സാധാരണഗതിയിൽ ദോശ, അപ്പം, പുട്ട്, ഇഡലി, ഇടിയപ്പം, അരിപ്പത്തിരി, ചപ്പാത്തി എന്നിവയൊക്കെയാണ് നമ്മുടെ വീട്ടിൽ രാവിലെ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ. രാവിലത്തെ ഭക്ഷണങ്ങൾ ഒരു ദിവസം മുഴുവൻ ഊർജം ലഭിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ്. രാവിലെ നന്നായി ഭക്ഷണം കഴിക്കുന്നവർക്ക് ആ ദിവസം ക്ഷീണം അനുഭവപ്പെടുകയേയില്ല എന്നാണ് ന്യൂട്രീഷ്യൻമാർ പറയുന്നത്. മേൽപ്പറഞ്ഞത് നമ്മൾ മലയാളികളുടെ പരമ്പരാഗതമായ പ്രഭാതഭക്ഷണങ്ങളാണ്. എന്നാൽ അവയ്ക്ക് പകരം വേഗത്തിൽ തയ്യാറാക്കാവുന്നതും, ആരോഗ്യകരവുമായ മറ്റു ചില ബ്രേക്ക്ഫാസ്റ്റുകളെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. താരതമ്യേന കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും മറ്റ് പോഷകങ്ങളും കൂടിയ ബ്രേക്ക് ഫാസ്റ്റുകളാണിവ. തിരക്കേറിയ ജീവിതക്രമത്തിൽ വേഗത്തിൽ തയ്യാറാക്കാകുമെന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.
കോൺഫ്ലേക്സ്:
ഏറെ ആരോഗ്യപ്രദവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ പ്രഭാതഭക്ഷണമാണിത്. ഒരു പാത്രത്തിൽ കുറച്ച് കോൺഫ്ലേക്കുകൾ ഒഴിച്ച് ചൂടുള്ളതോ തണുത്തതോ ആയ പാൽ ചേർക്കുക. കോൺഫ്ലേക്സ് നന്നായി കുതിരുന്നതിന് മുമ്പ് മധുരം ആവശ്യമെങ്കിൽ കുറച്ച് തേൻ ചേർക്കാം. കോൺഫ്ലേക്സ് വാങ്ങുമ്പോൾ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയ കൊളസ്ട്രോൾ രഹിത കോൺഫ്ലേക്കുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
മ്യൂസ്‌ലി:
കോൺഫ്ലേക്സ് പോലെ തന്നെ ഇതും തയ്യാറാക്കാം. മ്യൂസ്ലിയിൽ ചൂടുള്ളതോ തണുത്തതോ ആയ പാലോ അല്ലെങ്കിൽ തൈരോ ചേർക്കാം. ഇതിനൊപ്പം വാഴപ്പഴം അരിഞ്ഞിടുകയും ഒരു പിടി അണ്ടിപ്പരിപ്പും ചേർത്ത് കഴിക്കാം. പഴവും അണ്ടിപരിപ്പും ചേർക്കാൻ സമയമില്ലെങ്കിൽ ഇവ അടങ്ങിയിട്ടുള്ള മ്യൂസ്ലി തിരഞ്ഞെടുക്കുക.
ബുൾസ്ഐ:
ഏറെ പോഷകഗുണമുള്ള ഒന്നാണ് മുട്ട. മുട്ടകൊണ്ട് തയ്യാറാക്കാവുന്ന ഓംലെറ്റുകൾ ആഗോളതലത്തിൽ പ്രിയങ്കരമാണ്. ഓംലെറ്റിനേക്കാൾ വേഗത്തിൽ തയ്യാറാക്കുന്ന ഒരു മുട്ട വിഭവമാണ് ബുൾസ്ഐ. വെറുതെ മുട്ട പൊട്ടിച്ചെടുത്ത് ഒരു ഭാഗം മാത്രം വേവിച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഇത് പ്രഭാതഭക്ഷണമായി കഴിക്കുന്നെങ്കിൽ ബ്രെഡിനൊപ്പം ചേർത്ത് കഴിക്കാം. ഉച്ചഭക്ഷണത്തിനിടയ്ക്ക് ലഘുഭക്ഷണായും ബുൾസ്ഐ കഴിക്കുന്നത് നല്ലതാണ്. ഇതുവഴി മറ്റ് ബേക്കറി-സ്നാക്കുകളോ ജങ്ക് ഫുഡോ കഴിക്കുന്നത് ഒഴിവാക്കാനാകും.
പീനട്ട് ബട്ടറും ബ്രൗൺബ്രെഡും:
വൈറ്റ് ബ്രെഡും വെണ്ണയും കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ആരോഗ്യകരമാണ് പീനട്ട് ബട്ടറും ബ്രൗൺബ്രെഡും കഴിക്കുന്നത്. ഇതിനൊപ്പം വേണമെങ്കിൽ ഒരു കഷണം ഡാർക്ക് ചോക്ലേറ്റ് കൂടി കഴിക്കാം. ചായയ്ക്കൊപ്പം പീനട്ട് ബട്ടറും ബ്രൗൺബ്രെഡും കഴിക്കുന്നത് ദിവസം മുഴുവൻ ഉൻമേഷം ലഭിക്കാൻ സഹായിക്കും.
Also Read: വ്യായാമം ചെയ്യേണ്ടത് രാവിലെയോ, അതോ വൈകീട്ടോ?
മസാല ഓട്‌സ്:
ഏറെ തിരക്കുകളുള്ള ഒരാൾക്ക് രാവിലത്തെ ഭക്ഷണം മിസാകാതിരിക്കാൻ വളരെ എളുപ്പം തയ്യാറാക്കാവുന്ന പോഷകപ്രദവും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റാണിത്. ഒരു കപ്പ് നിറയെ മസാല ഓട്‌സും ഒന്നര കപ്പ് വെള്ളവും മാത്രം മതി. അവ 2-3 മിനിറ്റ് തിളപ്പിക്കാം. ഇതിനുശേഷം ചൂടോടെ തന്നെ അത് കഴിക്കാം. ഇത് കഴിക്കുന്നവർക്ക് ഒരു ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം ലഭിക്കുന്നു.
Content Summary: Healthy breakfast ideas- 5 easy recipes for busy morning.