പ്രമേഹം ഉള്ളവർ ഓറഞ്ച് കഴിക്കാമോ?

നമ്മുടെ നാട്ടിൽ സർവസാധാരണമായി മാറുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹത്തിന് കാരണം. ജീവിതശൈലിയിലുള്ള മാറ്റം, തെറ്റായ ഭക്ഷണരീതി, പാരമ്പര്യം തുടങ്ങി നിരവധി ഘടകങ്ങളാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹം പിടിപെട്ടാൽ മധുരം ഉൾപ്പടെയുള്ള ഭക്ഷണക്രമങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെയും മരുന്ന് ഉപയോഗിച്ചും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കുക എന്നതാണ് പ്രമേഹത്തെ വരുതിയിലാക്കാനുള്ള മാർഗം. പ്രമേഹം ഉള്ളവർ എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ചും ഇപ്പോഴും മിക്കവർക്കും കൃത്യമായ ധാരണയില്ല. ഈ സാഹചര്യത്തിലാണ് പ്രമേഹരോഗികൾക്ക് ഓറഞ്ച് കഴിക്കാനാകുമോയെന്ന് പരിശോധിക്കുന്നത്.

വിദഗ്ദരായ ഡയറ്റീഷ്യൻമാരുടെ അഭിപ്രായത്തിൽ പ്രമേഹരോഗികൾ ഓറഞ്ച് കഴിക്കുന്നതിൽ കുഴപ്പമില്ല. മിതമായ അളവിൽ ഓറഞ്ച് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. സിട്രസ് ഗണത്തിൽപ്പെടുന്ന ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ, വിവിധതരം ആൻറി ഓക്സിഡൻറുകൾ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കാനും, ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കും.

എന്നാൽ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യം, ഓറഞ്ചിൽ ചെറിയ അളവിൽ പഞ്ചസാരയും കാർബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ ഓറഞ്ച് കഴിക്കുന്നവർ ആ സമയത്ത് മധുരം, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ മിതപ്പെടുത്തണം.

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണമായത് കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് നിയന്ത്രിത അളവിൽ ഓറഞ്ച് കഴിക്കാം. ആസിഡ് അംശമുള്ള പഴങ്ങൾ പൊതുവേ പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. കൂടാതെ ഓറഞ്ചിൻറെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് ഓറഞ്ച് കഴിക്കാവുന്നതാണ്. ജ്യൂസായി കുടിക്കുന്നതിലും നല്ലത് ഇവ വെറുതെ കഴിക്കുന്നതാണ്.

(Disclaimer: പ്രമേഹമുള്ള ആളുകൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ഭക്ഷണകാര്യങ്ങളിൽ ഡോക്ടർമാരുടെയും ഡയറ്റീഷ്യൻമാരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പിന്തുടരുകയും ചെയ്യണം.)

Content Summary: Is eating oranges safe for diabetics?