ജീവിതശൈലി രോഗങ്ങൾ ആരോഗ്യത്തോടെയുള്ള ജീവിതം ഇല്ലാതാക്കുന്ന ഒരു കാലഘട്ടമാണിത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയൊക്കെ പിടിമുറുക്കുമ്പോൾ, ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ജീവിതശൈലി രോഗം ബാധിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവുമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം. പഴങ്ങളും പച്ചക്കറികളും കൂടുതലായുള്ള ഭക്ഷണക്രമം ശീലിച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും. ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ എന്തൊക്കെയെന്ന് നോക്കാം…
1. ചീര– ഏറ്റവും പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് ചീരയില. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും ചീര ഉത്തമമാണ്.
2. ഗ്രീൻപീസ്– ഏറെ പോഷകങ്ങളുള്ള ഒരു പച്ചക്കറിയാണ് ഗ്രീൻപീസ്. ഇതിൽ ധാരാളം മാംസ്യവും വിറ്റാമിനുകളായ സി, എ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യത്തിന് ഗുണകരമായ തിയാമിൻ, നിയാസിൻ, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങളും ഗ്രീൻപീസിൽ അടങ്ങിയിരിക്കുന്നു.
Also Read: പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത 3 പച്ചക്കറികൾ
3. വെളുത്തുള്ളി– ഇതിന്‍റെ മണം ചിലർക്ക് ഇഷ്ടമല്ലെങ്കിലും ഏറെ ഗുണങ്ങളുള്ള ഒരിനം പച്ചക്കറിയാണിത്. പ്രധാനമായും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
4. കാരറ്റ്– ഒട്ടേറെ പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്. ഇതിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാരറ്റ് നിത്യേന കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ക്യാൻസർ സാധ്യത കുറയ്ക്കാനും കാരറ്റിന് കഴിയും.
5. മധുരക്കിഴങ്ങ്– ഏറെ പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ ബി6, വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.
6. ബീറ്റ്റൂട്ട്– രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണിത്. അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് സഹായിക്കും.
Also Read: ഹാർവാർഡ് ഡയറ്റ്: ആരോഗ്യത്തിലേക്ക് ഒരു ചുവടുവെപ്പ്
Content Summary: A diet rich in fruits and vegetables can control lifestyle diseases to some extent. Let’s have a look at some of the vegetables that should be included in your daily diet to stay healthy.