ഭക്ഷണത്തിന് മുമ്പ് അൽപ്പം ബദാം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുമെന്ന് പഠനം

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പരിപ്പ് അഥവാ നട്ട്സാണ് ബദാം. ഇപ്പോഴിതാ ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നവരിൽ ഗ്ലൂക്കോസിന്റെ നിയന്ത്രണം മെച്ചപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ലെവൽ ബോർഡറിലെത്തിനിൽക്കുന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രാവിലെ തന്നെ വെള്ളത്തിൽ കുതിർത്ത ഒരു പിടി ബദാം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നവരിൽ ആ ദിവസം മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കാൻ ബദാം സഹായിക്കും. കാരണം ബദാം പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ മികച്ച കലവറയാണ്. ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ അനുസരിച്ച് ബദാം ഹൃദയാരോഗ്യം, ദഹനശേഷി, പ്രതിരോധശേഷി, കാഴ്ചശക്തി അങ്ങനെ പല കാര്യങ്ങളും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് പ്രീ ഡയബറ്റിസും അമിതവണ്ണവുമുള്ള ഇന്ത്യക്കാരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് രണ്ട് പുതിയ പഠനങ്ങൾ കണ്ടെത്തി.

മൂന്ന് ദിവസങ്ങളിലായി നടത്തിയ ആദ്യത്തെ പഠനം യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലും മൂന്ന് മാസത്തിനിടെ നടത്തിയ രണ്ടാമത്തെ പഠനം ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിലും പ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിലെ ഫോർട്ടിസ്-സി-ഡിഒസി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡയബറ്റിസ്, മെറ്റബോളിക് ഡിസീസ്, എൻഡോക്രൈനോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 30 മിനിറ്റ് മുമ്പ് 20 ഗ്രാം ബദാം കഴിച്ച 60 ആരോഗ്യമുള്ള മുതിർന്നവരെയാണ് പഠനവിധേയമാക്കിയത്. ബദാം കഴിക്കുന്നവരിൽ മികച്ച ഗ്ലൂക്കോസ് നിയന്ത്രണം ഉണ്ടെന്ന് കണ്ടെത്തി.

“ദിവസവും മൂന്ന് നേരം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് ബദാം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത തടയും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ കഴിയുമെന്ന് പഠനം കാണിക്കുന്നു. ഇത് പ്രീ ഡയബറ്റിസ് മാറ്റാൻ സഹായിക്കും. 23 ശതമാനം ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് എത്തി,” പഠനത്തിന് നേതൃത്വം നൽകിയ ഡോ അനൂപ് മിശ്ര പറഞ്ഞു.

Also Read: ബദാം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ

പ്രീ ഡയബറ്റിസുള്ള 18-നും 60-നും ഇടയിൽ പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്. “60 പേരിലാണ് പഠനം നടത്തിയത്, ഇവർ ബദാം കഴിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയിലുണ്ടാകുന്ന മാറ്റമാണ് ഞങ്ങൾ നിരീക്ഷിച്ചത്. ബദാം, ഗ്ലൂക്കോസ് വ്യതിയാനങ്ങളിലും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണത്തിലും എന്ത് സ്വാധീനം ചെലുത്തുന്നുവെന്നും പഠനവിധേയമാക്കി.”- നാഷണൽ ഡയബറ്റിസ്, ഒബീസിറ്റി, കൊളസ്‌ട്രോൾ ഫൗണ്ടേഷൻ, ന്യൂട്രീഷൻ റിസർച്ച് ഗ്രൂപ്പ് മേധാവിയും പഠനത്തിൽ പങ്കാളിയുമായ ഡോ സീമ ഗുലാത്തി പറഞ്ഞു.

Content Summary: New study suggests eating almonds before meals can keep diabetes in control.