ചെറിയ കറുത്ത വിത്തുകളുള്ള പച്ചനിറത്തിലുള്ള ഒരു പഴമാണ് കിവി. നമ്മുടെ നാട്ടിലെ സൂപ്പർ മാർക്കറ്റുകളിലും പഴക്കടകളിലുമൊക്കെ ഇത് സുലഭമായി ലഭിക്കാറുണ്ട്. ഏറെ രുചികരമാണ് കിവിപ്പഴം. ഏകദേശം സ്ട്രോബെറി, തണ്ണിമത്തൻ, വാഴപ്പഴം എന്നിവയൊക്കെ കൂടിച്ചേർന്നാലുള്ള തരം രുചിയാണ് ഇതിനുള്ളത്.
ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് കിവിപ്പഴം. ഇതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി 6, ബി 12, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം കിവിപ്പഴത്തിലുണ്ട്. ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുള്ളതും കലോറി കുറവാണെന്നതുമാണ് മറ്റൊരു സവിശേഷത. ദിവസവും ഒരു കിവിപ്പഴം വീതം കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- ജലദോഷപ്പനിയെ പ്രതിരോധിക്കും
ഇൻഫ്ലുവൻസയുടെ നിരവധി വകഭേദങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് നല്ല ഒന്നാന്തരം പ്രതിരോധമാർഗമാണ് കിവിപ്പഴം കഴിക്കുക എന്നത്. കിവിയിൽ വിറ്റാമിൻ സി ധാരാളമുള്ളതിനാൽ ദിവസം ഒരെണ്ണം കഴിച്ചാൽ മാത്രം മതി ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ സി ലഭിക്കും. വിറ്റാമിൻ സി ശരീര പ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡികളുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും ത്വരിതപ്പെടുത്തും. കൂടാതെ ദിവസവും കിവി കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
- ഡെങ്കിയെ ചെറുക്കും
മഴക്കാലം ഡെങ്കിപ്പനിയുടെ കാലമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ഏറ്റവും നല്ല ഉപാധിയാണ് ദിവസവും കവിപ്പഴം കഴിക്കുക എന്നത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളെ ഒരുമിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനോടൊപ്പം, കിവി ദഹിക്കാനും എളുപ്പമാണ്. ആന്റിഓക്‌സിഡന്റുകളാലും ഇലക്‌ട്രോലൈറ്റ് ബാലൻസറായ പൊട്ടാസ്യത്താലും സമ്പുഷ്ടമാണ് കിവി. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നു, കൂടാതെ വിറ്റാമിൻ ബി 9 (ഫോളേറ്റ്) കരളിലെ വിഷപദാർഥങ്ങൾ നീക്കം ചെയ്യുന്നു. ഇത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഡെങ്കിയെ ഫലപ്രദമായി ചെറുക്കാൻ കിവിപ്പഴത്തിന് കഴിയും.
- ആൻറിഓക്‌സിഡൻറുകളാൽ സമ്പന്നം
രോഗകാരികളായ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ശേഷിയുള്ള നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കിവിപ്പഴം. സമ്മർദ്ദം, തെറ്റായ ജീവിതശൈലി, നമ്മൾ കഴിക്കുന്ന ജങ്ക് ഫുഡ്സ് എന്നിവ കാരണം ശരീരത്തിൽ ഉണ്ടാകുന്ന ദോഷകരമായ ഉപോൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ കിവിപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
- ഹൃദയത്തിൻറെ ഉറ്റ സുഹൃത്ത്
കിവിയിലെ വിറ്റാമിൻ സി, പോളിഫെനോൾസ്, പൊട്ടാസ്യം എന്നിവയെല്ലാം ഒറ്റക്കും ഒരുമിച്ചും പ്രവർത്തിക്കുകയും രക്തക്കുഴലുകളും ഹൃദയവും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ ട്രൈഗ്ലിസറൈഡ് കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണിത്.
- സൗന്ദര്യം സംരക്ഷിക്കും
പിഎച്ച് ബാലൻസ് നിലനിർത്തേണ്ടത് ർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസവും ഒരു കിവി വെച്ച് കഴിച്ചാൽ ചർമ്മസംരക്ഷണത്തിന് ഇതിലും നല്ലൊരു മാർഗമില്ല. കിവി ആൽക്കലൈൻ സ്വഭാവമുള്ളതിനാൽ നമ്മൾ കഴിക്കുന്ന അസിഡിറ്റി ഭക്ഷണങ്ങളുടെ ഫലങ്ങളെ പ്രതിരോധിക്കാൻ കിവി സഹായിക്കും. കൂടാതെ, ചർമ്മത്തിൽ കൊളാജൻ രൂപപ്പെടുന്നതിന് കിവിയിലെ വിറ്റാമിൻ സി സഹായിക്കുകയും ചെയ്യും. ചർമ്മം, പേശികൾ, എല്ലുകൾ, ടെൻഡോണുകൾ എന്നിവയുടെ ആരോഗ്യത്തിനും കിവി ഉത്തമമാണ്.
Also Read: വിളർച്ചയുണ്ടോ? ശരീരത്തിന് അയൺ ലഭിക്കാൻ എന്തൊക്കെ കഴിക്കണം?
Content Summary: 5 Health Benefits of eating Kiwi fruit daily