഏറെ പോഷകഗണമുള്ള പശുവിൻ പാൽ നമ്മൾ കുടിക്കാനും ചായ ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഏറെ രുചികരവും പോഷകസമൃദ്ധവുമായ മറ്റൊരു പാൽ പരിചയപ്പെടുത്താം. കശുവണ്ടി പരിപ്പ്, ഈന്തപ്പഴം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഈ പാൽ. സസ്യാഹാരം പിന്തുടരുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ കാഷ്യൂ മിൽക്ക്. കശുവണ്ടിപ്പാലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, വീട്ടിൽ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്.

ചേരുവകൾ

അസംസ്കൃത കശുവണ്ടി- 1 കപ്പ്
വെള്ളം- 4 കപ്പ്
ഈന്തപ്പഴം(ആവശ്യമെങ്കിൽ)- 3-4
വാനില(ആവശ്യമെങ്കിൽ)- 1 ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്

നിർദ്ദേശങ്ങൾ:

ആദ്യമായി കശുവണ്ടി രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കുക. കുതിർത്ത കശുവണ്ടി ഊറ്റി നന്നായി കഴുകുക. ഇതിനുശേഷം മുകളിൽ പറഞ്ഞ ചേരുവകളെല്ലാം മിക്സിയുടെ ജാറിൽ എടുത്ത് നന്നായി അടിച്ചെടുക്കുക. ഏകദേശം 2-3 മിനിട്ട് തുടർച്ചയായി ബ്ലെൻഡ് ചെയ്യണം. ഇതിനുശേഷം ഇത് അരിച്ചെടുക്കുക. ഇപ്പോൾ കശുവണ്ടി പാൽ തയ്യാറായി കഴിഞ്ഞു. ഇത് ഒരു ഗ്ലാസ് പാത്രത്തിലേക്കോ കുപ്പിയിലേക്കോ മാറ്റുക. ഇത് ഇത് 5 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ചും ഉപയോഗിക്കാനാകും.

കശുവണ്ടി പാലിന്റെ ഗുണങ്ങൾ:

കശുവണ്ടി, ബദാം എന്നിവയുടെ പാൽ കടയിൽനിന്ന് വാങ്ങാൻ കിട്ടും. എന്നാൽ ഇവയിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും ചേർത്തിട്ടുണ്ടാകാം. വീട്ടിൽ ഉണ്ടാക്കുന്ന കശുവണ്ടി പാൽ പ്രകൃതിദത്തവും ആരോഗ്യകരവും പോഷകസമൃദ്ധവുമാണ്.

Also Read: പാൽ കുടിച്ചാൽ കൊളസ്ട്രോളും ഹൃദ്രോഗവും കൂടുമോ?

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് കശുവണ്ടി. വീട്ടിൽ കശുവണ്ടിപ്പാൽ ഉണ്ടാക്കുമ്പോൾ, ഈ രുചികരമായ പരിപ്പിന്റെ മുഴുവൻ പോഷകഗുണങ്ങളും നമുക്ക് ലഭിക്കും.

Also Read: പിസിഒഎസ് ഉള്ളവർ പാൽ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

Content Summary: Health benefits of cashew milk.