മൾബെറി കഴിച്ചാലുള്ള ആറ് ഗുണങ്ങൾ 

ഏറെ പോഷകഗുണങ്ങളുള്ള ആരോഗ്യപ്രദമായ ഒരു പഴമാണ് മൾബെറി. ഇതിൽ വിവിധതരം വിറ്റാമിനുകളും ധാതുക്കളും ഇരുമ്പും കാൽസ്യവും പൊട്ടാസ്യവുമൊക്കെ അടങ്ങിയിട്ടുണ്ട്. മൾബെറി കഴിക്കുന്നതുകൊണ്ട് മാനസികവും ശാരീരികവുമായ നിരവധി ഗുണങ്ങൾ ലഭിക്കുന്നു. മൾബെറിയുടെ ആറ് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ആന്റിഓക്‌സിഡന്‍റുകൾ

ആന്തോസയാനിനുകൾ, ഫ്ലേവനോയിഡുകൾ, റെസ്‌വെറാട്രോൾ തുടങ്ങിയ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ മൾബെറിയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൾബെറിക്ക് കഴിയും. 

2. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

മൾബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള ആളുകൾക്ക് ഏറെ ഗുണം ചെയ്യും. രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്ന സംയുക്തങ്ങൾ മൾബെറിയിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇത് പ്രമേഹരോഗികൾക്ക് ഉത്തമമാണെന്ന് പറയുന്നത്.

3. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ

വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണ് മൾബെറി. വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ്, അതേസമയം രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ ആവശ്യമാണ്. ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കുന്നതിന് ഇരുമ്പ് അത്യാവശ്യമാണ്, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മൾബെറി ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പിച്ചു പറയാം.

4. ദഹനം മെച്ചപ്പെടുത്തും

മൾബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും മൾബെറിയിൽ അടങ്ങിയിട്ടുണ്ട്.

5. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

ചില പഠനങ്ങൾ മൾബെറിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, നീർക്കെട്ട്, അണുബാധ എന്നിവ ശമിപ്പിക്കാനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും സഹായിക്കും. 

6. ഹൃദയാരോഗ്യത്തിന് ഗുണകരം

മൾബറിയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിശ്ചിത അളവിൽ മൾബെറി സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ സഹായിക്കും.

Content Summary: Six health benefits of eating mulberries