കശുവണ്ടിയുടെ ഇനത്തിൽപ്പെട്ട ആരോഗ്യകരമായ ഒരു പരിപ്പാണ് പിസ്ത എന്നറിയപ്പെടുന്നത്. മധ്യേഷ്യയിലും മിഡിൽഈസ്റ്റിലുമാണ് പിസ്ത ധാരാളമായി ഉൽപാദിപ്പിക്കുന്നത്. പ്രധാനമായും അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ, ഇറാൻ തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളമായി പിസ്ത ഉൽപാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി പിസ്ത കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് ഗുണവും ദോഷവുമുണ്ടെന്നാണ് ന്യൂട്ടീഷ്യൻമാർ പറയുന്നത്.
പിസ്തയുടെ ഗുണങ്ങൾ
ഉപ്പ് ചേർക്കാത്തതും എണ്ണയിൽ വറുക്കാത്തതുമായ പിസ്ത നിയന്ത്രിതമായ അളവിൽ ആഴ്ചയിൽ നാല് തവണ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. പിസ്ത ലിപിഡുകളാൽ സമ്പുഷ്ടമാണ്, കൂടാതെ ഉയർന്ന കലോറി മൂല്യവുമുണ്ട്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിസ്ത കഴിക്കുന്നത് നിയന്ത്രിക്കണം.
ആരോഗ്യകരമായ ജീവിതശൈലിക്ക് ഏറ്റവും സഹായകരമായ ഭക്ഷ്യവസ്തുവാണ് പിസ്ത. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനുമിടയിൽ പിസ്ത കഴിക്കുന്നത് ഗുണകരമാണ്.
അപൂരിത ഫാറ്റി ആസിഡുകളുടെയും പൊട്ടാസ്യത്തിന്റെയും അളവ് പിസ്തയിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ആൻറി ഓക്സിഡൻറുകൾ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധശേഷിക്ക് ഗുണകരമാണ്.
സ്ഥിരമായി ഒരു നിശ്ചിത അളവ് പിസ്ത കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ, ധാതുക്കൾ, അപൂരിത കൊഴുപ്പ് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പിസ്തയിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നും. “നല്ല” ബാക്ടീരിയയെ സഹായിക്കുന്നതിലൂടെ ഈ നാരുകൾ കുടലിൻറെ ആരോഗ്യത്തിനും ഗുണകരമാണ്. പോഷകസമൃദ്ധവും തൃപ്തികരവുമായ ലഘുഭക്ഷണമായതിനാൽ ഭാരം നിയന്ത്രിക്കാൻ പിസ്ത സഹായിക്കും.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പിസ്ത കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും (ഗ്ലൈസെമിക് സൂചിക) അളവ് കുറയ്ക്കുകയും അതുപോലെ രക്തക്കുഴലുകളുടെ വഴക്കവും ടോണും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്.
Also Read: അമിതമായാൽ പൈനാപ്പിളും അപകടകാരി
പിസ്തയുടെ ദോഷഫലം
അസംസ്കൃത പിസ്തയിൽ കൂടുതൽ സോഡിയം ഇല്ലെങ്കിലും (1 കപ്പിൽ ഏകദേശം 1 മില്ലിഗ്രാം ഉണ്ട്), പലപ്പോഴും ഉപ്പിട്ട വറുത്ത പിസ്ത ആരോഗ്യത്തിന് ഗുണകരമല്ല. ഒരു കപ്പ് ഉണങ്ങിയ വറുത്ത പിസ്തയിൽ ഉപ്പ് ചേർക്കുമ്പോൾ 526 മില്ലിഗ്രാം സോഡിയം ഉൾപ്പെടും. അമിതമായ സോഡിയം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങൾക്ക് കാരണമാകും.
ചിലർ പിസ്ത കഴിക്കമ്പോൾ അന്നജത്തോട് മോശം പ്രതികരണം ഉണ്ടാകാൻ ഇടയാക്കും. ഇത് ഓക്കാനം, അടിവയറ്റിൽ വേദന, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാൻ ഇടയാക്കും.
Also Read: ഈന്തപ്പഴം; ആരോഗ്യഗുണങ്ങൾ അറിയാം
പിസ്ത ചിലരിൽ അലർജിക്ക് കാരണമാകുന്നു. പിസ്ത കഴിച്ചയുടൻ മൂക്കിലും തൊണ്ടയിലും കണ്ണിലും ചൊറിച്ചിൽ അനുഭവപ്പെടുകയും മൂക്കൊലിപ്പ് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. ഇത്തരക്കാർ പിസ്ത കഴിക്കുന്നത് ഒഴിവാക്കണം.
പിസ്ത കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടെങ്കിലും, അവയിൽ കലോറി കൂടുതലായതിനാൽ വളരെ നിയന്ത്രിതമായ അളവിൽ വേണം അവ കഴിക്കേണ്ടത്.
Content Summary: Pistachios- Benefits and side effects.