ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം.

ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെങ്കിലും ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ നമുക്ക് മടിയാണ്. ഭക്ഷണം കഴിക്കുന്ന രീതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ ഹൃദയം പണിമുടക്കും. അതുകൊണ്ട് ഹൃദയത്തിന് വേണ്ടി കഴിക്കാൻ ശീലിക്കാം. അതിനായി ചില മാറ്റങ്ങൾ ഡയറ്റിൽ വരുത്തേണ്ടതുണ്ട്.

ഹൃദയം നിറക്കാൻ എന്തൊക്കെ ചെയ്യാം:

ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക

എന്ത് കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ കഴിക്കുന്നു എന്നത്. എപ്പോഴും ആവശ്യത്തിന് മാത്രം കഴിച്ച് ശീലിക്കാം. വയറ് നിറയുന്നത് വരെ കഴിക്കാതെ, ശരീരത്തിന് ആവശ്യമുള്ളത്ര മാത്രം കഴിക്കുക. അതിനായി കൃത്യമായ അളവ് സൂക്ഷിക്കുകയുമാവാം. ചെറിയ പാത്രത്തിൽ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറക്കാൻ പറ്റിയ ഒരു മാർഗ്ഗമാണ്.

പഴങ്ങളേയും പച്ചക്കറികളേയും കൂട്ടുപിടിക്കാം

ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായതിനാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ മികച്ച ഭക്ഷണമാണ് പഴങ്ങളും പച്ചക്കറികളും. നാരുകളാൽ സമ്പന്നമായ ഇവയിൽ കലോറി വളരെ കുറവാണ്. ചോറിനൊപ്പം കൂടുതൽ തോരനോ കറികളോ ഉൾപ്പെടുത്താം. ഇടക്കുള്ള സമയങ്ങളിൽ സ്നാക്സിന് പകരം പച്ചക്കറികളോ പഴങ്ങളോ കൊണ്ട് സാലഡ് ഉണ്ടാക്കി കഴിക്കാം. ശ്രദ്ധിക്കുക – നാളികേരം, മധുരം ചേർത്ത പഴങ്ങൾ, വറുത്ത പച്ചക്കറികൾ തുടങ്ങിയവ കഴിക്കുന്നത് നിയന്ത്രിക്കുക.

ധാന്യങ്ങൾ ഉൾപ്പെടുത്താം

ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ച മാർഗമാണ്. നാറുകളുടെയും പോഷകങ്ങളുടെയും സാന്നിധ്യം ആരോഗ്യത്തിന് നല്ലതാണ്. ഗോതമ്പ്, ബാർലി, കീൻവ പോലുള്ള ധാന്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം.ഒപ്പം ഓട്സ്, തവിട് കലർന്ന അരി, പാസ്ത എന്നിവയും ഉപയോഗിക്കാം.
വെളുത്ത അരി, വൈറ്റ് ബ്രഡ്, കേക്ക് തുടങ്ങിയവ കഴിക്കാതിരിക്കാം.

കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ ഒഴിവാക്കാം

കൊഴുപ്പും ട്രാൻസ് ഫാറ്റും കൂടുതലായുള്ള ഭക്ഷണങ്ങൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണമാകും. കൊളസ്‌ട്രോൾ കുറക്കാൻ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം. വെണ്ണ, വെളിച്ചെണ്ണ, പാമോയിൽ എന്നിവക്ക് പകരം ഒലിവ് ഓയിൽ പോലുള്ളവ ഉപയോഗിക്കാം. നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കുക. നട്സ്, മത്സ്യം എന്നിവ നല്ല കൊഴുപ്പ് ലഭിക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ഫ്ലാക്സ് സീഡ് കഴിക്കുന്നതും നല്ലതാണ്.

പ്രോട്ടീൻ ലഭിക്കാൻ കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ ചിക്കൻ പോലെ കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ കഴിക്കാം. വറുത്ത് കഴിക്കുന്നത് നല്ലതല്ല. കൊഴുപ്പ് കുറവും ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം ഉള്ളതുമായ മത്സ്യങ്ങൾ കഴിക്കുക. അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട്. പയർ വർഗ്ഗങ്ങളും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് ഉദാഹരണമാണ്.

ഉപ്പ് കുറക്കുക

സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൃദയത്തിന് നല്ലതല്ല. അതുകൊണ്ട് ഭക്ഷണത്തിൽ ഉപ്പ് കുറച്ച് ചേർക്കുക. സംസ്കരിച്ച ഭക്ഷണങ്ങളിൽ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക.

ആരോഗ്യകരമായ മെനു തയ്യാറാക്കാം

ഹൃദയത്തിന് ആവശ്യമുള്ള ഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തി ഓരോ ദിവസവും വ്യത്യസ്തമായ മെനു തയ്യാറാക്കാം. അത് ഭക്ഷണത്തോട് മടുപ്പ് തോന്നാതിരിക്കാൻ കാരണമാകും. വല്ലപ്പോഴും അൽപ്പം ഇഷ്ടഭക്ഷം കഴിക്കുന്നതും ഹൃദയത്തിന് ദോഷം ചെയ്യില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണരീതി മുടക്കാനും പാടില്ല.