വ്യായാമം ചെയ്യേണ്ടത് രാവിലെയോ, അതോ വൈകീട്ടോ?

ശരീരഭാരം കുറയ്ക്കാൻ പതിവായി വ്യായാമം ചെയ്യണമെന്നാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള വിദഗ്ദ്ധർ നിർദേശിക്കുന്നത്. എന്നാൽ വ്യായാമം കൂടുതൽ ഫലപ്രദമാകുന്നത് രാവിലെ ചെയ്യുമ്പോഴാണോ അതോ വൈകീട്ടാണോ?

ഇതുസംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന പഠനത്തിൽ വ്യക്തമായി പറയുന്നുണ്ട്. വൈകുന്നേരത്തെ അപേക്ഷിച്ച് രാവിലെ വ്യായാമം ചെയ്യുമ്പോഴാണ് കൂടുതൽ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും കോപ്പൻഹേഗൻ സർവകലാശാലയും ചേർന്നാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എലികളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് വ്യായാമം ഏറ്റവും ഗുണകരമാകുന്നത് രാവിലെയാണെന്ന് വ്യക്തമാക്കുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം.

Also Read: വെറും 11 മിനിട്ട് വ്യായാമം മതി നിങ്ങളുടെ ജീവിതം മാറിമറിയാൻ!

എലികൾ ഓടുമ്പോൾ അവയുടെ ശാരീരികപ്രവർത്തനം വിലയിരുത്തുകയാണ് ഗവേഷകർ ചെയ്തത്. എലികളെ രാവിലെയും വൈകിട്ടും ഓടിച്ചു. എലികളിൽ ഉയർന്ന കൊഴുപ്പ് ഉപാപചയപ്രവർത്തനം നടക്കുന്നത് രാവിലെയാണെന്ന് ഗവേഷകർ മനസിലാക്കി. ശാരീരികപ്രവർത്തനത്തിലൂടെ എലികളിൽ ഊർജം കത്തിച്ചുകളയുന്നതിൻറെയും കൊഴുപ്പ് ഇല്ലാതാകുന്നതിൻറെയും അളവ് മനസിലാക്കുകയും, അത് മനുഷ്യരിലേതുമായി താരതമ്യപ്പെടുത്തുകയുമാണ് പഠനസംഘം ചെയ്തത്.

പഠനത്തിനായി എലികളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുകയാണ് ആദ്യം ചെയ്തത്. ഇതിൽ ആദ്യത്തെ വിഭാഗത്തെ അതിരാവിലെ ട്രെഡ്മിൽ ഉപയോഗിച്ച് ഓടിക്കുകയായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനെ വൈകുന്നേരം ട്രെഡ്മിൽ ഉപയോഗിച്ച് ഓടിച്ചു. ശേഷം അവയുടെ രക്ത സാംപിൾ ശേഖരിച്ച് പരിശോധിക്കുകയും തലച്ചോറ്, ഹൃദയം, പേശികൾ, കരൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ഇതിൽനിന്നാണ് രാവിലെ ഓടിച്ച എലികളിലാണ് കൂടുതൽ കൊഴുപ്പ് ഇല്ലാതാകുന്നതെന്ന് കണ്ടെത്തിയത്.

Also Read: വർക്കൌട്ടിനിടെ ഹാർട്ട് അറ്റാക്ക്; കാരണങ്ങൾ അറിയാം

രാവിലെ ഓടിച്ച ഗ്രൂപ്പിലെ എലികളിൽ കൊഴുപ്പ് അലിയിക്കുന്നതിന് സഹായിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തി. ഇവയിൽ ഉപാപചയപ്രവർത്തനം ഉയർന്ന തോതിലാണെന്നും കണ്ടെത്തി.

Content Summary: Is it better to work out morning or evening for weight loss?