ബാക്ടീരിയ എന്ന് കേൾക്കുമ്പോൾ അത്ര നല്ല കാര്യമായി നമുക്ക് തോന്നാറില്ല. രോഗത്തിന് കാരണമാകുന്ന രോഗാണുക്കളായാണ് ബാക്ടീരിയയെ നമ്മളൊക്കെ പരിചയപ്പെട്ടിട്ടുള്ളത്. ശരീരത്തിൽ വളരെയേറെ ബാക്ടീരിയകളുണ്ട്. അവയിൽ നല്ലതും ചീത്തയുമുണ്ട്. ശ്വാസകോശത്തിലും മൂത്രാശയത്തിലും മുറിവുകളിലുമൊക്കെ അണുബാധയുണ്ടാകാൻ കാരണം ബാക്ടീരിയകളാണ്. അതേപോലെ ശരീരത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളുമുണ്ട്. അവ ഉൾപ്പെടുന്നതാണ് പ്രോബയോട്ടിക്കുകൾ. നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുന്ന ബാക്ടീരിയകളും യീസ്റ്റുമൊക്കെയാണ് പ്രോബയോട്ടിക്കുകൾ എന്ന് അറിയപ്പെടുന്നത്.
പ്രോബയോട്ടിക്കുകളെ പലപ്പോഴും “നല്ല” അല്ലെങ്കിൽ “സഹായകരമായ” ബാക്ടീരിയ എന്ന് വിളിക്കുന്നു, നമ്മുടെ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകൾ. പ്രധാനമായും പോഷക സപ്ലിമെന്റുകളിലും തൈര് പോലുള്ള ചില ഭക്ഷണങ്ങളിൽനിന്നുമാണ് ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക്കുകൾ ലഭിക്കുന്നത്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഡോക്ടർമാർ പലപ്പോഴും പ്രോബയോട്ടിക് അടങ്ങിയ സപ്ലിമെന്‍റുകളും ഭക്ഷണങ്ങളും നിർദ്ദേശിക്കാറുണ്ട്.
Also Read | ഭക്ഷണങ്ങൾ സന്തോഷിപ്പിക്കുമോ? എങ്ങനെ എന്ന് നോക്കാം
ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകൾ ചില ഘട്ടങ്ങളിൽ നശിച്ചുപോകാറുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും അണുബാധയുണ്ടായി ആന്‍റിബയോട്ടിക് കഴിക്കുമ്പോൾ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ഗുണകരമായ നല്ല ബാക്ടീരിയകളും ഇല്ലാതാകുന്നു. ഈ ഘട്ടത്തിൽ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ ലഭ്യമാക്കാൻ പ്രോബയോട്ടിക് ഭക്ഷണങ്ങളും സപ്ലിമെന്‍റുകളും സഹായിക്കും.
പ്രോബയോട്ടിക്കുകൾ രണ്ടുതരം
പ്രധാനമായും രണ്ടു തരത്തിലുള്ള പ്രോബയോട്ടിക് ബാക്ടീരിയകളാണുള്ളത്. ലാക്ടോബാസിലസും ബിഫിഡോബാക്ടീരിയവും. ഓരോരുത്തരുടെയും ശരീരപ്രകൃതവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇവയിൽ ഏതെങ്കിലും ഒരു തരത്തിലുള്ളവയാകും ഫലപ്രദമാകുക. അവയിൽ ഏതാണ് അനുയോജ്യമെന്ന് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തണം.
ലാക്ടോബാസിലസ് സാധാരണയായി കാണപ്പെടുന്നത് തൈരിലും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളിലുമാണ്. വയറിളക്കത്തിന് ശമനമുണ്ടാക്കാൻ ലാക്ടോബാസിലസിന് കഴിയും. അതുപോലെ പാലിലെ പഞ്ചസാരയായ ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നമുള്ളവർക്കും ഇത് ഉത്തമമാണ്.
ബിഫിഡോബാക്ടീരിയം സാധാരണയായി കാണപ്പെടുന്നത് ചില പാലുൽപ്പന്നങ്ങളിലാണ്. മലബന്ധം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ബിഫിഡോബാക്ടീരിയം ഏറെ ഫലപ്രദമാണ്.
പ്രോബയോട്ടിക്സിൽ കാണപ്പെടുന്ന ഒരു യീസ്റ്റ് ആണ് സാക്കറോമൈസസ് ബൊലാർഡി. വയറിളക്കത്തിനും മറ്റ് ദഹന പ്രശ്നങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന ഒന്നാണിത്.
പ്രോബയോട്ടിക്കുകളുടെ പ്രവർത്തനം എങ്ങനെ?
കുടലിന്റെ ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾ വഴി കുടലിലൂടെ ഭക്ഷണം അനായാസം കടത്തിവിടാൻ പ്രോബയോട്ടിക്സ് സഹായിക്കുന്നു. പ്രോബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്:
- ഇറിറ്റബിൾ ബവൽ സിൻഡ്രോം
- കോശജ്വലന കുടൽ രോഗം (IBD)
- സാംക്രമിക വയറിളക്കം (വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ പരാന്നഭോജികൾ മൂലമുണ്ടാകുന്നത്)
- ആൻറിബയോട്ടിക്കുകൾ മൂലമുണ്ടാകുന്ന വയറിളക്കം
- എക്സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾ
- മൂത്രാശയത്തിന്റെയും യോനിയുടെയും ആരോഗ്യം
- അലർജി, ജലദോഷം എന്നിവ തടയുന്നു
- ദന്താരോഗ്യം
പ്രോബയോട്ടിക്കുകൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് നല്ലതാണോയെന്ന കാര്യത്തിൽ ഡോക്ടറുടെ ഉപദേശം പ്രധാനമാണ്. കാരണം ഓരോരുത്തർക്കും വ്യത്യസ്തമായ ശാരീരികപ്രകൃതവും ആരോഗ്യസ്ഥിതിയുമാണുള്ളത്. രോഗപ്രതിരോധശേഷി കുറവുള്ളവരും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രോബയോട്ടിക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദ്ഗദ്ധർ നിർദേശിക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവർക്ക് പ്രോബയോട്ടിക് ഭക്ഷണങ്ങളും സപ്ലിമെന്റുകളും സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്.
പ്രോബയോട്ടിക്കുകൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ അപൂർവ്വമായി ചിലരിൽ ചെറിയ രീതിയിലുള്ള വയറിളക്കം, അലർജി പോലെയുള്ള പാർശ്വഫലങ്ങൾ കാണപ്പെടുന്നുണ്ട്. അത്തരക്കാർ ഡോക്ടറുടെ നിർദേശാനുസരണം വേണം പ്രോബയോട്ടിക്കുകൾ തുടർന്നും ഉപയോഗിക്കേണ്ടത്.
Also Read | ഫുഡ് സിനർജി: പോഷകാഹാരം അറിഞ്ഞു കഴിക്കാം
Content Summary: All you need to know about probiotics.