ഭക്ഷണത്തിൽ വിത്തുകൾ ഉൾപ്പെടുത്താൻ പോഷകാഹാര വിദഗ്ധരും ഫിറ്റ്നസ് ട്രൈനർമാരും നിർദേശിക്കാറുണ്ട്. ഫ്ളാക്സ്, ചിയ, എള്ള്, സൂര്യകാന്തി തുടങ്ങിയവയുടെ വിത്തുകൾ ഇപ്പോൾ മിക്ക ആളുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറും ഉണ്ട്. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ സീഡുകൾക്ക് ചില ദോഷവശങ്ങളുമുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ എന്നതിൽ തർക്കമില്ല. പക്ഷേ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. എത്ര പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മിതമായി ഉപയോഗിക്കണമെന്ന് സാരം. എന്തൊക്കെയാണ് സീഡുകളുടെ ദോഷവശങ്ങൾ എന്ന് നോക്കാം.
- ഫ്ളാക്സ് സീഡിന്റെ പാർശ്വഫലങ്ങൾ
ഫ്ളാക്സ് സീഡുകളിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ നമ്മുടെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് ആർത്തവചക്രത്തെ ബാധിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും പ്രത്യുൽപാദന വ്യവസ്ഥയെ പല തരത്തിൽ ബാധിക്കുകയും ചെയ്യും.
ഫ്ളാക്സ് സീഡുകളിൽ ചെറിയ അളവിൽ സയനോജെനിക് ഗ്ലൈക്കോസൈഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ രാസവിനിമയം നടക്കുമ്പോൾ സയനൈഡ് പുറത്തുവിടാൻ ഇത് കാരണമാകും. അതുകൊണ്ട് എത്ര അളവിൽ കഴിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. അതുപോലെ, ഇവ പൊടിച്ച് കഴിക്കരുത് എന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
- സൂര്യകാന്തി വിത്തുകളുടെ പാർശ്വഫലങ്ങൾ
സൂര്യകാന്തി വിത്തുകളിൽ ഒമേഗ-6 അടങ്ങിയ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചിലരുടെ ശരീരത്തിന് ഗുണകരമല്ല. സൂര്യകാന്തി വിത്തുകൾ നിങ്ങളുടെ ശരീരത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
- ചിയ വിത്തുകളുടെ പാർശ്വഫലങ്ങൾ
പാനീയങ്ങളിൽ ചിയ സീഡുകൾ ചേർക്കുന്നത് സർവ്വസാധാരണമാണ്. അവ ആരോഗ്യത്തിന് നല്ലതാണെന്നതിൽ സംശയമില്ല. എന്നാൽ ഇവ വിഘടിക്കുമ്പോൾ പോഷക വിരുദ്ധമായ ഘടകങ്ങൾ ഉണ്ടാകും എന്നറിയാമോ?
അതുകൊണ്ട്, ചിയ സീഡുകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവെച്ച ശേഷം വേണം കഴിക്കേണ്ടത്. ഇങ്ങനെ കഴിക്കുന്നത് മലബന്ധം മാറാൻ വളരെ നല്ലതാണ്.
- എള്ളിന്റെ പാർശ്വഫലങ്ങൾ
എള്ളിൽ ഒമേഗ-6 അടങ്ങിയ കൊഴുപ്പ് കൂടുതലാണ്. അലർജിയുള്ളവരും ഭക്ഷണങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന ശരീരപ്രകൃതി ഉള്ളവരും എള്ള് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാൽസ്യത്തിനായി പലരും എള്ള് കഴിക്കാറുണ്ട്, എന്നാൽ എള്ളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
Content Summary: know the side effects of adding seeds to your diet
നിരാകരണം: മുകളിൽ കൊടുത്ത വിവരങ്ങൾ പൊതുവായ വിവരശേഖരണത്തിന് വേണ്ടിയുള്ളതാണ്. ഇത് വിദഗ്ധാഭിപ്രായമായി കണക്കാക്കേണ്ടതില്ല. ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുമുൻപ് ഡോക്ടറോടോ ഡയറ്റിഷ്യനോടോ അഭിപ്രായം തേടുക.