നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് പാചകത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. പലഹാരങ്ങളും പായസവും തുടങ്ങി രുചികരമായ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് ചേർക്കുന്നത് ഭക്ഷ്യവിഭങ്ങളുടെ രുചി വർദ്ധിപ്പിക്കും. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമീപ വർഷങ്ങളിൽ നെയ്യ് ഉപയോഗിച്ചുള്ള പാചകരീതിക്ക് വലിയ പ്രചാരമാണുള്ളത്.
നെയ്യിൽ പൂരിത കൊഴുപ്പ് കൂടുതലാണെങ്കിലും, ആരോഗ്യകരമായ കൊഴുപ്പുകളായ കൺജഗേറ്റഡ് ലിനോലെയിക് ആസിഡ് (സിഎൽഎ), ബ്യൂട്ടിറിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കുകയും ചെയ്യുന്നു. നെയ്യിലെ പൂരിത കൊഴുപ്പ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെങ്കിലും പൊതുവിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതേസമയം, എല്ലാ കൊഴുപ്പുകളെയും പോലെ നെയ്യും മിതമായ അളവിൽ കഴിക്കണം. ഏത് തരത്തിലുള്ള കൊഴുപ്പും അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ, ലാക്ടോസ് അല്ലെങ്കിൽ പാൽ അലർജി ഉള്ളവരും നെയ്യ് ഒഴിവാക്കണം. നെയ്യ് ഒരു “സൂപ്പർഫുഡ്” അല്ല എന്ന കാര്യം ആദ്യം മനസിലാക്കണം. സമീകൃതാഹാരത്തിന്റെ ഭാഗമായി മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം ഉൾപ്പെടുത്താവുന്ന ഒന്നാണ് നെയ്യ്.
നേരത്തെ പറഞ്ഞതുപോലെ എല്ലാ കൊഴുപ്പുകളും മോശമല്ലെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഡൽഹിയിലെ ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നോൺ-ഇൻവേസിവ് കാർഡിയോളജിസ്റ്റ് ഡോ മോഹിത് ടണ്ടൻ പറയുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ കാലാവസ്ഥകൾക്ക് അനുയോജ്യമായ ചില പ്രത്യേക ഗുണങ്ങൾ നെയ്യിലുണ്ട്. ഇതിന് കുറഞ്ഞത് 6-8 മാസത്തെ ഷെൽഫ് ആയുസ്സുണ്ട്, കൂടാതെ 250 ഡിഗ്രി സെൽഷ്യസുള്ള ഉയർന്ന സ്മോക്കിംഗ് പോയിന്റും ഉണ്ട്. കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യുന്ന ബ്യൂട്ടിറിക് ആസിഡ് നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിനുള്ള നല്ലൊരു ഉപാധിയായി ഇത് പ്രവർത്തിക്കുന്നു. ദഹിക്കാനും എളുപ്പമുള്ളതാണ് നെയ്യ്.
Content Summary: Health benefits of consuming ghee