ഒരാളുടെ ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും അതുപോലെ, അയൺ, കാൽസ്യം എന്നിവയും വേണമെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. എന്നാൽ മഗ്നീഷ്യത്തിൻറെ പ്രത്യേകതകളെക്കുറിച്ച് എത്ര പേർക്ക് അറിയാം. നല്ല ആരോഗ്യത്തിന് മഗ്നീഷ്യത്തിന് എത്രത്തോളം പങ്കുണ്ട്? ഇതേക്കുറിച്ച് പ്രശസ്തരായ ഡയറ്റീഷ്യൻമാർ പറയുന്നത് എന്താണെന്ന് നോക്കാം.
രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, ഊർജ്ജ ഉൽപാദനം, എല്ലുകളുടെ ആരോഗ്യം നിലനിർത്തുക തുടങ്ങി ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ആളുകളിൽ മഗ്നീഷ്യത്തിൻറെ കുറവ് സാധാരണമല്ല, എങ്കിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഗ്നീഷ്യം കുറയുന്നത് ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക്, മൈഗ്രെയ്ൻ തലവേദന, ആസ്ത്മ, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പ്രധാന ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം എന്നിവ ശരിയായ ആഗിരണം ചെയ്യുന്നതിന് ആവശ്യത്തിന് മഗ്നീഷ്യം വേണമെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നു.
ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് മൈഗ്രെയ്ൻ രൂക്ഷമാകാൻ കാരണമാകും. എന്നാൽ ഒരാൾക്ക് വിവിധതരം ഭക്ഷണത്തിലൂടെ ശരിയായ അളവിൽ മഗ്നീഷ്യം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിന് പുറമെ മഗ്നീഷ്യം സപ്ലിമെൻറ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് മുമ്പ് ഡോക്ടറുടെ മാർഗനിർദേശം തേടണം. ആവശ്യത്തിലേറെ മഗ്നീഷ്യം ശരീരത്ത് എത്തുന്നത് വയറിളക്കം, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും.
ഏതൊക്കെ ഭക്ഷണത്തിൽനിന്ന് നമുക്ക് മഗ്നീഷ്യം ലഭിക്കും?
മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ, സാൽമൺ മത്സ്യം, ബദാം, നിലക്കടല, ഉണക്കമുന്തിരി, ചെറുപയർ എന്നിവ കഴിച്ചാൽ ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കും. കൂടാതെ പേരക്ക, വാഴപ്പഴം, ഉണങ്ങിയ അത്തിപ്പഴം തുടങ്ങിയ പഴങ്ങളിലും ചീര, സ്വിസ് ചാർഡ് എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളിലും മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.