4 വർഷമായി വീഗൻ ഭക്ഷണരീതി പിന്തുടർന്ന റഷ്യൻ യുവതി കഴിഞ്ഞ ദിവസം മരണപ്പെട്ടു. വീഗൻ ഇൻഫ്ളുവൻസർ എന്ന നിലയിൽ ലോകപ്രശസ്തയായ ഷന്ന സാംസോനോവ എന്ന യുവതിയാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഷന്ന കുറഞ്ഞത് നാല് വർഷമായി പൂർണ്ണമായും വീഗൻ ആഹാരരീതിയാണ് പിന്തുടരുന്നത്. പഴങ്ങളും പച്ചക്കറികളും വേവിക്കാതെയാണ് ഇവർ കഴിച്ചിരുന്നത്.
സാംസോനോവയുടെ മരണത്തിന് കാരണം കോളറ പോലുള്ള അണുബാധ ആണെന്ന് അവരുടെ അമ്മ പറയുന്നു.
ആയുർവേദം അനുസരിച്ച് അസംസ്‌കൃത ഭക്ഷണം ശരീരത്തിന് യോജിച്ചതല്ല. പഴങ്ങൾ, നട്‌സ്, സാലഡുകൾ തുടങ്ങിയ ചില ഭക്ഷണങ്ങൾ അസംസ്‌കൃതമായി കഴിക്കാമെങ്കിലും, കുടലിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും മറ്റ് ഭക്ഷ്യവസ്തുക്കൾ പാകം ചെയ്ത് കഴിക്കേണ്ടതുണ്ട്.
പാകം ചെയ്ത ഭക്ഷണം ആമാശയത്തിൽ വെച്ച് എളുപ്പത്തിൽ വിഘടിക്കുകയും ശരീരം പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യുകയും ചെയ്യുന്നു.
അസംസ്‌കൃത വീഗൻ ഭക്ഷണരീതി വീഗൻ ഭക്ഷണരീതിയുടെയും അസംസ്‌കൃത ഭക്ഷണരീതിയുടെയും ഒരു സംയോജനമാണ്. ഇത് ജനപ്രിയവുമാണ്. ഈ ഭക്ഷണക്രമത്തിൽ പ്രധാനമായി പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ, മുളപ്പിച്ച ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള വേവിക്കാത്തതോ ചെറുതായി ചൂടാക്കിയതോ ആയ സസ്യാധിഷ്ഠിത ഭക്ഷണങ്ങളാണ് ഉൾപ്പെടുന്നത്.
ചേരുവകളുടെ പോഷകമൂല്യം നിലനിർത്താൻ കുതിർക്കൽ, മുളപ്പിക്കൽ, മിശ്രിതമാക്കൽ തുടങ്ങിയ രീതികളിൽ അവലംബിക്കുന്നു.
ഈ ഭക്ഷണക്രമം പിന്തുടരുന്നവർ, അസംസ്കൃത ഭക്ഷണങ്ങൾ പാകം ചെയ്തതിനേക്കാൾ പോഷകപ്രദമാണെന്നും ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും വിശ്വസിക്കുന്നു.
അസംസ്കൃത സസ്യാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം കുറയ്ക്കുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഭക്ഷണരീതി മോശമായി ആസൂത്രണം ചെയ്‌താൽ വിറ്റാമിനുകൾ ബി 12, ഡി, സെലിനിയം, സിങ്ക്, ഇരുമ്പ്, ചില ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് ശരീരത്തിൽ ഉണ്ടാകും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചില ഭക്ഷണങ്ങൾ വേവിക്കുമ്പോൾ പോഷകമൂല്യം നഷ്ടപ്പെടാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ പച്ചക്ക് കഴിക്കുന്നതാണ് ആരോഗ്യകരം.
എന്നാൽ വേവിച്ച പച്ചക്കറികൾ ശരീരത്തിന് കൂടുതൽ ആന്റിഓക്‌സിഡന്റുകൾ നൽകുന്നുണ്ട്.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ ആഹാരരീതിയിൽ കൃത്യമായ ആസൂത്രണം നടത്തേണ്ടതുണ്ട്. വീഗൻ പിന്തുടരാൻ ആഗ്രഹിക്കുന്നവർ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ വിദഗ്ദ ഉപദേശം തേടുന്നത് നല്ലതായിരിക്കും.
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: Death of Vegan Influencer; Is vegan food good for health?